കോഹ്ലിക്ക് ഇരട്ടസെഞ്ചുറി; ഇന്ത്യ വൻ സ്കോറിലേക്ക്
കോഹ്ലിക്ക് ഇരട്ടസെഞ്ചുറി; ഇന്ത്യ വൻ സ്കോറിലേക്ക്
Friday, July 22, 2016 11:51 AM IST
ആന്റിഗ്വ: കന്നി ഇരട്ട സെഞ്ചുറിയുമായി ഇന്ത്യൻ നായകൻ വിരാട് കോഹ്ലി കളം നിറഞ്ഞപ്പോൾ വിൻഡീസിനെതിരേ ഇന്ത്യ ശക്‌തമായ നിലയിൽ. 281 പന്തു നേരിട്ടാണ് കോഹ്ലി ഇരട്ടസെഞ്ചുറി തികച്ചത്. 24 ബൗണ്ടറികൾ കോഹ്ലിയുടെ ഇന്നിംഗ്സിനു ചാരുത പകർന്നു. രണ്ടാം ദിനം ഒടുവിൽ ലഭിക്കുന്ന വിവരമനുസരിച്ച് ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്‌ടത്തിൽ 472 റൺസ് എടുത്തിട്ടുണ്ട്. 200 റൺസെടുത്ത കോഹ്ലിയെ ഷനോൻ ഗബ്രിയേൽ ക്ലീൻബൗൾഡാക്കി. നായകനു പിന്നാലെയെത്തിയ വൃദ്ധിമൻ സാഹ (38)യും 93 റൺസുമായി രവിചന്ദ്രൻ അശ്വിനും ക്രീസിലുണ്ട്. വിദേശമണ്ണിൽ ഇരട്ട സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റനാണ് കോഹ്ലി.

നാലു വിക്കറ്റ് നഷ്‌ടത്തിൽ 302 റൺസ് എന്ന നിലയിൽ രണ്ടാം ദിവസം കളിതുടങ്ങിയ ഇന്ത്യയെ കോഹ്ലി–അശ്വിൻ സഖ്യം കൈപിടിച്ചുയർത്തി. വ്യക്‌തിഗത സ്കോർ 150 കടന്നതോടെ ഇന്ത്യൻ നായകൻ കൂടുതൽ ആക്രമോത്സുകത കാണിച്ചു. ജാസൺ ഹോൾഡറിനെ ബൗണ്ടറിയടിച്ചു കൊണ്ടാണ് കോഹ്ലി 150ൽ എത്തിയത്. ഹോൾഡറിന്റെ അടുത്ത ഓവറിലും രണ്ടു തവണ പന്ത് അതിർത്തിവര കടന്നു ഇത്തവണ അശ്വിന്റെ വകയായിരുന്നു. വ്യക്‌തിഗത സ്കോർ 43ൽ നിൽക്കുമ്പോൾ ഷാനോൻ ഗബ്രിയേലിന്റെ പന്തിൽ അശ്വിൻ നല്കിയ അവസരം ഷെയ്ൻ ഡൗറിച്ച് വിട്ടുകളഞ്ഞത് വിൻഡീസിന് തിരിച്ചടിയായി.


ഒരു വശത്ത് ഷാനോൻ ഗബ്രിയേൽ മികച്ച രീതിയിൽ പന്തെറിഞ്ഞെങ്കിലും മറുവശത്ത് ജാസൺ ഹോൾഡർ യഥേഷ്‌ടം അടിവാങ്ങി. കാർലോസ് ബ്രാത്വെയ്റ്റ് ബാറ്റ്സ്മാന്മാരെ വിറപ്പിക്കുന്ന രീതിയിൽ പന്തെറിഞ്ഞെങ്കിലും വിക്കറ്റ് നേടാനായില്ല.

105–ാം ഓവറിൽ ദേവേന്ദ്ര ബിഷുവിനെതിരേ കവറിൽക്കൂടി നേടിയ ബൗണ്ടറിയിലൂടെയായിരുന്നു കോഹ്ലി ഇതുവരെയുണ്ടായിരന്ന തന്റെ ഉയർന്ന സ്കോറായ 169 റൺസ് മറികടന്നത്. ഒടുവിൽ അരങ്ങേറ്റക്കാരൻ റോസ്റ്റൺ ചേസിന്റെ പന്തിൽ സിംഗിൾ എടുത്ത് ഇരട്ട സെഞ്ചുറി തികച്ചപ്പോഴേക്കും ചരിത്രം വഴിമാറിയിരുന്നു. കോഹ്ലി സെഞ്ചുറി തികച്ചപ്പോൾ സ്റ്റേഡിയം ഒന്നടങ്കം കരഘോഷം മുഴങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.