നർസിംഗിന് ഇന്നു ഡി ഡേ
നർസിംഗിന് ഇന്നു ഡി ഡേ
Wednesday, July 27, 2016 11:51 AM IST
ന്യൂഡൽഹി: ഇന്ത്യൻ ഗുസ്തി താരം നർസിംഗ് യാദവിന്റെ റിയോ ഒളിമ്പിക്സിൽ മത്സരിക്കാമോ എന്ന കാര്യം ഇന്നറിയാം. നാഷണൽ ആൻഡി ഡോപിംഗ് ഏജൻസി (നാഡ) യുടെ അച്ചടക്ക സമിതി ഇന്ന് ചേരാനിരിക്കുന്ന യോഗത്തിൽ ഇതേക്കുറിച്ച് തീരുമാനമെടുക്കും. നിലവിലെ സാഹചര്യത്തിൽ കാര്യങ്ങൾ നർസിംഗിന് എതിരാകാനാണ് സാധ്യതകൾ. നാഡയുടെ രണ്ട് പരിശോധനയിലും നർസിംഗ് പരാജയപ്പെട്ടിരുന്നു. തനിക്കെതിരേ ഗൂഢാലോചന നടന്നെന്ന് നർസിംഗ് നാഡയുടെ അച്ചടക്ക സമിതിക്കു മുമ്പാകെ ആരോപിച്ചിരുന്നു. മൂന്നര മണിക്കൂറോളമാണ് വാദം നീണ്ടത്. ഇദ്ദേഹത്തോടെപ്പം അഭിഭാഷകരുമുണ്ടായിരുന്നു.

നാഡ ഇന്നലെ നടത്തിയ ഉത്തേജക മരുന്നു പരിശോധനയിലും നർസിംഗിന്റെ സാമ്പിൾ പോസിറ്റിവായിരുന്നു.

ഇതോടെ നർസിംഗിന്റെ റിയോ സ്വപ്നം പൊലിയുന്ന അവസ്‌ഥയാണ്. തനിക്കുള്ള ഫുഡ് സപ്ലിമെന്റ്സിൽ, ഉത്തേജകമരുന്ന് സായിയിലെ തന്നെ ഒരു കൗമാര ഗുസ്തിതാരം കലർത്തുകയായിരുന്നുവെന്ന് നർസിംഗ് ആരോപിച്ചിരുന്നു. സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ സോനിപത്തിലെ സെന്ററിൽ നർസിംഗിന്റെ മുറിയിൽ കടന്ന കൗമാരക്കാരനെ തിരിച്ചറിഞ്ഞതായി റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് ബ്രിജ് ഭൂഷണും പറഞ്ഞു. ഇയാൾക്കെതിരെ സോനിപത് പോലീസ് സ്റ്റേഷനിൽ നർസിംഗ് പരാതി നൽകി. ഇതേത്തുടർന്ന് പോലീസ് ഡൽഹിയിലെത്തി തെളിവെടുത്തു. 74 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ മത്സരിക്കുന്ന നർസിംഗ് നിരോധിക്കപ്പെട്ട അനബോളിക് സ്റ്റിറോയിഡ്– മെതൻഡിയോൺ ഉപയോഗിച്ചുവെന്ന് പരിശോധനയിൽ തെളിഞ്ഞിരുന്നു. നർസിംഗിനു പകരം പ്രവീൺ റാണ ആയിരിക്കും റിയോയിൽ 74 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ഇറങ്ങുക എന്ന് കഴിഞ്ഞ ദിവസം റസലിംഗ് ഫെഡറേഷൻ പ്രഖ്യാപിച്ചിരുന്നു. നാഷണൽ ആൻഡി ഡോപിംഗ് ഏജൻസി (നാഡ) കമ്മിറ്റിയുടെ മുന്നിൽ ഹാജരാകാൻ താൻ തയാറാണ്. നടന്നത് കൊടുംചതിയായിരുന്നു കുറ്റവാളിയാണ് നിയമത്തിനു മുന്നിൽ വരേണ്ടത്. കാരണം ഇതുവരെ ഉത്തേജകമരുന്ന് പരിശോധനയിൽ താൻ പിടിക്കപ്പെട്ടിട്ടില്ലെന്നും നർസിംഗ് പറഞ്ഞു.

<ആ>കൊടുംചതി

നർസിംഗിന്റെ സായിലെ മുറിയിൽ കടന്ന പതിനേഴു വയസുകാരൻ ഒരു അന്താരാഷ്ര്‌ട ഗുസ്തി താരത്തിന്റെ സഹോദരനാണെന്ന് തെളിഞ്ഞു. ഇയാൾ നർസിംഗിന്റെ മുറിയിൽ കടന്ന് ഫുഡ് സപ്ലിമെന്റ്സിൽ ഉത്തേജകമരുന്ന് ചേർത്തെന്നാണ് ആരോപിക്കപ്പെടുന്നത്. സായി സെന്ററിലെ പാചകക്കാരനും ഒരു ഉദ്യോഗസ്‌ഥനും മുറിയിൽ കടന്നയാളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ഡബ്ല്യുഎഫ്ഐ അറിയിച്ചു. മുറിയിൽ കടന്നെന്ന് അയാൾ സമ്മതിച്ചതായും ഭക്ഷണത്തിൽ മരുന്ന് കലർത്തിയതായും കൗമാരപ്രായക്കാരൻ കുറ്റസമ്മതം നടത്തിയതായും റസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ കൂട്ടിച്ചേർത്തു. ഇയാൾ 65 കിലോഗ്രാം ഗുസ്തിയിൽ ഇന്ത്യയെ ജൂണിയർ തലത്തിൽ പ്രതിനിധീകരിച്ചിട്ടുണ്ട്. സാധാരണയായി ഇയാൾ ഡൽഹി ചറ്റ്റാസൽ സ്റ്റേഡിയത്തിലാണ് പരിശീലനം നടത്തുന്നത്. ഇടയ്ക്ക് നാഷണൽ ക്യാമ്പിൽ പങ്കെടുക്കുന്നതിനായി സോനിപത്തിൽ എത്താറുണ്ട്.


2015 വേൾഡ് ചാമ്പ്യൻഷിപ്പിനിടെയാണ് ജൂണിയർ ഗുസ്തി താരം നർസിംഗിന്റെ മുറിയിൽ കടന്നതായി സംശയിക്കുന്നത്. നർസിംഗ് താമസിക്കുന്ന കെ.ഡി യാദവ് ഹോസ്റ്റലിലെ മുറിയുടെ താക്കോൽ അദ്ദേഹമില്ലാത്തപ്പോൾ ജൂണിയർ താരം ആവശ്യപ്പെട്ടു. മുറിയിൽ കടന്നത് മറ്റുള്ളവർ കണ്ട് കാര്യം തിരക്കിയപ്പോൾ അബദ്ധവശാൽ അവിടെ കയറിപ്പോയതാണെന്ന് ജൂണിയർ താരം പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്.

സായി സെന്റർ പൂർണമായും സിസിടിവി നിരീക്ഷണത്തിലാണ്. എന്നാൽ, കൗമാരതാരം മുറിയിൽ കടന്നതിന്റെ ദൃശ്യങ്ങൾ ലഭ്യമല്ല. കാരണം പത്തു ദിവസത്തിൽ കൂടുതലുള്ള വീഡിയോ സൂക്ഷിക്കാനുള്ള സംവിധാനം സായിക്കില്ല. ഇന്ത്യൻ ടീം ജോർജിയ, ബൾഗേറിയ എന്നിവിടങ്ങളിൽ പരിശീലനത്തിനു പുറപ്പെടും മുമ്പ് ജൂൺ രണ്ടിന് നാഷണൽ ആൻഡി ഡോപിംഗ് ഏജൻസിക്കു മുമ്പാകെ നർസിംഗ് പരിശോധന നടത്തിയിരുന്നു. എന്നാൽ അന്ന് നെഗറ്റീവായിരുന്നു ഫലം.

് തിരിച്ചെത്തിയശേഷം അദ്ദേഹം സായി സെന്ററിൽ പരിശീലനം തുടർന്നു. ജൂലൈ അഞ്ചിന് വീണ്ടും പരിശോധന നടത്തി. എന്നാൽ ഈ പരിശോധനയിൽ നർസിംഗിന്റെ സാമ്പിളിൽ ഉത്തേജകമരുന്ന് ഉണ്ടെന്നു കണ്ടെത്തുകയും ചെയ്തു. ഈ സമയത്താണ് തനിക്കെതിരെയുള്ള ചതി നടന്നതെന്ന് നർസിംഗ് പറയുന്നത്.

<ആ>കുടുക്കി?

ഉത്തേജകമരുന്ന് ഉപയോഗിച്ചെന്ന കാര്യത്തിൽ വഞ്ചന നടന്നിട്ടുണ്ടെന്ന് വിശ്വസിക്കുന്നു. ഞാൻ സോനിപത്തിൽ ഉണ്ടായിരുന്ന സമയത്ത് ആഹാര സാധനങ്ങളിലും വെള്ളത്തിലും അട്ടിമറി നടന്നിട്ടുണ്ടെന്ന് നർസിംഗ് പറഞ്ഞു. പങ്കെടുത്തിട്ടുള്ള എല്ലാ മത്സരങ്ങളിലും, വിദേശത്തായാലും സ്വദേശത്തായാലും കളങ്കരഹിതമായും സുതാര്യവുമായാണ് ഞാൻ ഇറങ്ങിയെന്ന് അഭിമാനത്തോടെ പറയാനാകും. ഇതു തുടരുകതന്നെ ചെയ്യും. എന്നിൽ രാജ്യം അർപ്പിക്കുന്ന പ്രതീക്ഷയും പ്രത്യാശയും എത്രമാത്രമുണ്ടെന്ന് എനിക്കറിയാം. ആ പ്രതീക്ഷകൾ ഒറ്റുകൊടുക്കുന്ന കാര്യം സ്വപ്നത്തിൽപ്പോലും ചിന്തിക്കാനാവില്ല. എന്റെ ഗുസ്തിയെ ഞാൻ ഒറ്റുകൊടുക്കില്ല– നർസിംഗ് പറഞ്ഞു.

ആഹാരസാധനങ്ങളിൽ ഉത്തേജകമരുന്ന് കലർന്നെന്നു തെളിഞ്ഞുകഴിഞ്ഞാൽ പരിശോധന പോസിറ്റിവ് തന്നെയാണെന്ന് കേന്ദ്ര മന്ത്രി വിജയ് ഗോയൽ പറഞ്ഞു.

ഇതിൽ ഗൂഢാലോചന നടന്നിട്ടുണ്ടെങ്കിൽ അത് അന്വേഷിക്കേണ്ടതാണ്. നാഡയ്ക്കു തനിച്ച് ഒന്നും തീരുമാനിക്കാനാവില്ലെന്നും വേൾഡ് ആൻഡി ഡോപിംഗ് ഏജൻസി (വാഡ)യിൽ അഫിലിയേറ്റ് ചെയ്യപ്പെട്ട സംഘടന നാഡയെന്നും അദ്ദേഹം പറഞ്ഞു. പരിശോധനയിൽ പോസിറ്റീവായ ഒരു അത്ലറ്റിനെപ്പോലും റിയോയിലേക്കയയ്ക്കാൻ തങ്ങൾക്കു താത്പര്യമില്ലെന്നും മന്ത്രി പറഞ്ഞു. ഉത്തേജക മരുന്ന് ഉപയോഗത്തിനെതിരെ നാഡ കായികതാരങ്ങൾക്കിടെ ബോധവത്കരിക്കുന്നുണ്ടെന്നും ഇതിനൊപ്പം അവർ ഉത്തേജകമരുന്ന് ഉപയോഗിക്കുകയാണെങ്കിൽ നടപടിയെടുക്കേണ്ടി വരും. നർസിംഗിന്റെ കാര്യത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടെങ്കിൽ അത് അന്വേഷിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.