റഷ്യ കാത്തിരിക്കണം
റഷ്യ കാത്തിരിക്കണം
Tuesday, July 19, 2016 12:12 PM IST
ലോസാൻ: റഷ്യയുടെ അത്ലറ്റിക് താരങ്ങളെ ഒളിമ്പിക്സിൽ പങ്കെടുപ്പിക്കണോ വേണ്ടയോ എന്ന കാര്യത്തിൽ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ (ഐഒസി) തീരുമാനം നീളുന്നു. റഷ്യയെ വിലക്കുന്ന കാര്യത്തിൽ നിയമപരമായ സാധ്യത പഠിക്കുകയാണെന്നാണ് ഐഒസി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്. ഇന്നലെ ലോസാനിൽ തുടങ്ങിയ ഐഒസി എക്സിക്യൂട്ടീവിലാണ് ഈ തീരുമാനമുണ്ടായത്.

റഷ്യക്ക് വിലക്ക് ഏർപ്പെടുത്തിയാൽ അത്ലറ്റുകൾക്ക് വ്യക്‌തിപരമായ നീതി നഷ്‌ടപ്പെടുമോ എന്ന കാര്യത്തിലാണ് നിയമപ്രശ്നമുള്ളതെന്നാണ് സൂചന. **ഒപ്പം കായികതർക്കപരിഹാര കോടതിയുടെ വിധിയും നാളെ വരും.

ലോക ഉത്തേജക വിരുദ്ധ ഏജൻസി(വാഡ)യുടെ ഉന്നത ഉദ്യോഗസ്‌ഥരുമായി ഐഒസി ആശയവിനിമയം നടത്തി. ഒപ്പം നിയമവിദഗ്ധരുമായും ആലോചിച്ചുവരികയാണ്. എന്തായാലും ഐഒസിയുടെ അന്തിമ തീരുമാനം ഇന്നോ നാളെയോ ഉണ്ടായേക്കും. അതുവരെ അത്ലറ്റുകൾക്ക് റഷ്യയിൽ തുടരുകയേ നിവൃത്തിയുള്ളൂ. റഷ്യ ഒളിമ്പിക്സിൽ പങ്കെടുക്കാത്ത അവസ്‌ഥ വന്നാൽ പല ലോകോത്തര താരങ്ങളുടെ പ്രകടനങ്ങൾ ആരാധകർക്കു നഷ്‌ടമാകും.

<ആ>ലോകം കാത്തിരിക്കുന്നു

റിയോ ഒളിമ്പിക്സിൽ റഷ്യ ഉണ്ടാവുമോ ? ഒളിമ്പിക്സിൽ എല്ലാക്കാലത്തും മികച്ച പ്രകടനം നടത്തിയിരുന്നു, അമേരിക്കയുടെ അപ്രമാദിത്വത്തിന് എന്നും വെല്ലുവിളി ഉയർത്തിയിരുന്ന റഷ്യ റിയോ ഒളിമ്പിക്സിന് ഉണ്ടാവുമോയെന്ന് ഇന്നറിയാം. അന്താരാഷ്ട്ര ഉത്തേജക വിരുദ്ധ ഏജൻസിക്കു വേണ്ടി ഇക്കാര്യത്തിൽ അന്വേഷണം നടത്തിയ കനേഡിയൻ അഭിഭാഷകൻ റിച്ചാർഡ് മക്ലാറന്റെ റിപ്പോർട്ട് റഷ്യക്കെതിരാണ്. ഈ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ അന്താരാഷ്ട്ര കായിക തർക്കപരിഹാര കോടതിയുടെ വിധി ഇന്നു പുറത്തുവരും. നേരത്തെ, അന്താരാഷ്്ട്ര അത്ലറ്റിക് ഫെഡറേഷൻ 2014ലെ സോചി ശീതകാല ഒളിമ്പിക്സിൽ ഉത്തേജകം ഉപയോഗിച്ചെന്ന ആരോപണത്തെ തുടർന്ന് ട്രാക്ക് ആൻഡ് ഫീൽഡ് താരങ്ങൾക്കു നേരത്തേ റിയോ ഒളിമ്പിക്സിൽ വിലക്കേർപ്പെടുത്തിയിരുന്നു.

68 ട്രാക്ക് ആൻഡ് ഫീൽഡ് താരങ്ങളെ അയോഗ്യരാക്കിയതിനെതിരെ സ്വിറ്റ്സർലൻഡിലെ ലോസാനിലുള്ള കായിക തർക്കപരിഹാര കോടതിയിൽ റഷ്യ നൽകിയ പരാതിയിലാണ് ഇന്നു വിധിപറയുക.

മോസ്കോ ഉത്തേജകവിരുദ്ധ ലബോറട്ടറിയുടെ തലവനായിരുന്ന ഗ്രിഗറി റെഡ്ഷെങ്കോവ് നടത്തിയ വെളിപ്പെടുത്തലാണ് റഷ്യൻ താരങ്ങളുടെ മരുന്നടി പുറംലോകം അറിയാൻ ഇടയാക്കിയത്. മദ്യത്തിൽ ചേർത്തു കഴിക്കാൻ കഴിയുന്ന വിധത്തിൽ റെഡ്ഷെങ്കോവ് പ്രത്യേകമായി തയാറാക്കിയ മരുന്ന് കഴിച്ചാണ് റഷ്യയുടെ 15 ലേറെ താരങ്ങൾ മെഡൽ ജേതാക്കളായതെന്നായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം.

അവിടം കൊണ്ടും അദ്ദേഹം തന്റെ തുറന്നുപറച്ചിൽ അവസാനിപ്പിച്ചില്ല. റഷ്യയുടെ ഔദ്യോഗിക അറിവോടെയാണ് ഈ ഉത്തേജകപ്രയോഗം നടന്നതെന്നും കൂടി അദ്ദേഹം ‘ന്യൂയോർക് ടൈംസി’നോട്വെളിപ്പെടുത്തി. ഇതോടെ കാര്യങ്ങൾ കുഴഞ്ഞുമറിഞ്ഞു. അദ്ദേഹത്തിന്റെ വെളിപ്പെടുത്തലിന്റെ അടിസ്‌ഥാനത്തിൽ കനേഡിയൻ അഭിഭാഷകൻ റിച്ചാർഡ് മക്്ലാറനെ അന്വേഷണത്തിനു വാഡ നിയോഗിച്ചു.

മക്്ലാറന്റെ റിപ്പോർട്ടിൽ ഉത്തേജകം ഉപയോഗിച്ചെന്നു കണ്ടെത്തുകയുണ്ടായി. ഈ കണ്ടെത്തലുകളുടെ പശ്ചാത്തലത്തിൽ റഷ്യയെ പൂർണമായി വിലക്കണമെന്നാണ് അമേരിക്ക, കാനഡ, ജർമനി, സ്വിറ്റ്സർലൻഡ് തുടങ്ങിയ രാജ്യങ്ങൾ അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റിയോട് ആവശ്യപ്പെട്ടുകഴിഞ്ഞു. കൂടാതെ വാഡയും തങ്ങളുടെ നിലപാട് ആവർത്തിച്ചു.

റഷ്യൻ ടീമിന് ഒന്നടങ്കം വിലക്കേർപ്പെടുത്തണമെന്ന ആവശ്യവുമായി അമേരിക്കയും കാനഡയും അന്താരാഷ്രട്ര ഒളിമ്പിക് കമ്മിറ്റിക്ക് എഴുതിയ കത്ത് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഉത്തേജകം ഉപയോഗിച്ചതിനെക്കുറിച്ച് കായിക തർക്കപരിഹാര കോടതിയുടെ വിധി വരാനിരിക്കെ അമേരിക്കയും കാനഡയും നടത്തുന്ന ഇടപെടലുകളും വിമർശിക്കപ്പെടുന്നുണ്ട്.


റഷ്യയെ ഒളിമ്പിക്സിൽ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് അമേരിക്കൻ ഉത്തേജക വിരുദ്ധ ഏജൻസി (ഉസാഡ) തലവൻ ട്രാവിസ് ടൈഗാർട്ട് അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാക്കിനാണ് കത്ത് അയച്ചത്. കാനഡയുടെ ഉത്തേജക വിരുദ്ധ ഏജൻസിയും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. എന്നാൽ, അന്തിമ വിധിയുണ്ടാകുന്നതിനു മുമ്പ് റഷ്യയെ പുറത്താക്കാൻ അമേരിക്കയും കാനഡയും നടത്തുന്ന ശ്രമങ്ങളിൽ വിയോജിപ്പ് രേഖപ്പെടുത്തി യൂറോപ്യൻ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ്് പാട്രിക് ഹിക്കി രംഗത്തുവന്നതോടെ റഷ്യയുടെ ഒളിമ്പിക്സ് പ്രവേശന വിഷയത്തിൽ ലോകരാജ്യങ്ങൾ രണ്ടുതട്ടിലായി. അന്താരാഷ്ട്ര കായിക കോടതിയുടെ ഉത്തരവിനു ശേഷം നിലപാടെടുക്കുന്നതാണ് മാന്യതയെന്നും ഈ നീക്കം നിയമത്തിനുതന്നെ നിരക്കാത്തതാണെന്നും കൂടി ഹിക്കി പറഞ്ഞു.

ഉത്തേജക വിഷയത്തിൽ റഷ്യയുടെ പോൾവാൾട്ട് ഇതിഹാസം ഇസിൻ ബയേവ റഷ്യക്ക് അനുകൂലമായി രംഗത്തുവന്നു. അന്താരാഷ്ട്ര കായിക കോടതിയുടെ വിധിവരാനിരിക്കെ റഷ്യയെ ഒളിമ്പിക് മത്സരത്തിൽ പങ്കെടുപ്പിക്കാതിരിക്കാൻ അന്താരാഷ്ര്‌ട അത്ലറ്റിക് ഫെഡറേഷനും ഒത്തുകളിക്കുകയാണെന്ന ആരോപണമാണ് ഇസിൻ ഉയർത്തിയിരിക്കുന്നത്. മക്്ലാറന്റെ റിപ്പോർട്ട് റഷ്യയുടെ സാധ്യതകളെ തകർക്കുകയെന്ന ഗൂഢലക്ഷ്യത്തോടെ തയാറാക്കിയതാണ്.

ലോക രാജ്യങ്ങൾ ഒളിമ്പിക്സിനായി കഠിനപരിശീലനം നടത്തുമ്പോൾ റഷ്യൻ താരങ്ങൾ കോടതി വ്യവഹാരങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്. ഇസിൻബയേവ പറഞ്ഞു.

എന്നാൽ, ചില റഷ്യൻ താരങ്ങൾ നിഷ്പക്ഷ രാജ്യമെന്ന പരിഗണനയിൽ ഒളിമ്പിക് പതാകയ്ക്കു കീഴിൽ മത്സരിക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ടും രംഗത്തെത്തിയിട്ടുണ്ട്. റഷ്യയുടെ ലോംഗ്ജംമ്പ് താരമായ ദര്യ ക്ലിഷിനക്ക് മത്സരിക്കാൻ ഐഎഎഫ് അനുമതി കിട്ടിക്കഴിഞ്ഞു.

<ആ>മക്ലാറന്റെ കണ്ടെത്തലുകൾ

1. 2010 ൽ വാൻകൂവറിൽ നടന്ന വിന്റർ ഒളിമ്പിക്സ് മുതൽ റഷ്യ, സാമ്പിളുകളിൽ തിരിമറി നടത്തിത്തുടങ്ങി.

2. ഉത്തേജക പരിശോധനയിൽ പോസിറ്റീവായ സാമ്പിളുകളും റിസൾട്ടുകളും നശിപ്പിച്ചു

3. മോസ്കോയിലെ ലാബിൽനിന്നു മാത്രം 8000 ഫലങ്ങൾ ഡിലീറ്റ് ചെയ്തു.

4. 2014 ൽ നടന്ന സോച്ചി വിന്റർ ഒളിമ്പിക്സിനിടെ റഷ്യൻ താരങ്ങൾ നൽകിയ സാമ്പിളുകൾക്കു പകരം നേരത്തെ സൂക്ഷിച്ചിരുന്ന മൂത്ര സാമ്പിളുകൾ തിരുകിക്കയറ്റി.

5. സോച്ചിയിലെ ക്രമക്കേടിനു റഷ്യൻ രഹസ്യാന്വേഷണ വിഭാഗമായ എഫ്എസ്ബിയുടെ പിന്തുണ ലഭിച്ചു.

6. സോച്ചിയിൽ ഉത്തേജക പരിശീലന കേന്ദ്രത്തിനു സമീപം തന്നെയുള്ള മറ്റൊരു കെട്ടിടത്തിലിരുന്നാണ് ഈ തിരിമറി നടത്തിയത്.

7. ഇതിനായി ലാബിന്റെ ഭിത്തിയിൽ ചെറിയ ദ്വാരം നിർമിച്ചിരുന്നു. മക്ലാറൻ എലിയുടെ പൊത്ത് എന്നാണ് ഇതിനെ വിശേഷിപ്പിച്ചത്.

8. 2012 ലണ്ടൻ ഒളിമ്പിക്സിൽ പങ്കെടുത്തവരുടേതടക്കമുണ്ടെന്നു കരുതുന്ന 580 പോസിറ്റീവ് സാമ്പിളുകൾ കണ്ടെത്തി. ഇവയൊന്നും തന്നെ വാഡയ്ക്കു കൈമാറിയിട്ടില്ല. ഈ വിവരം മറച്ചുവയ്ക്കുന്നതിൽ റഷ്യൻ ഒളിമ്പിക് ഫെഡറേഷനും പങ്കുണ്ടെന്നു മക്്ലാരൻ റിപ്പോർട്ട് പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.