ടി.പി. ദാസൻ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്
ടി.പി. ദാസൻ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്
Saturday, July 23, 2016 12:13 PM IST
തിരുവനന്തപുരം: ടി.പി. ദാസൻ സംസ്‌ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റായി ചുമതലയേറ്റു. ഇന്നലെ രാവിലെയാണ് ഇദ്ദേഹത്തെ നിയമിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങിയത്. തുടർന്ന് , വൈകുന്നേരം അഞ്ചോടെ കൗൺസിൽ ആസ്‌ഥാനത്തെത്തി അദ്ദേഹം ചുമതലയേറ്റെടുക്കുകയായിരുന്നു.

ടി.പി. ദാസനെ കൂടാതെ വൈസ് പ്രസിഡന്റായി നാമനിർദേശം ചെയ്യപ്പെട്ട ഒളിമ്പ്യൻ മേഴ്സിക്കുട്ടനും ഇന്നലെ ചുമതലയേറ്റെടുത്തു. ഭരണസമിതി അംഗങ്ങളായി കെ.സി. ലേഖ (ബോക്സിംഗ്), ജോർജ് തോമസ് (ബാഡ്മിന്റൺ), എസ്.രാജീവ് (നീന്തൽ), എം.ആർ. രഞ്ജിത് (അമ്പെയ്ത്ത്), ഡി. വിജയകുമാർ (കനോയിംഗ്), ഒ.കെ. വിനീഷ് (പഞ്ചഗുസ്തി), ഡോ.ടി.ഐ. മനോജ് എന്നിവരെയും സർക്കാർ നാമനിർദേശം ചെയ്തിട്ടുണ്ട്. ഇവർ തുടർന്നുള്ള ദിവസങ്ങളിൽ ചുമതലയേൽക്കും.


ഇടതുമുന്നണി അധികാരത്തിൽ എത്തിയശേഷം സ്പോർട്സ് കൗൺസിൽ പ്രസിഡന്റായിരുന്നു അഞ്ജു ബോബി ജോർജും കായിക മന്ത്രി ഇ.പി. ജയരാജനും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടായതിനെത്തുടർന്ന്, അഞ്ജു സ്പോർട്സ് കൗൺസിൽ പ്രസഡന്റ് സ്‌ഥാനം രാജിവച്ചിരുന്നു. തുടർന്നാണ് കഴിഞ്ഞ എൽഡിഎഫ് ഭരണകാലത്തു സ്പോർട്സ് കൗൺസിൽ പ്രസിഡന്റായിരുന്നു ടി.പി. ദാസൻ വീണ്ടും ഈ സ്‌ഥാനത്തേക്ക് എത്തുന്നത്. അതേസമയം, ടി.പി. ദാസൻ ഉൾപ്പെടെയുള്ള ഭരണസമിതി അഴിമതി നടത്തിയെന്നാരോപിച്ച് അഞ്ജു ബോബി ജോർജ് വിജിലൻസിനു നൽകിയ പരാതിയിൽ അന്വേഷണം നടന്നുവരുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.