റഷ്യയുടെ ഒളിമ്പിക് പങ്കാളിത്തം: ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനമെന്ന് ഐഒസി
റഷ്യയുടെ ഒളിമ്പിക് പങ്കാളിത്തം: ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനമെന്ന് ഐഒസി
Wednesday, July 20, 2016 11:14 AM IST
ലോസാൻ: റഷ്യൻ അത്ലറ്റിക് ടീമിന്റെ ഒളിമ്പിക് പങ്കാളിത്തം സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നു. അടുത്ത ഏഴു ദിവസത്തിനുള്ളിൽ റഷ്യയെ വിലക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് അന്താരാഷ്്ട്ര ഒളിമ്പിക് കമ്മിറ്റി മീഡിയ ചീഫ് എമ്മാനുവല്ലേ മൊറേയു അറിയിച്ചു. ഇതോടെ റിയോ ഒളിമ്പിക്സിന് 10 ദിവസത്തിൽ താഴെ മാത്രമുള്ളപ്പോഴായിരിക്കും റഷ്യയുടെ ഒളിമ്പിക് പങ്കാളിത്തം സംബന്ധിച്ച് തീരുമാനമുണ്ടാകൂ എന്നുറപ്പായി.

റഷ്യയെ വിലക്കുന്നതിന് എന്തെങ്കിലും നിയമതടസമുണ്ടോ എന്നു പരിശോധിച്ചുവരികയാണ്. അതുപോലെ കായിക തർക്കപരിഹാര കോടതിയിൽ(സിഎഎസ്) നിലനിൽക്കുന്ന കേസിൽ തീർപ്പുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഐഒസി. റഷ്യക്കെതിരായി കണ്ടെത്തിയ തെളിവുകൾ കായിക കോടതിയും ശരിവച്ചാൽ റഷ്യക്കു വിലക്ക് നേരിടേണ്ടിവരും. തീരുമാനം വരുംവരെ റഷ്യയിൽ തന്നെ തുടരാനാണ് അത്ലറ്റുകളോട് നിർദേശിച്ചിരിക്കുന്നത്. അവരുടെ അക്രെഡിറ്റേഷൻ നടപടികൾ അതിനു ശേഷം ആരംഭിക്കുകയുള്ളൂ എന്ന് ഐഒസി വ്യക്‌തമാക്കി.

സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് അന്താരാഷ്്ട്ര ഒളിമ്പിക് കമ്മിറ്റി ചെയർമാൻ തോമസ് ബാക്ക് വിലയിരുത്തി. എന്നാൽ, അന്തിമ തീരുമാനമെടുക്കുന്ന കാര്യത്തിൽ നിയമതടസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

റഷ്യയെ മുഴുവനായി വിലക്കുന്ന കാര്യത്തിൽ കായിക ലോകം രണ്ടു തട്ടിലാണെന്നതും അന്താരാഷ്്ട്ര ഒളിമ്പിക് കമ്മിറ്റിയെ അലട്ടുന്നുണ്ട്. അമേരിക്ക, കാനഡ, ജർമനി, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾ റഷ്യയെ വിലക്കണമെന്ന നിലപാടിലാണ്. റഷ്യൻ അത്ലറ്റിക് ടീമിനെ ഒന്നടങ്കം വിലക്കിയാൽ അത്ലറ്റുകളുടെ വ്യക്‌തിസ്വാതന്ത്ര്യത്തെ ഹനിച്ചേക്കാമെന്നും അത് നിയമപരമായ പ്രശ്നങ്ങളുണ്ടാക്കുമെന്നും കഴിഞ്ഞ ദിവസം നടന്ന ഐഒസി എക്സിക്യൂട്ടീവ് യോഗത്തിൽ പലരും ചൂണ്ടിക്കാണിച്ചിരുന്നു. ഇതോടെയാണ് കോടതി വിധി വരാനും വിലക്കുന്നതിനുള്ള നിയമസാധുത ആരായാനും അന്താരാഷ്്ട്ര ഒളിമ്പിക് കമ്മിറ്റി തീരുമാനിച്ചത്. 68 റഷ്യൻ അത്ലറ്റുകളുടെ അപ്പീൽ പരിഗണിക്കുകയാണ് കോടതി ഇപ്പോൾ.


ഒളിമ്പിക് ചരിത്രത്തിലെ തന്നെ ഏറ്റവും നിർണായകവും പ്രധാനവുമായ ഒരു തീരുമാനമെടുക്കുമ്പോൾ അതിനു കൂടിയാലോചനകൾ ആവശ്യമാണെന്നാണ് പല അംഗങ്ങളും പറഞ്ഞത്.

സ്റ്റേറ്റ് സഹായത്തോടെ ഉത്തേജകമരുന്നുപയോഗം നടന്നു എന്നു കണ്ടെത്തിയതിനേത്തുടർന്ന് ലോക ഉത്തേജക വിരുദ്ധ ഏജൻസി റഷ്യയെ ഒളിമ്പിക്സിൽനിന്നു വിലക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. റഷ്യൻ കായിക മന്ത്രി വിറ്റാലി മുറ്റ്കോ അടക്കമുള്ള ഒഫീഷ്യലുകളെ ഒളിമ്പിക് വേദികളിൽനിന്ന് ഐഒസി വിലക്കിയിട്ടുണ്ട്. മുറ്റ്കോ, റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ സന്തതസഹചാരിയാണ്. ആരോപണങ്ങളെല്ലാം മുറ്റ്കോ നിഷേധിക്കുകയാണുണ്ടായത്.

ലോക ഉത്തേജക വിരുദ്ധ ഏജൻസിക്കു വേണ്ടി കനേഡിയൻ അഭിഭാഷകനായ റിച്ചാർഡ് മക്്ലാരനാണ് റഷ്യൻ അത്ലറ്റുകൾ കാലങ്ങളായ ഉത്തേജകം ഉപയോഗിച്ചിരുന്നുവെന്നും ഉപയോഗം, റഷ്യയിലെ കായികമേധാവികളുടെ അറിവോടെയായിരുന്നുവെന്നുമുള്ള ഞെട്ടിക്കുന്ന വിവരം കണ്ടെത്തിയത്. റഷ്യയെ വിലക്കുന്ന കാര്യത്തിൽ അമാന്തമരുതെന്ന് വാഡയുടെ മുൻ പ്രസിഡന്റും ഐഒസി മെമ്പറുമായ ഡിക് പൗണ്ട് ആവശ്യപ്പെട്ടു. റഷ്യയെ വിലക്കുന്നതിലൂടെ മോശമായ പ്രവണത തുടരുന്ന രാജ്യങ്ങൾക്കൊക്കെ അതൊരു മുന്നറിയിപ്പും ഇനി ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള താക്കീതുമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.