സംശയിക്കേണ്ട; ബോൾട്ട് വരും: ഇടിമുഴക്കമായി
സംശയിക്കേണ്ട; ബോൾട്ട് വരും: ഇടിമുഴക്കമായി
Saturday, July 23, 2016 12:14 PM IST
ലണ്ടൻ: സംശയം ഒട്ടും വേണ്ട. ഉസൈൻ ബോൾട്ട് പൂർണസജ്‌ജനായിക്കഴിഞ്ഞു, ഒളിമ്പിക്സിനായി. തന്റെ പരിക്കിൽ സംശയിച്ചവരുടെ ആശങ്കയകറ്റി ലോകത്തെ ഏറ്റവും വേഗമേറിയ ഓട്ടക്കാരൻ ജമൈക്കയുടെ ഉസൈൻ ബോൾട്ട് ലണ്ടൻ ആനിവേഴ്സറി മീറ്റിൽ 200 മീറ്ററിൽ ഒന്നാമതെത്തി. ലണ്ടനിലെ ഒളിമ്പിക് സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ 40000 ആരാധകരെ സാക്ഷിനിർത്തി എതിരാളികളെ വളരെ പിന്നിലാക്കി ബോൾട്ട് സ്വർണത്തിലേക്കു കുതിച്ചു. 19.89 സെക്കൻഡ് എന്ന മികച്ച സമയത്തിലാണ് ബോൾട്ട് ഓട്ടം പൂർത്തിയാക്കിയത്. പിൻതുടയിലെ ഞരമ്പിനു പരിക്കേറ്റതിനേത്തുടർന്ന് ജമൈക്കൻ ഒളിമ്പിക് ട്രയൽസിൽനിന്ന് ബോൾട്ട് പിന്മാറിയിരുന്നു. ഇതേത്തുടർന്ന് ബോൾട്ടിന്റെ ഒളിമ്പിക് പങ്കാളിത്തം സംബന്ധിച്ച് സംശയമുയർന്നു. അത്ലറ്റിക് ഫെഡറേഷൻ നടത്തുന്ന ട്രയൽസിൽ പങ്കെടുക്കാതെ ഒളിമ്പിക്സിൽ പങ്കെടുക്കാനാവില്ലെന്നാണ് ജമൈക്കയിലെ നിയമം. എന്നാൽ, ബോൾട്ടിന്റെ പരിക്ക് മനസിലായ അവർ വിശ്രമത്തിനും ചികിത്സയ്ക്കും സമയം നൽകുകയായിരുന്നു. ഒളിമ്പിക്സിനുള്ള ടീമിലും ബോൾട്ട് ഇടംപിടിച്ചിരുന്നു.

ആനിവേഴ്സറി മീറ്റിൽ മികച്ച പ്രകടനം നടത്താനായതിൽ സന്തോഷമുണ്ടെന്നും താൻ പൂർണ ഫിറ്റാണെന്നും ഇരുപത്തിയൊമ്പതുകാരനായ ബോൾട്ട് വ്യക്‌തമാക്കി. മത്സരത്തിൽ ഒരിക്കൽപ്പോലും ബോൾട്ട് പരിക്കിന്റെ ലക്ഷണങ്ങൾ കാണിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ഫിറ്റ്നെസിൽ സംശയിക്കേണ്ടെന്ന സൂചനയാണ് ലഭിക്കുന്നത്. പാനമയുടെ അലോൺസോ എഡ്വേർഡ് (20.04 സെക്കൻഡ്) രണ്ടാമതും ബ്രിട്ടന്റെ ആഡം ജെമിലി (20.07 സെക്കൻഡ്) മൂന്നാമതുമെത്തി.


ലണ്ടനിലെ ഒളിമ്പിക് സ്റ്റേഡിയത്തിൽ ഒരു മത്സരത്തിലും പിന്നോട്ടുപോയിട്ടില്ല എന്ന റിക്കാർഡ് ബോൾട്ട് തുടർന്നു:

“തയാറെടുപ്പുകൾക്ക് അധികം സമയം ലഭിച്ചില്ല. അതേസമയം, കിട്ടിയ സമയത്ത് കൂടുതൽ പരിശീലിച്ചു. എന്നാൽ, മുഖ്യമായത് ഞാൻ പൂർണ ആരോഗ്യവാനാണ് എന്നതാണ്. എന്റെ ഒളിമ്പിക് മെഡൽ നിലനിർത്താൻ തയാറായിക്കഴിഞ്ഞു’’. ഈ സീസണിൽ ആദ്യമായാണ് ബോൾട്ട് 200 മീറ്ററിൽ മത്സരിക്കുന്നത്. സീസണിലെ മികച്ച പ്രകടനം അമേരിക്കയുടെ ലാഷോൺ മെരിറ്റിന്റേതാണ്, സമയം 17.74 സെക്കൻഡ്. ബോൾട്ടിന്റെ ലോകറിക്കാർഡ് സമയം 19.19 (2009) സെക്കാൻഡാണ്.

ബോൾട്ടിന്റെ തിരിച്ചുവരവുകൊണ്ട് ശ്രദ്ധേയമായ മീറ്റിൽ ചരിത്രം സൃഷ്‌ടിച്ചതാരം അമേരിക്കയുടെ കെനി ഹാരിസൺ ആയിരുന്നു. വനിതകളുടെ 100 മീറ്റർ ഹർഡിൽസിൽ 28 വർഷം പഴക്കമുള്ള റിക്കാർഡ് തിരുത്തിക്കുറിച്ചാണ് കെനി മിന്നും പ്രകടനം നടത്തിയത്. 12.20 സെക്കൻഡിൽ ഓടിയെത്തിയ കെനി, ബൾഗേറിയയുടെ യോർഡാൻക ഡോൻകോവ 1988ൽ നേടിയ 12.21 സെക്കൻഡാണ് പഴങ്കഥയാക്കിയത്. എന്നാൽ, കെനി അമേരിക്കയുടെ ഒളിമ്പിക് ടീമിലില്ല എന്നതാണ് ഞെട്ടിക്കുന്ന കാര്യം. ഒളിമ്പിക് ടീമിൽ തന്നെ തെരഞ്ഞെടുക്കാത്തതിൽ നിരാശയുണ്ടെന്ന് കെനി പറഞ്ഞു. വളരെ വികാരത്തോടെയാണ് അവർ പ്രതികരിച്ചത്. യുഎസ് ട്രയൽസിൽ ആറാം സ്‌ഥാനത്തായിപ്പോയതാണ് കെനിക്കു തിരിച്ചടിയായത്. 2012 ലണ്ടൻ ഒളിമ്പിക്സിലെ ഹെപ്റ്റാത്തലൺ ചാമ്പ്യൻ ബ്രിട്ടന്റെ എന്നിസ് ഹിൽ മികച്ച പ്രകടനത്തോടെ പ്രതീക്ഷ നിലനിർത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.