ലോഗോയും വെബ്സൈറ്റുമായി; എഫ്സി കേരള’കളത്തിലേക്ക്
ലോഗോയും വെബ്സൈറ്റുമായി; എഫ്സി കേരള’കളത്തിലേക്ക്
Friday, July 22, 2016 11:51 AM IST
കോഴിക്കോട്: മികച്ച പ്രഫഷണൽ ടീമിനെ വാർത്തെടുക്കുക എന്ന ലക്ഷ്യവുമായി 2014ൽ രൂപീകരിച്ച എഫ്സി കേരള ഫുട്ബോൾ ക്ലബ്ബിനു സ്വന്തം ലോഗോയും വെബ്സൈറ്റുമായി. കോഴിക്കോട് സീക്വീൻസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മേയർ തോട്ടത്തിൽ രവീന്ദ്രൻ എഫ്സിയുടെ ലോഗോ പ്രകാശനം ചെയ്തു. വെബ്സൈറ്റിന്റെ ഉദ്ഘാടനം മുൻ ഇന്ത്യൻ താരം ഐ.എം. വിജയൻ നിർവഹിച്ചു.

ക്ലബ്ബിന്റെ വിശദാംശങ്ങളടങ്ങുന്ന ബ്രോഷർ, സന്തോഷ് ട്രോഫി കേരള ടീം ക്യാപ്റ്റൻ ഷിബിൻലാലിനു നൽകി മുൻ കാലിക്കട്ട് വാഴ്സിറ്റി ഫുട്ബോൾ ടീം ക്യാപ്റ്റൻ സുമൻ കാവിൽ പ്രകാശനം ചെയ്തു. രണ്ടു വർഷം മുൻപ് തൃശൂർ ജില്ലാ ഫുട്ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ രൂപംകൊണ്ട എഫ്സി കേരളയെ പൊതുജന പങ്കാളിത്തത്തോടെ മികച്ച ഫുട്ബോൾ ക്ലബ്ബാക്കി മാറ്റിയെടുക്കുമെന്നു സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

വിദേശ മലയാളികളടക്കം 13 പ്രമോട്ടർമാർ പുതിയ ദൗത്യത്തിനു പിന്നിലുണ്ട്. ക്ലബിന് ഭൂമി, കെട്ടിടം, ക്ലബ് ഹൗസ് തുടങ്ങി അടിസ്‌ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനായി ആവിഷ്ക്കരിച്ച പദ്ധതിയിൽ ചേരാൻ 1,600ഓളം പേർ നിലവിൽ സന്നദ്ധത അറിയിച്ചതായി സംഘാടകർ പറഞ്ഞു. ഫുട്ബോളിനെ പ്രണയിക്കുന്നവരിൽനിന്നു പലിശരഹിത നിക്ഷേപമായി 25,000 രൂപ വീതം സമാഹരിക്കും. തുടർന്നു വർഷാവർഷം 2,500 രൂപ തോതിൽ വരിസംഖ്യ നൽകണം. വരിസംഖ്യ ഉപയോഗിച്ചു ക്ലബിന്റെ ദൈനംദിന ചെലവുകൾ നടത്തും. നിക്ഷേപ തുകയിൽനിന്നു ക്ലബിനുള്ള ആസ്തികൾ വാങ്ങും. ഏതെങ്കിലും കാരണത്താൽ ക്ലബ് പിരിച്ചുവിടേണ്ടി വന്നാൽ സ്‌ഥിരനിക്ഷേപ തുക മടക്കി നൽകും. കമ്പനിയിൽ എല്ലാ അംഗങ്ങൾക്കും ഓഹരി ഉണ്ടായിരിക്കും. അംഗമാകുന്ന ഒരാളെക്കൊണ്ട് മറ്റൊരു അംഗത്തെ കണ്ടെത്തും. ഈ വിധം രണ്ട് വർഷംകൊണ്ട് ലക്ഷംപേരെ അംഗങ്ങളാക്കി 250 കോടി രൂപ സമാഹരിക്കാനാണു കമ്പനി ലക്ഷ്യമിടുന്നത്.


കേരളത്തിൽ ജോലിയില്ലാതെ നിൽക്കുന്ന മികച്ച കളിക്കാരെ കണ്ടെത്തി ടീമുകൾ സജ്‌ജമാക്കും. അടുത്ത രണ്ട് വർഷത്തിനകം രണ്ടാം ഡിവിഷൻ ലീഗിലും നാല് വർഷത്തിനകം ഐ ലീഗിലും ആറ് വർഷത്തിനുള്ളിൽ ഐഎസ്എലിലും കടന്നു കയറുക മറ്റൊരു ലക്ഷ്യമാണ്. എഫ്സി കേരളയെ ഭാവിയിൽ ഫുട്ബോളിന്റെ അന്തർദേശീയ അക്കാഡമിയായി ഉയർത്തുമെന്നും സംഘാടകർ പറഞ്ഞു.

ഐ.എം. വിജയൻ, കേരള ഫുട്ബോൾ അസോസിയേഷൻ വൈസ് പ്രസിഡന്റും പ്രമോട്ടറുമായ കെ.പി. സണ്ണി, മറ്റു പ്രമോട്ടർമാരായ പത്മശ്രീ ടി.എ.സുന്ദർമേനോൻ, മംഗള സുരേന്ദ്രൻ, ഡേവിഡ് മൂക്കൻ, ടി.സി.ജോൺസൺ, സെക്രട്ടറി ടി.എം.രാമചന്ദ്രൻ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.