കരളുറപ്പിന്റെ പെൺ കുതിപ്പ്
കരളുറപ്പിന്റെ പെൺ കുതിപ്പ്
Wednesday, July 27, 2016 11:51 AM IST
<ആ>സന്ദീപ് സലിം

നെയ്ത്തുകാരായ അച്ഛന്റെയും അമ്മയുടെയും മകളായി ജനിച്ച ദ്യുതി ചന്ദ് എന്ന ഒഡീഷക്കാരി 130 കോടി ജനങ്ങളുടെ ഒളിമ്പിക് പ്രതീക്ഷയാവുന്നു. ഇന്ത്യയുടെ സുവർണ റാണി പി. ടി. ഉഷയ്ക്കു കഴിയാതെ പോയത് ദ്യുതിക്ക് കഴിയുമെന്ന് രാജ്യം സ്വപ്നം കാണുന്നു. ഒഡീഷയിലെ ജാജ്പുർ ജില്ലയിലെ ഗോപാൽപുർ ഗ്രാമത്തിലെ ചക്രധാർ ചന്ദിന്റെയും അകോജി ചന്ദിന്റെയും മകളാണ് ദ്യുതി. ട്രാക്കിൽ പെൺകരുത്തിന്റെ പ്രതീകമായി പറന്നു നടന്ന പെൺകുട്ടിയുടെ അത്ലറ്റിക് കരിയറിൽ കരിനിഴൽ വീണത് പെട്ടെന്നായിരുന്നു. അവളെ ചിലർ ആണാക്കി. അവളുടെ നേട്ടങ്ങളിൽ അസ്വസ്‌ഥരായവർ അവൾക്കെതിരേ പരാതികളുടെ മതിലുയർത്തി ട്രാക്കിൽനിന്ന് പുറന്തള്ളാൻ ശ്രമിച്ചു. അളവിൽ കൂടുതൽ പുരുഷ ഹോർമോണുണ്ടെന്ന പേരിൽ 2014ൽ ട്രാക്കിൽ നിന്ന് പുറത്തുപോകേണ്ടി വന്നെങ്കിലും ദ്യുതി ചന്ദിന് വിലക്ക് നീങ്ങിക്കിട്ടാൻ കായിക തർക്കപരിഹാര കോടതി വരെ പൊരുതേണ്ടി വന്നു. പക്ഷേ, അവളുടെ പ്രതിഭയെ ഇല്ലാതാക്കാൻ ആരോപണങ്ങൾക്കൊന്നും കഴിഞ്ഞില്ല. കായിക കോടതിയുടെ അനുകൂല ഉത്തരവ് വെറുതെ ആയില്ല. കുറ്റപ്പെടുത്തിയവരെയും കൂടെനിന്നവരെയും അദ്ഭുതപ്പെടുത്തിക്കൊണ്ട് അവൾ 100 മീറ്ററിൽ ഒളിമ്പിക്സ് യോഗ്യത നേടി. 1980 മോസ്കോ ഒളിമ്പിക്സിൽ പി. ടി. ഉഷ മത്സരിച്ചശേഷം 100 മീറ്ററിന് യോഗ്യത നേടാൻ ഒരിന്ത്യൻ താരത്തിനും കഴിഞ്ഞിരുന്നില്ല. മൂന്നര പതിറ്റാണ്ടിനു ശേഷം ഒരു ഇന്ത്യൻ താരം വീണ്ടും ഗ്ലാമർ ഇനമായ 100 മീറ്ററിൽ ഇന്ത്യൻ ജഴ്സി അണിയുന്നു. ദ്യുതി ചന്ദിന്റെ പ്രകടനത്തിൽ രാജ്യത്തിന്റെ അഭിമാനവും വാനോളമുയരുന്നു.

ഒഡീഷയിലെ ബ്രാഹ്മിണി നദിയുടെ തീരമായിരുന്നു ദ്യുതിയെന്ന പെൺകുട്ടിയുടെ ആദ്യ ട്രാക്ക്. അവിടെയാണവൾ ഓടാൻ പഠിച്ചത്. പിന്നീട്, ആ ഓട്ടം സ്കൂൾ മീറ്റുകളിലെത്തിയപ്പോൾ അവളുടെ അധ്യാപകരും വീട്ടുകാരും കൊച്ചു ദ്യുതിയുടെ പ്രതിഭ തിരിച്ചറിഞ്ഞു. പിന്നെ, മിന്നുന്ന താരമായി അവൾ വളർന്നത് പെട്ടെന്നായിരുന്നു. ചെറുപ്രായത്തിൽ തന്നെ അവൾ രാജ്യാന്തര താരമായി വളർന്നു.

അഞ്ചു പെൺമക്കളടങ്ങുന്ന കുടുംബത്തിലായിരുന്നു ദ്യുതിയുടെ ജനനം. നെയ്ത്തിൽനിന്ന് അച്ഛനും അമ്മയ്ക്കും കിട്ടുന്ന തുച്ഛമായ വരുമാനം കുടുംബം പുലർത്താൻ തികയാതെ വരുന്നത് അവൾ തിരിച്ചറിഞ്ഞു. മികച്ച കായികതാരമാകുന്നതിലൂടെ തന്റെ വരുമാനം കു ടും ബത്തിനു താങ്ങും തണലുമാകുമെന്ന് അവൾ മനസിലാക്കി.

മികച്ച പ്രകടനങ്ങൾ നടത്താൻ തന്നെ പ്രേരിപ്പിച്ചത് ഈ ചിന്തയായിരുന്നുവെന്ന് പിന്നീട് അവൾ പറഞ്ഞു. ദ്യുതിയുടെ ചേച്ചി സരസ്വതിയും അറിയപ്പെടുന്ന കായികതാരമാണ്. കടുത്ത യാഥാസ്‌ഥിതിക ചിന്തകൾ പുലർത്തിയിരുന്ന ഗ്രാമത്തിലെ ജനങ്ങൾക്ക് പെൺകുട്ടികൾ കായികതാരമാകുന്നത് അത്രയ്ക്കു സുഖിച്ചില്ല. അവർ ദ്യുതിയോട് ഇടയ്ക്ക് ചോദിച്ചിരുന്ന ചോദ്യം ഇതായിരുന്നു. ഇങ്ങനെ ഓടിനടന്നാൽ നിന്നെ കെട്ടാൻ ആരു വരും പെണ്ണെ എന്നായിരുന്നു. പക്ഷേ, ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ കായികരംഗത്ത് വളരുകയല്ലാതെ മറ്റു മാർഗമില്ലാത്ത പെൺകുട്ടി ഈ ചോദ്യത്തെ പുച്ഛിച്ചു തള്ളി.


പിന്നീടാണ് അവൾക്കെതിരേ പുരുഷനാണെന്ന ആരോപണമുയരുന്നത്. ഗ്രാമവാസികൾക്ക് പറഞ്ഞു രസിക്കാനും കുത്തിനോവിക്കാനും പുതിയ വിഷയം കിട്ടി. അവഹേളനങ്ങൾ ഏറെ നേരിടേണ്ടി വന്നു ദ്യുതിക്കും കുടുംബത്തിനും. ഒരു ഘട്ടത്തിൽ ജനിച്ചുവളർന്ന ഗ്രാമം വിട്ട് പലായനം ചെയ്യുന്നതിനെക്കുറിച്ചു പോലും ദ്യുതിയും കുടുംബവും ചിന്തിച്ചു. എന്നാൽ, അങ്ങനെ ഒളിച്ചോടുന്നതിൽ കാര്യമില്ലെന്ന് അവൾക്കു തോന്നി. കായിക താരമായ ചേച്ചി സരസ്വതിയുടെ നിലപാടും അതുതന്നെയായിരുന്നു. പക്ഷേ, നൊന്തുപെറ്റ മകളെ ജന്മനാടൊന്നാകെ ആണെന്ന് വിളിച്ച് ആക്ഷേപിച്ചപ്പോൾ അമ്മ അകോജി സങ്കടം താങ്ങാനാവാതെ തളർന്നു പോയി. ഇന്നലെവരെ കൈയടിച്ചു പ്രോത്സാഹിപ്പിച്ചവർപോലും ആരോപണ ശരങ്ങൾ തൊടുത്തപ്പോൾ ഒരു ഘട്ടത്തിൽ മാനസിക നിലപോലും തകരാറിലാവുമെന്നു കരുതിയിരുന്നതായി ദ്യുതി പിന്നീട് പറഞ്ഞു. 2014 കോമൺവെൽത്ത് ഗെയിംസിനു തൊട്ടു മുമ്പാണ് ദ്യുതി ഹോർമോൺ ടെസ്റ്റിൽ പരാജയപ്പെടുന്നത്. ദ്യുതിയുടെ ശരീരത്തിൽ പുരുഷഹോർമോണായ ടെസ്റ്റോസ്റ്റിറോണിന്റെ അളവു കൂടുതലാണെന്നു പറഞ്ഞായിരുന്നു വിലക്ക്. എന്നിട്ടും തളരാതെ ദ്യുതി ട്രാക്കിലേക്ക് തിരിച്ചെത്തി.

കേരളത്തിൽ നടന്ന ദേശീയ ഗെയിംസിൽ 100, 200 മീറ്ററുകളിൽ ഇരട്ടസ്വർണവുമായാണ് തന്നെ അപമാനിച്ചവർക്ക് അവൾ മറുപടി നൽകിയത്. പിന്നീട്, കഴിഞ്ഞ ഏപ്രിലിൽ ഡൽഹിയിൽ നടന്ന ഫെഡറേഷൻ കപ്പിൽ സെക്കൻഡിന്റെ നൂറിൽ ഒരംശത്തിന് ദ്യുതിക്ക് ഒളിമ്പിക് യോഗ്യത നഷ്‌ടപ്പെട്ടു. പക്ഷേ, അന്ന് അവൾ 16 വർഷമായി തകരാതെയിരുന്ന ദേശീയ റിക്കാർഡ് തകർത്തിരുന്നു. പക്ഷേ, തായ്വാനിൽ നടന്ന അത്ലറ്റിക് മീറ്റിൽ അത് 11.50 സെക്കൻഡായി.

പിന്നീട്, ദ്യുതിക്ക് യോഗ്യത നേടാൻ അവസരമുണ്ടായിരുന്നത് കസാക്കിസ്‌ഥാനിലെ അൽമാട്ടിയിൽ നടന്ന ജി. കൊസനോവ് രാജ്യാന്തര മീറ്റിലായിരുന്നു. അവിടെ ദ്യുതി 11.32 എന്ന ഒളിമ്പിക്സ് യോഗ്യതമാർക്ക് കടക്കുമോയെന്നതായിരുന്നു രാജ്യം ഉറ്റുനോക്കിയിരുന്നത്. ഒളിമ്പിക്സ് യോഗ്യത നേടുമെന്ന് അന്ന് വിശ്വസിച്ചവർ നന്നേ കുറവ്. അന്ന് ദ്യുതി ഫിനിഷിംഗ് ലൈൻ കടന്നത് 11.24 സെക്കൻഡിന്. സ്വപ്ന നേട്ടം ഒപ്പം മാസങ്ങളുടെ ഇടവേളയിൽ ദേശീയ റിക്കാർഡ് രണ്ടാം തവണ തിരുത്തുകയെന്ന അപൂർവ നേട്ടവും. അന്ന് വെള്ളിമെഡലാണ് ദ്യുതിക്ക് നേടാനായത്.

കായികതാരമെന്ന നിലയിൽ മാത്രമല്ല, പെൺകുട്ടിയെന്ന നിലയിലും ഇതുവരെ ആരും നടന്നിട്ടില്ലാത്ത വഴികളിലൂടെയാണ് അവൾ നടന്നത്. ഫ്രേസറും ഗാർഡനറും തോംസണും അടക്കിവാഴുന്ന റിയോ ഒളിമ്പിക്സിൽ ദ്യുതി ചന്ദ് സെമിയിലെത്തിയാലും ഇല്ലെങ്കിലും ഒന്നുറപ്പ്. കരളുറപ്പിന്റെ പെൺകരുത്തായി അവൾ ചരിത്രത്തിൽ ഇടംപിടിക്കും.

<ആ>ദ്യുതി ചന്ദ്

ജനനം: 1996 ഫെബ്രുവരി 3 ജന്മസ്‌ഥലം: ഗോപാൽപുർ, ഒഡീഷ

മികച്ച പ്രകടനം: 100 മീറ്ററിൽ ദേശീയ റിക്കാർഡ് (11.24)

ഏഷ്യൻ ഗെയിസ്: 200

മീറ്ററിൽ വെങ്കലം, 2013, പൂന
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.