ഹോക്കി ഇതിഹാസം മുഹമ്മദ് ഷഹീദ് അന്തരിച്ചു
ഹോക്കി ഇതിഹാസം മുഹമ്മദ് ഷഹീദ് അന്തരിച്ചു
Wednesday, July 20, 2016 11:14 AM IST
ന്യൂഡൽഹി: ഇന്ത്യൻ ഹോക്കിയുടെ ഇതിഹാസതാരങ്ങളിൽ ഒരാളായ മുഹമ്മദ് ഷഹീദ്(56) അന്തരിച്ചു. 1980ലെ മോസ്കോയിൽ നടന്ന ഒളിമ്പിക്സിൽ ഇന്ത്യയുടെ സ്വർണം നേടിയ ഹോക്കി ടീമിൽ അംഗമായിരുന്നു ഷഹീദ്. മോസ്കോയിലാണ് ഇന്ത്യ ഒളിമ്പിക്സിൽ അവസാനമായി സ്വർണം നേടുന്നതും. ഗുഡ്ഗാവിലെ ആശുപത്രിയിലായിരുന്നു ഇന്ത്യയുടെ മുൻ മുന്നേറ്റനിരതാരത്തിന്റെ അന്ത്യം. ഷഹീദിനെ കടുത്ത കരൾ, വൃക്ക രോഗങ്ങളെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ജൂൺ 29ന് ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിലെ എസ്എസ്എൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മൂന്നാഴ്ചയ്ക്കുശേഷം ഗുഡ്ഗാവിലെ മെദാന്ദ മെഡിസിറ്റി ആശുപത്രിയിലേക്കു മാറ്റി.

1960 ഏപ്രിൽ 14ന് വാരണാസിയിലായിരുന്ന ഷഹീദിന്റെ ജനനം. 19–ാം വയസിൽ 1979ൽ ഫ്രാൻസിൽ നടന്ന ജൂണിയർ ലോകകപ്പിൽ കളിച്ചുകൊണ്ട് ഇന്ത്യക്കുവേണ്ടി ആദ്യ അന്താരാഷ്ട്ര ടൂർണമെന്റിൽ ഇറങ്ങി. അതിനുശേഷം മലേഷ്യയിൽ നടന്ന ചതുർരാഷ്ര്‌ട ടൂർണമെന്റിൽ നായകൻ വാസുദേവ് ഭാസ്കരന്റെ കീഴിൽ സീനിയർ ടീമിൽ അംഗമായി. ടൂർണമെന്റിൽ പാക്കിസ്‌ഥാനെതിരെ മികച്ച പ്രകടനം നടത്തിയ അദ്ദേഹം നായകന്റെ പ്രശംസയ്ക്കു പാത്രമായി. കളത്തിൽ ഷഹീദ് പുറത്തെടുത്ത വേഗത, ഡ്രിബ്ലിംഗ് എന്നിവയെല്ലാമാണ് അദ്ദേഹത്തെ ഇന്ത്യൻ ഇതിഹാസങ്ങളിൽ ഒരാളാക്കിയത്. അക്കാലത്ത് ഷഹീദ്–സഫർ ഇക്ബാൽ മുന്നേറ്റക്കൂട്ടുകെട്ട് പ്രസിദ്ധമായിരുന്നു. പ്രത്യേകിച്ച് 1982, 1986കളിലെ ഏഷ്യൻ ഗെയിംസിൽ. 1982ൽ ഇന്ത്യ വെള്ളിയും 1986ൽ വെങ്കലവും നേടി. 1985–86 സീസണിൽ ഷാഹിദ് ഇന്ത്യൻ നായകനായിരുന്നു. 1984, 1988 ഒളിമ്പിക്സ് ഹോക്കി ടീമിലും അദ്ദേഹം അംഗമായിരുന്നു.

ഞാൻ വലിയ ദുഃഖിതനാണ്. എന്റെ ഏറ്റവും അടുത്ത കൂട്ടുകാരിൽ ഒരാളെയാണ് നഷ്‌ടമായിരിക്കുന്നത്. ഞങ്ങൾ ഒരുമിച്ച് ഏഴു വർഷം കളിച്ചു. അദ്ദേഹത്തിന്റെ ഹോക്കിയിലുള്ള സംഭാവനകൾക്ക് വളരെയധികമാണ്– സഫർ ഇക്ബാൽ പറഞ്ഞു.

രോഗാവസ്‌ഥയിൽ ഷഹീദിനെ ഇക്ബാൽ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു. ഞാൻ ഒന്നും പറയാനാവാത്ത അവസ്‌ഥയിലാണ്. ഷഹീദ് സാർ ഗുരുതരാവസ്‌ഥയിലായിരുന്നു. ഇന്ത്യൻ ഹോക്കിക്കു നിര്യാണം നികത്താനാവാത്ത വലിയ നഷ്‌ടമാണ്. അദ്ദേഹം ഹോക്കിയെ മറ്റൊരു തലത്തിലെത്തിച്ചു. –മരണവാർത്ത കേട്ട ഇന്ത്യൻ ഹോക്കി നായകനും ഗോൾകീപ്പറും മലയാളിയുമായ പി.ആർ.ശ്രീജേഷ് പറഞ്ഞു. ഷഹീദിന്റെ മരണവാർത്ത ഉൾക്കൊള്ളാൻ താൻ ഇപ്പോഴും വിഷമിക്കുകയാണെന്ന് എം.എം. സോമയ്യ പറഞ്ഞു. ഷഹീദിന്റെ സഹതാരമായിരുന്ന സോമയ്യ. ഷഹീദും സഫറും ഇടതുവശത്തുകൂടി നടത്തുന്ന മുന്നേറ്റം കാണേണ്ടതായിരുന്നു. –അദ്ദേഹം പറഞ്ഞു. സംഭവിച്ച ഷഹീദിന്റെ മരണം തനിക്ക് ഉൾക്കൊള്ളാനാകുന്നില്ലെന്നായിരുന്നു മുൻ ഇന്ത്യൻ നായകൻ ധൻരാജ് പിള്ളയുടെ പ്രതികരണം. അദ്ദേഹം എന്റെ ആരാധനാപാത്രമായിരുന്നു. ഞാൻ നേരിട്ടു കാണണമെന്ന് ആഗ്രഹിച്ച താരങ്ങളിൽ ഒരാൾ. ധ്യാൻചന്ദിനെ നേരിട്ടു കണ്ടിട്ടില്ല. എന്റെ ജീവിതത്തിൽ ഷഹീദിനെപ്പോലൊരു കളിക്കാരനെ കണ്ടിട്ടില്ല. ഹോക്കിയിലെ ഇതിഹാസങ്ങളായ സഫർ ഇക്ബാൽ, ലെസ്ലി ക്ലോഡിയസ്, എം.എ. സോമയ്യ, ജോവാക്വിം കർവാലോ എന്നിവരെ കാണാൻ സാധിച്ചു. എന്നാൽ, ഷഹീദിനെ കണ്ടതാണ് ഏറ്റവും വലുതായി തോന്നുന്നത് ധൻരാജ് പിള്ള പറഞ്ഞു.


ഇന്ത്യൻ ഹോക്കിക്കു നൽകിയ സംഭാവനകൾക്ക് ഷാഹിദിന് 1981ൽ അർജുന അവാർഡും 1986ൽ പദ്മശ്രീയും നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു.

<ആ>പകരംവയ്ക്കാനാവാത്ത ഇതിഹാസം

ഷഹീദിന്റെ മികച്ച സമയത്ത് അദ്ദേഹത്തിനു പകരംവയ്ക്കാൻ ലോക ഹോക്കിയിൽ ആരുമില്ലായിരുന്നു. ധ്യാൻ ചന്ദിനു ശേഷം ഹോക്കി മാന്ത്രികൻ എന്നു പേർ അദ്ദേഹത്തിന് ലോകം ചാർത്തി. ക്രിക്കറ്റിൽ സച്ചിൻ തെണ്ടുൽക്കർ/ബ്രയാൻ ലാറ/ വിരേന്ദർ സെവാഗ്/ ഡോൺ ബ്രാഡ്മാൻ ഫുട്ബോളിൽ ഡിയേഗോ മാറഡോണ/ പെലെ/ലയണൽ മെസി പോലെയായിരുന്നു ഹോക്കിയിൽ ഷഹീദും.

അമാനുഷികമാണെന്നും തോന്നിപ്പിക്കുന്ന തരത്തിലുള്ള പ്രകടനങ്ങൾ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. ഇടതുവശം വഴി മുന്നേറുന്ന ഷഹീദ് എതിർ പ്രതിരോധക്കാരെ അന്ധാളിപ്പിക്കുന്നതും പരിഭ്രാന്തരാക്കുന്ന പ്രകടനം കണ്ടാൽ അത് അവിശ്വസനീയമായി തോന്നാം. പന്ത് ഷഹീദിന്റെ സ്റ്റിക്കിലെത്തിക്കഴിഞ്ഞാൽ ഒരു പെനാൽറ്റി കോർണറെങ്കിലും ഉറപ്പായിരുന്നു. അന്നത്തെ ടീം തന്നെ മികച്ചതായിരുന്നു. ഒരു സാവകാശവും കൊടുക്കാതെ പന്ത് സ്വീകരിച്ച് മുന്നോട്ടു കുതിക്കുന്നത് അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. പകരംവയ്ക്കാനാവാത്ത ഇതിഹാസത്തിന്റെ വിടപറച്ചിൽ ഇന്ത്യൻ ഹോക്കിയിൽ ധ്യാൻചന്ദിന്റെ നിര്യാണത്തിനു ശേഷമുണ്ടായ വലിയ നഷ്‌ടമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.