സ്വപ്നയാത്രയ്ക്ക് മുഹമ്മദ് അനസ്
സ്വപ്നയാത്രയ്ക്ക് മുഹമ്മദ് അനസ്
Wednesday, July 20, 2016 11:14 AM IST
<ആ>തോമസ് വർഗീസ്

തിരുവനന്തപുരം: പത്താം ക്ലാസ് വരെ ലോംഗ് ജംപിലും ട്രിപ്പിൾ ജംപിലും മത്സരിച്ചു. സംസ്‌ഥാന തലം വരെ മെഡലുകൾ സ്വന്തമാക്കി. പ്ലസ്ടു പഠനകാലത്ത് മത്സര ഇനം മാറ്റി. 400 മീറ്റർ ഓട്ടത്തിലേക്ക്. ഇതോടെ ദേശീയ മെഡൽ നേട്ടത്തിലേക്ക്. 2013–ൽ ഇറ്റാവയിൽ നടന്ന ദേശീയ സ്കൂൾ മീറ്റിൽ 4–400 മീറ്റർ റിലേയിൽ സ്വർണ നേട്ടം. 400 മീറ്ററിൽത്തന്നെ പോരാട്ടം തുടർന്നപ്പോൾ മുഹമ്മദ് അനസ് എന്ന കൊല്ലംകാരൻ സ്വന്തമാക്കിയത് ഏതൊരു അത്ലറ്റിന്റെയും സ്വപ്നമത്സര വേദിയായ ഒളിമ്പിക്സ് വേദി. നാലുവർഷത്തെ പരിശീലനം അനസിന് സമ്മാനിച്ചത് ഒളിമ്പിക് സ്വപ്നത്തിനു സാക്ഷാത്കാരം. ഏവരെയും അദ്ഭുതപ്പെടുത്തിക്കൊണ്ടായിരുന്നു അനസിന്റെ റിയോ ബെർത്ത്. അതും ഒരിനത്തിലല്ല, രണ്ടിനത്തിൽ. പുരുഷന്മാരുടെ 400 മീറ്ററിലും 4–400 മീറ്റർ റിലേയിലും അനസ് യോഗ്യത നേടി. കഴിഞ്ഞ മാസം ഹൈദരാബാദിൽനടന്ന അന്തർ സംസ്‌ഥാന അത്ലറ്റിക് മീറ്റിൽവച്ചാണ് അനസ് തന്റെ സഹതാരവും ഒളിമ്പിക് ബെർത്ത് പ്രതീക്ഷിക്കുകയും ചെയ്ത തമിഴ്നാടിന്റെ ആരോക്യരാജീവിനെ മറികടന്ന് 400 മീറ്ററിൽ ഒളിമ്പിക് ബെർത്ത് സ്വന്തമാക്കിയത്.

4– 400 മീറ്ററിൽ മത്സരിക്കാനുള്ള അവസരം മുഹമ്മദ് അനസും കൂട്ടരും സ്വന്തമാക്കിയത് ബാംഗളൂരിൽ നടന്ന ഇന്ത്യൻ ഗ്രാൻപ്രീ നാലാം പതിപ്പിലെ പ്രകടന മികവിലൂടെ. റിലേയിൽ പുതിയ ദേശീയ റിക്കാർഡും സംഘം നേടി. 2016–ലെ മികച്ച മൂന്നാം സമയമായ മൂന്നു മിനിറ്റ് 00.91 സെക്കൻഡിലാണ് അനസും സംഘവും റിയോയിലേയ്ക്ക് വിമാനം കയറുവാൻ പോകുന്നത്. അനസിനൊപ്പം ആരോക്യ രാജീവ്, ധരുൺ, മലയാളി താരം കുഞ്ഞുമുഹമ്മദ്് എന്നിവരാണുള്ളത്.

നിലമേൽ എംഎംഎച്ച്എസ്എസ് സ്കൂളിലായിരുന്നു ഒന്നു മുതൽ 11 വരെയുള്ള പഠനം. കൊല്ലം നിലമേൽ വളയിടം അനസ് മൻസിലിൽ ഏലിയയുടെയും ജീനയുടേയും രണ്ടു മക്കളിൽ മൂത്തയാളാണ് അനസ്. സ്കൂളിലെ കായികാധ്യാപകൻ ജംപിംഗ് ഇനങ്ങളിലാണ് അനസിനു പ്രോത്സാഹനം നല്കി വന്നത്. ഈയിനങ്ങളിൽ അനസ് സംസ്‌ഥാന തലത്തിൽ വരെ മെഡൽ നേട്ടം സ്വന്തമാക്കി.


പ്ലസ് വൺ പഠനകാലത്ത് മാർ ബേസിൽ സ്കൂളിലേക്കു മാറിയതോടെയാണ് അനസിന്റെ കുതിപ്പിനു തുടക്കമായത്. കായികാധ്യാപിക ഷിബി, അനസിനെ ഇനം മാറ്റി പരീക്ഷിച്ചു. ജംപിംഗ് ഇനങ്ങളെക്കാൾ കൂടുതൽ അനസിന്റെ ശരീരഘടന ഓട്ടമത്സരങ്ങൾക്കാണ് യോജിച്ചതെന്ന നിലപാടായിരുന്നു ഈ കായികാധ്യാപികയ്ക്ക്. 400 മീറ്റർ ഓട്ടത്തിലേക്കു ചുവടുമാറ്റിയ അനസ് ആ ഇനത്തിൽ സംസ്‌ഥാന മീറ്റിൽ മെഡൽ നേടി. 4–400 മീറ്റർ കേരളാ സ്കൂൾ ടീമിൽ ഇടം നേടി. ഉത്തർ പ്രദേശിലെ ഇറ്റാവയിൽ 2013–ൽ നടന്ന ദേശീയ സ്കൂൾ മീറ്റിൽ കേരളത്തെ സ്വർണത്തിലെത്തിച്ച റിലേ ടീമിന്റെ നെടുംതൂണായി അനസ് മാറി.

ഇത് അനസിന്റെ കായികജീവിതത്തിനു തന്നെ മാറ്റമുണ്ടാക്കി. ബിരുദപഠനത്തിനായി ഗുരുവായൂർ ശ്രീകൃഷ്ണ കോളജിൽ. അവിടെ ജയകുമാർ എന്ന കായികാധ്യാപകൻ കൂടുതൽ മികവു തെളിയിക്കാൻ അനസിനു സഹായമായി. ഇന്റർ വാഴ്സിറ്റി മീറ്റുകളിൽ മെഡൽനേട്ടം സ്വന്തമാക്കി. മികച്ച പ്രകടനത്തിന്റെ പിൻബലം 2015ൽ ഇന്ത്യൻ ക്യാമ്പിലേയ്ക്കുള്ള പ്രവേശനത്തിനു കാരണവുമായി. ഇതേ കാലയളവിൽ തന്നെ ഇന്ത്യൻ നേവിയിൽ ജോലിയും ലഭിച്ചു. കൊച്ചിയിൽ സെയ്ലറായി ജോലിയിൽ പ്രവേശിച്ചു. കൊറിയയിൽ നടന്ന ലോക സൈനീക അത്ലറ്റിക് മീറ്റിൽ പങ്കെടുത്ത അനസ് ഇപ്പോൾ ബാംഗളൂരിലെ ഇന്ത്യൻ ക്യാമ്പിലാണ്. മുഹമ്മദ് കുഞ്ഞിയാണ് അനസിന്റെ ഇപ്പോഴത്തെ പരിശീലകൻ. ഏക സഹോദരൻ മുഹമ്മദ് അനീസ് ലോംഗ് ജംപിൽ പരിശീലനം നടത്തുന്നു. ഗുരുവായൂർ ശ്രീകൃഷ്ണാ കോളജിലാണ് അനീസും പഠനം നടത്തുന്നത്.

മികച്ച പരിശീലനമാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതു റിയോയിൽ മികച്ച പ്രകടനം നടത്താൻ അവസരമൊരുക്കുമെന്നും മുഹമ്മദ് അനസ് ദീപികയോട് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.