ഉന്നം തെറ്റാതെ അഭിനവ്
ഉന്നം തെറ്റാതെ അഭിനവ്
Tuesday, July 19, 2016 12:12 PM IST
<ആ>അജിത് ജി. നായർ

നീണ്ട 112 വർഷങ്ങൾ അതു വേണ്ടിവന്നു ഇന്ത്യക്ക് ഒളിമ്പിക്സിൽ ഏകനായ ഒരു വിജയിയെ ലഭിക്കാൻ. 28 വർഷങ്ങൾക്കു ശേഷം ഒളിമ്പിക് വേദിയിൽ ജനഗണമന മുഴങ്ങിയപ്പോൾ 120 കോടി ഇന്ത്യക്കാർ സന്തോഷപുളകിതരായി. ഇന്ത്യക്ക് വേണ്ടി ഒളിമ്പിക്സിൽ ആദ്യ വ്യക്‌തിഗത സ്വർണം നേടിയ അഭിനവ് ബിന്ദ്ര തന്റെ അവസാന ഒളിമ്പിക്സിനിറങ്ങുമ്പോൾ ഇന്ത്യക്ക് പ്രതീക്ഷകളേറെ. 2004ൽ രാജ്യവർധൻ സിംഗ് റാത്തോഡ് നേടിയ വെള്ളി ബിന്ദ്ര ബെയ്ജിംഗിൽ സ്വർണമാക്കി. അതിനു ശേഷം ഒരു ഒളിമ്പിക്സ് കൂടി കടന്നുപോയെങ്കിലും ആ നേട്ടം ആവർത്തിക്കാൻ മറ്റൊരാൾക്കും സാധിച്ചിട്ടില്ല. തന്റെ മൂന്നാം ഒളിമ്പിക്സിൽ സ്വർണം നേടിയ ബിന്ദ്ര കരിയറിലെ അഞ്ചാമത്തെയും അവസാനത്തെയുമായ ഒളിമ്പിക്സിനിറങ്ങുമ്പോൾ സ്വർണത്തിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല. ഗഗൻ നരംഗ്, ജിത്തു റായ് തുടങ്ങിയ മികച്ചതാരങ്ങളും റിയോയിൽ ഇറങ്ങുന്നുണ്ടെങ്കിലും അഭിനവ് ബിന്ദ്രയിലേക്കാണ് ഏവരുടേയും കണ്ണുകൾ. സ്വർണനേട്ടത്തിനായി അഭിനവ് നടത്തുന്ന വേറിട്ട പരിശീലനമുറകളും ഇതിനകം വാർത്താ പ്രാധാന്യം നേടിക്കഴിഞ്ഞു. തന്റെ ഇഷ്‌ട ഇനമായ 10 മീറ്റർ എയർ റൈഫിളിലാണ് ഇക്കുറിയും ബിന്ദ്ര പോരാടാനിറങ്ങുന്നത്.

<ആ>അതികഠിനമായ പരിശീലനം

ജനിച്ചത് സമ്പന്ന കുടുംബത്തിലായത് ബിന്ദ്രയുടെ നേട്ടത്തിന് കാരണമായി ചിലർ പറയുന്നു. മറ്റു ഷൂട്ടർമാർ പരിമിതമായ സാഹചര്യങ്ങളിൽ പരിശീലിക്കുമ്പോൾ കോടികൾ മുടക്കി വീടിനുള്ളിൽ പണിത ഷൂട്ടിംഗ് റേഞ്ചിലെ പരിശീലനമാണ് ബിന്ദ്രയ്ക്ക് ഒളിമ്പിക്സിൽ സ്വർണം നേടിക്കൊടുത്തതെന്നാണ് ആരോപണം.

എന്നിരുന്നാലും ബിന്ദ്രയുടെ പരിശീലനമുറകൾ വേറിട്ടതാണ്. റിയോയിൽ സ്വർണം വെടിവച്ചിടാനൊരുങ്ങുന്ന താരങ്ങൾ ഷൂട്ടിംഗ് റേഞ്ചിൽ പരമാവധി സമയം ചിലവിടുമ്പോൾ ബിന്ദ്രയുടെ പരിശീലനം മറ്റൊരു രീതിയിലാണ്. ഇപ്പോൾ മ്യൂണിക്കിലുള്ള ബിന്ദ്ര നാഡീവ്യൂഹം ബലപ്പെടുത്താനുള്ള പരിശീലനത്തിലാണ്. ഇതിനായി വൈദ്യുത–കാന്തിക തരംഗങ്ങൾ ശരീരത്തിലൂടെ കയറ്റിവിടുകയാണ് ചെയ്യുന്നത്. ഇങ്ങനെ ചെയ്യുന്നതുവഴി തരംഗങ്ങൾ നേരിട്ടു നാഡീവ്യൂഹത്തിലെത്തുകയും ഇതുവഴി നാഡീവ്യൂഹം കൂടുതൽ പ്രവർത്തനക്ഷമമാകുമെന്നുമാണ് കരുതുന്നത്. അഭിനവ് ബിന്ദ്രയുടെ പിതാവാണ് ഇക്കാര്യം മാധ്യമങ്ങളോടു പറഞ്ഞത്. കേൾക്കുമ്പോൾ കൗതുകം തോന്നുമെങ്കിലും അത്ര നിസാരമല്ല കാര്യങ്ങൾ. വളരെ ശ്രദ്ധയോടെ ചെയ്തില്ലെങ്കിൽ ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുകയെന്നു സാരം. ഇത്തരം വ്യത്യസ്തമായ പരിശീലന പരിപാടികൾ ബിന്ദ്ര മുമ്പും നടത്തിയിട്ടുണ്ട്. 2008ലെ ബെയ്ജിംഗ് ഒളിമ്പിക്സിനു മുന്നോടിയായി മണ്ണിൽ നാട്ടിയ 40 അടി ഉയരമുള്ള കമ്പിയിൽ കുത്തനെ പിടിച്ചു കയറിയായിരുന്നു ബിന്ദ്രയുടെ പരിശീലനം. മത്സരത്തിന്റെ സമ്മർദഫലമായുണ്ടാകുന്ന പേടിയെ അതിജീവിക്കാൻ വേണ്ടിയായിരുന്നു അത്തരത്തിലൊരു പരിശീലനം. ഒളിമ്പിക്സിലെ സ്വർണനേട്ടമായിരുന്നു അനന്തരഫലം.

<ആ>ഉന്നം തെറ്റാത്ത ജീവിതം

ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ 1982 സെപ്റ്റംബർ 28നാണ് അഭിനവ് സിംഗ് ബിന്ദ്ര എന്ന ഇന്ത്യയുടെ സുവർണതാരത്തിന്റെ ജനനം. സമ്പന്നമായ കുടുംബത്തിൽ ജനിച്ച ബിന്ദ്രയ്ക്ക് ചെറുപ്പം മുതൽതന്നെ ഷൂട്ടിംഗിൽ കമ്പമുണ്ടായിരുന്നു. 2002ലെ മാഞ്ചസ്റ്റർ കോമൺവെൽത്ത് ഗെയിംസിൽ 10 മീറ്റർ എയർ റൈഫിൾ വിഭാഗത്തിൽ സ്വർണം നേടുമ്പോൾ വെറും 19 വയസായിരുന്നു ബിന്ദ്രയ്ക്കു പ്രായം. ടീമിനത്തിലായിരുന്നു അന്നു സ്വർണനേട്ടം. വ്യക്‌തിഗത ഇനത്തിൽ വെള്ളി നേടാനും അന്നു ബിന്ദ്രയ്ക്കു കഴിഞ്ഞു. 2006ൽ മെൽബണിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ ടീമിനത്തിൽ സ്വർണനേട്ടം ആവർത്തിച്ചെങ്കിലും വ്യക്‌തിഗത ഇനത്തിൽ വെങ്കലമെഡൽ നേടാനേ അഭിനവിനു കഴിഞ്ഞുള്ളൂ. അതേവർഷം സാഗ്രെബിൽ നടന്ന ഷൂട്ടിഗ് ലോകചാമ്പ്യൻഷിപ്പിൽ സ്വർണനേട്ടത്തോടെ ബിന്ദ്ര ആ വിഷമം തീർത്തു. ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരം എന്ന നേട്ടവും സ്വന്തമായി. പിന്നീടായിരുന്നു ഐതിഹാസിക നേട്ടം കുറിച്ച ബെയ്ജിംഗ് ഒളിമ്പിക്സ്. കെ.ഡി. യാദവ്, ലിയാൻഡർ പെയ്സ്, കർണ്ണം മല്ലേശ്വരി, രാജ്യ വർധൻ സിംഗ് റാത്തോഡ് എന്നിവരിലൂടെ വ്യക്‌തിഗത ഇനത്തിൽ വെങ്കലവും വെള്ളിയും നേടിയിട്ടുള്ള ഇന്ത്യയുടെ സ്വർണകാത്തിരിപ്പിന് ബെയ്ജിംഗിൽ ബിന്ദ്ര വിരാമമിട്ടു.


2010ൽ ഡൽഹിയിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ ടീമിനത്തിൽ സ്വർണം നേടി ബിന്ദ്ര സുവർണ ഹാട്രിക് തികച്ചു. 2014ലെ ഗ്ലാസ്ഗോ കോമൺവെൽത്ത് ഗെയിംസിൽ തന്റെ ഇഷ്‌ടഇനത്തിൽ വ്യക്‌തിഗത സ്വർണം നേടാനും ബിന്ദ്രയ്ക്കായി. എന്നാൽ, 2012ലെ ലണ്ടൻ ഒളിമ്പിക്സിൽ 16–ാമനാകാനേ ബിന്ദ്രയ്ക്കു കഴിഞ്ഞുള്ളൂ. അതേയിനത്തിൽ മത്സരിച്ച മറ്റൊരിന്ത്യൻ താരമായ ഗഗൻ നരംഗ് വെങ്കലം നേടുകയും ചെയ്തു.

<ആ>ഒളിമ്പിക്സിൽ ബിന്ദ്ര

2000ലെ സിഡ്നി ഒളിമ്പിക്സിൽ മത്സരിക്കുമ്പോൾ പതിനേഴു വയസുമാത്രമായിരുന്നു ബിന്ദ്രയുടെ പ്രായം. ഇന്ത്യൻ ഒളിമ്പിക്സ് സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞതാരവും മറ്റാരുമായിരുന്നില്ല. 2004ൽ ആഥൻസിലെത്തിയ ബിന്ദ്ര 10 മീറ്റർ എയർ റൈഫിളിൽ ഒളിമ്പിക് റിക്കാർഡ് ഭേദിച്ചുവെങ്കിലും മെഡൽ നേടുന്നതിൽ പരാജയപ്പെട്ടു. യോഗ്യതാ റൗണ്ടിൽ 597 പോയന്റ് സ്കോർ ചെയ്ത ബിന്ദ്ര ചൈനീസ് താരങ്ങളായ സ്യൂ ക്വിനാനും(599), ലീ ജീ(598)യ്ക്കും പിന്നിലായി ഫൈനലിൽ കടന്നു. എന്നാൽ, ഫൈനലിൽ എട്ടു പേരിൽ അവസാനക്കാരനാവാനേ ബിന്ദ്രയ്ക്കു കഴിഞ്ഞുള്ളൂ. 2008ൽ ബെയ്ജിംിൽ 596 പോയിന്റുമായി നാലാമനായായിരുന്നു ബിന്ദ്രയുടെ ഫൈനൽ പ്രവേശം. എന്നാൽ, ഫൈനലിൽ ആകെ 700.5 പോയിന്റു നേടിയ ബിന്ദ്ര സ്വർണം വെടിവച്ചിട്ടു. ഫൈനലിലെ ഫിന്നിഷ് താരം ഹെൻറി ഹാക്കിനെനുമായി പോയന്റിൽ തുല്യത പാലിച്ച ബിന്ദ്ര അവസാന ഷോട്ടിലാണ് സ്വർണം കൈയിലാക്കിയത്. അവസാന ഷോട്ടിൽ ബിന്ദ്ര 10.8 പോയിന്റ് നേടിയപ്പോൾ 9.7 പോയന്റ് നേടിയ ഹാക്കിനെൻ വെങ്കലവുമായി മടങ്ങി. എന്നാൽ, ബെയ്ജിംഗിലെ പ്രകടനം ലണ്ടനിൽ ആവർത്തിക്കാനാകാതെ പോയി.

<ആ>ചില അപൂർവ നേട്ടങ്ങൾ

ക്വാലാലംപൂരിൽ 1998ൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുത്ത ബിന്ദ്രയ്ക്ക് വെറും പതിനഞ്ചു വയസുമാത്രമായിരുന്നു ഉണ്ടായിരുന്നത്. ആ ഗെയിംസിലെ ഏറ്റവും പ്രായം കുറഞ്ഞ താരവും ബിന്ദ്രയായിരുന്നു. 2001ൽ മ്യൂണിക്കിൽ നടന്ന ഷൂട്ടിംഗ് ലോകകപ്പിൽ വെങ്കലം നേടിയ ബിന്ദ്ര 600ൽ 597 പോയന്റ് നേടി ജൂനിയർ ലോക റിക്കാർഡ് കുറിച്ചു. 2000ൽ അർജുന അവാർഡ് നേടുമ്പോൾ പതിനെട്ടു വയസു മാത്രമായിരുന്നു പ്രായം. 2000ത്തിലെ സിഡ്നി ഒളിമ്പിക്സിലെ പ്രായം കുറഞ്ഞ ഇന്ത്യൻതാരവും ബിന്ദ്ര തന്നെയായിരുന്നു. 2001ൽ രാജീവ് ഗാന്ധി ഖേൽരത്ന അവാർഡ് നേടുമ്പോൾ പ്രായം 20 വയസ് മാത്രം.

<ആ>ആത്മകഥ

എ ഷോട്ട് അറ്റ് ഹിസ്റ്ററി എന്നാണ് ബിന്ദ്രയുടെ ആത്മകഥയുടെ പേര്. ബെയ്ജിംഗിൽ നേടിയ ചരിത്രസ്വർണത്തിന്റെ സ്മരണയ്ക്കായാണ് ആത്മകഥയക്ക് ഈ പേരു നൽകിയത്. കളിയെഴുത്തുകാരൻ രോഹിത് ബ്രിജ്നാഥുമായി ചേർന്നാണ് ഇതെഴുതിയത്. പുസ്തകം പൂർത്തിയാകാൻ രണ്ടുവർഷമെടുത്തു. 2011 ഒക്ടോബർ 27ന് അന്നത്തെ കായിക മന്ത്രിയായ അജയ് മാക്കൻ പുസ്തകം പ്രകാശനം ചെയ്തു. വരുൺ ധവാൻ നായകനായി അഭിനവ് ബിന്ദ്രയുടെ ജീവിതം സിനിമയാക്കാനൊരുങ്ങുന്നതായും വാർത്തകൾ വരുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.