പാക് തകർച്ച, ജോ റൂട്ടിനു ഡബിൾ
പാക് തകർച്ച, ജോ റൂട്ടിനു ഡബിൾ
Saturday, July 23, 2016 12:12 PM IST
മാഞ്ചസ്റ്റർ: ജോ റൂട്ടിന്റെ ഇരട്ടസെഞ്ചുറി മികവിൽ പാക്കിസ്‌ഥാനെതിരെയുള്ള രണ്ടാം ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സ് എട്ട് വിക്കറ്റ് നഷ്‌ടത്തിൽ 589 റൺസിനു ഡിക്ലയർ ചെയ്തു. മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്‌ഥാൻ തകർന്നു. രണ്ടാം ദിനം കളിനിർത്തുമ്പോൾ പാക്കിസ്‌ഥാൻ നാലിന് 57 എന്ന നിലയിലാണ്. നേരത്തെ റൂട്ട് 254 റൺസ് നേടി പുറത്തായി. തലേന്നത്തെ സ്കോറായ 314 റൺസിൽ രണ്ടാം ദിനം തുടങ്ങിയ ഇംഗ്ലണ്ടിനായി റൂട്ട് കളം അടക്കി വാണതോടെ പാക്കിസ്‌ഥാന് കളിയിൽ പിടിമുറുക്കാമെന്ന മോഹം പൊലിഞ്ഞു. ക്രിസ് വോക്സ്– ജോ റൂട്ട് അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് പാക് ബൗളർമാർക്കുമേൽ ആധിപത്യം പുലർത്തി. ഈ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിൽ 103 റൺസാണ് പിറന്നത്. ഇംഗ്ലണ്ട് സ്കോർ നാനൂറിനപ്പുറമെത്തിച്ചശേമാണ് വോക്സ് (58) പുറത്തായി. യാസിർ ഷാ സ്വന്തം പന്തിൽ പിടിച്ചു പുറത്താക്കുകയായിരുന്നു. വോക്സിനു പിന്നാലെയെത്തിയ ബെൻ സ്റ്റോക്സ് (34) റൂട്ടിനു മികച്ച പിന്തുണ നൽകിയതോടെ ഈ കൂട്ടുകെട്ട് 57 റൺസെടുത്തു. റൂട്ടും ജോണി ബെയർസ്റ്റോയും ചേർന്ന് ഏഴാം വിക്കറ്റ് കൂട്ടുകെട്ടിൽ തീർത്ത 106 റൺസ് ഇംഗ്ലണ്ടിനെ വൻ സ്കോറിലെത്തിച്ചു. ഇംഗ്ലണ്ട് സ്കോർ 577 റൺസെത്തിയശേഷമാണ് റൂട്ട് പുറത്താകുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.