ചരിത്രത്തിലേക്ക് പെയ്സിന്റെ എയ്സ്
ചരിത്രത്തിലേക്ക് പെയ്സിന്റെ എയ്സ്
Monday, July 18, 2016 12:18 PM IST
<ആ>മാത്തുക്കുട്ടി ടി. കൂട്ടുമ്മേൽ

രാജ്യം കണ്ട ഏറ്റവും മികച്ച കായികതാരങ്ങളിലൊരാളായ ലിയാൻഡർ പെയ്സ് വലിയ നേട്ടത്തിനരികിലാണ്. ഇന്ത്യക്കുവേണ്ടി ഏറ്റവും കൂടുതൽ തവണ ഒളിമ്പിക്സിൽ പങ്കെടുത്ത താരമെന്ന ഖ്യാതി പെയ്സിന് സ്വന്തമാകാൻ ഏതാനും ദിവസംകൂടി മതി. ഏഴ് ഒളിമ്പിക്സിൽ മത്സരിക്കുന്ന ലോകത്തിലെ തന്നെ ആദ്യത്തെ ടെന്നീസ് താരവും 43കാരനായ പെയ്സാണ്, അതും തുടർച്ചയായി.

ഇന്ത്യയുടെ, ലോകം കണ്ട മികച്ച ടെന്നീസ് താരമായ പെയ്സ് നേരിട്ടല്ല ഒളിമ്പിക്സ് യോഗ്യത നേടിയത്. ഇപ്രാവശ്യം രോഹൻ ബൊപ്പണ്ണ ഡബിൾസ് റാങ്കിംഗിൽ പത്താമത് എത്തിയപ്പോൾ റിയോ ഒളിമ്പിക്സ് ഡബിൾസിൽ തനിക്ക് ഇഷ്‌ടമുള്ളയാളെ പങ്കാളിയാക്കാമെന്നായി. ബൊപ്പണ്ണയുടെ പരിഗണനയെ ആശ്രയിച്ചിരിക്കും പെയ്സിന്റെ ഒളിമ്പിക്സ് സ്വപ്നങ്ങൾ. ബൊപ്പണ്ണ, പെയ്സിനു പകരം സാകേത് മൈനേനിയുടെ പേര് നിർദേശിച്ചു. ഇതോടെ പെയ്സിന്റെ ഒളിമ്പിക് മോഹങ്ങൾ തകരുമെന്നു തോന്നി. ഇന്ത്യകണ്ട ഏറ്റവും മികച്ച ടെന്നീസ് താരത്തിനു പകരം മൈനേനി ബൊപ്പണ്ണയ്ക്കൊപ്പം ചേരുന്നതിൽ ഓൾ ഇന്ത്യ ടെന്നീസ് അസോസിയേഷന് താത്പര്യമുണ്ടായിരുന്നില്ല. രാജ്യത്തിന്റെ താത്പര്യത്തിനൊപ്പം നിന്ന അസോസിയേഷൻ മെഡൽ സാധ്യത പരിഗണിച്ച് പെയ്സിനെ ബൊപ്പണ്ണയുടെ പങ്കാളിയാക്കി റിയോയിലേക്കുള്ള ടീമിനെ പ്രഖ്യാപിച്ചു. ഡേവിസ് കപ്പ് മത്സരത്തിൽ ഇരുവരും അഭിപ്രായ വ്യത്യാസങ്ങളെയും അനിഷ്‌ടങ്ങളെയും പുറത്തുനിർത്തി കോർട്ടിലിറങ്ങിയപ്പോൾ ഇന്ത്യക്കു മികച്ച ജയം നേടാനായി. ഈ ഒത്തിണക്കം റിയോയിലെ ടെന്നീസ് കോർട്ടിൽ ആവർത്തിച്ചാൽ പെയ്സ്–ബൊപ്പണ്ണ സഖ്യം റിയോയിൽ പോഡിയത്തിൽ നിൽക്കും. 1996ൽ സിംഗിൾസിൽ നേടിയ വെങ്കലമെഡലിനുശേഷം ഒരു മെഡൽ കൂടി നേടി ടെന്നീസിൽനിന്നു തന്നെ വിടപറയുക എന്ന സ്വപ്നവുമായാണ് പെയ്സ് റിയോയിലിറങ്ങുക.

<ആ>ഒളിമ്പിക് ടെന്നീസിൽ ഇന്ത്യ

വിജയ് അമൃത്രാജ്, രമേഷ് കൃഷ്ണൻ, സാക്ഷി മേനോൻ ഇങ്ങനെ പലരും ഇന്ത്യൻ ടെന്നീസിന്റെ പേര് ഉയർത്തിയവരാണ്. ഇന്ത്യൻ ടെന്നീസ് ഡേവിസ് കപ്പ് ഫൈനലിൽ വരെ പ്രവേശിച്ച കാലമുണ്ടായിരുന്നു. എന്നാൽ ഒളിമ്പിക്സിൽ ഇന്ത്യയുടെ പേര് ഉയർന്നു കേട്ടത് 1996 അറ്റ്ലാൻഡ ഒളിമ്പിക്സിൽ. സെമി ഫൈനലിൽ ആന്ദ്രെ അഗാസിയോടു തോറ്റ ലിയാൻഡർ പെയ്സ് പക്ഷേ വെങ്കല മെഡൽ ജേതാവായി. ഇന്ത്യക്കു ടെന്നീസിൽ ആദ്യ മെഡൽ. ആ വെങ്കലത്തിനു സ്വർണത്തേക്കാൾ തിളക്കമുണ്ടായിരുന്നു. പതിനാറു വർഷമായി ഇന്ത്യക്ക് ഒളിമ്പിക്സിൽ മെഡലുകൾ ഒന്നുമില്ലായിരുന്നു. 1980ല മോസ്കോ ഒളിമ്പിക്സിൽ ഹോക്കിയിൽനേടിയ സ്വർണമെഡലിനു ശേഷം ഇന്ത്യ നേടുന്ന ഒരു മെഡൽ.

1973 ജൂൺ 17നു കോൽക്കത്തയിലെ കായിക പാരമ്പര്യമുള്ള കുടുംബത്തിലായിരുന്നു പെയ്സിന്റെ ജനനം. പിതാവ് വാസ് പെയ്സ് 1972ലെ മ്യൂണിക് ഒളിമ്പിക്സിൽ വെങ്കലം നേടിയ ഹോക്കി ടീമിൽ അംഗമായിരുന്നു. അച്ഛനും മകനും ഒളിമ്പിക്സിൽ മെഡൽ നേട്ടക്കാരായി, അമ്മ ജെന്നിഫർ 1980ലെ ഏഷ്യൻ ബാസ്കറ്റ്ബോൾ ടീമിലെ അംഗവുമായിരുന്നു.

പെയ്സ് സിംഗിൾസിൽ നേടിയ വെങ്കലത്തിനുശേഷം ഇന്ത്യക്ക് ടെന്നീസിൽ മെഡൽ നേട്ടം ഉണ്ടാക്കാനായില്ല. 2016 ഒളിമ്പിക്സിൽ ഇന്ത്യക്കു പല പ്രതീക്ഷകളുമുണ്ട് പെയ്സ്–ബൊപ്പണ്ണ പുരുഷ ഡബിൾസിലും സാനിയ മിർസ–രോഹൻ ബൊപ്പണ്ണ മിക്സഡ് ഡബിൾസിലും ഇന്ത്യക്കു മെഡൽ നേടാൻ സാധ്യതകളുണ്ട്. ലിയാൻഡർ പെയ്സ്, രോഹൻ ബൊപ്പണ്ണ, സാനിയ മിർസ, പ്രാർഥന തോംബ്രെ എന്നിവരാണ് റിയോയിൽ ഇന്ത്യൻ പതാകയുടെ കീഴിൽ മത്സരിക്കുന്നത്.

<ആ>പെയ്സ് ഒളിമ്പിക്സിൽ

1992ലെ ബാഴ്സലോണ ഒളിമ്പിക്സിൽ പെയ്സ് രമേഷ് കൃഷ്ണനൊപ്പം ഡബിൾസിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്തു. ഈ സഖ്യം ക്വാർട്ടർ ഫൈനൽ വരെയെത്തി. 1996 ഒളിമ്പിക്സിൽ സിംഗിൾസിൽ മത്സരിച്ച പെയ്സ് ആദ്യ റൗണ്ടിൽ റിച്ചി റെനേബർഗിന്റെ പോരാട്ടം അതിജീവിച്ച് രണ്ടാം റൗണ്ടിലെത്തി. രണ്ടു പേരും ഓരോ സെറ്റ് വീതം നേടിയിരിക്കേ റെനേബർഗ് പരിക്കിനെത്തുർന്നു പിന്മാറിയതാണ് പെയ്സിനു തുണയായത്. പിന്നീടുള്ള മത്സരങ്ങളിൽ വെനസ്വേലയുടെ നിക്കോളസ് പെരേര (6–2, 6–3), സ്വീഡന്റെ തോമസ് എൻക്വിസ്റ്റ് (7–5, 7–6), ഇറ്റലിയുടെ റെൻസോ ഫുർലാൻ (6–1, 7–5) എന്നിവരെ തോൽപ്പിച്ച് സെമിയിലെത്തി. സെമിയിൽ കാത്തിരുന്നത് ലോക ഒന്നാം നമ്പർ താരം അമേരിക്കയുടെ അഗാസി. അഗാസിയോടു (7–6, 6–3) പൊരുതി തോറ്റു. ഇതോടെ വെങ്കല മെഡലിനു പെയ്സിനിറങ്ങാമെന്നായി. എതിരാളി ബ്രസീലിന്റെ ഫെർണാണ്ടോ മെലിഗെനി. ആദ്യ സെറ്റ് പെയ്സിനു നഷ്‌ടമായി. അടുത്ത സെറ്റുകളിൽ പെയ്സ് എതിരാളിയെ നിഷ്പ്രഭനാക്കി കോർട്ട് വാണതോടെ മത്സരവും വെങ്കല മെഡലും കിട്ടി. 3–6, 6–2, 6–4നായിരുന്നു ഇന്ത്യൻ താരത്തിന്റെ ജയം. വിജയത്തിന്റെ സന്തോഷത്തിൽ പെയ്സിന്റെ കണ്ണിലൂടെ വിജയത്തിന്റെ ആഹ്ലാദത്തിന്റെ കണ്ണീർ ഒഴുകി. അങ്ങനെ ഇന്ത്യക്കു ഒളിമ്പിക്സ് ടെന്നീസിൽ ആദ്യ മെഡൽ.


2000 സിഡ്നി ഒളിമ്പിക്സിൽ സിംഗിൾസിൽ ആദ്യ റൗണ്ടിൽ പുറത്തായി. ഡബിൾസിൽ പെയ്സ്– മഹേഷ് ഭൂപതി സഖ്യത്തിന് രണ്ടാം റൗണ്ട് വരെയേ എത്താനായുള്ളൂ. 2004 ആഥൻസ് ഒളിമ്പിക്സ് പുരുഷ ഡബിൾസിൽ പെയ്സ്– മഹേഷ് ഭൂപതി സഖ്യം സെമി ഫൈനലെത്തി. സെമിയിൽ ജർമനിയുടെ നികോളസ് കീഫർ–റെയ്നർ ഷട്ലർ സഖ്യത്തോടു തോറ്റു. വെങ്കല മെഡലിനുള്ള മത്സരത്തിൽ ക്രൊയേഷ്യയുടെ മരിയോ അൻസിക്–ഇവാൻ ജുബീസിക് സഖ്യത്തോടു പരാജയപ്പെട്ട പെയ്സ്–ഭൂപതി സഖ്യത്തിനു നാലാം സ്‌ഥാനം മാത്രം. 2008ലെ ബെയ്ജിംഗ് ഒളിമ്പിക്സിൽ രണ്ടാം റൗണ്ടിൽ പെയ്സ്–ഭൂപതി സഖ്യം പുറത്തായി. ടീം അംഗങ്ങളുടെ പടലപ്പിണക്കം കാരണം മികച്ചൊരു ഡബിൾസ് ടീമിനെ 2012 ലണ്ടൻ ഒളിമ്പിക്സിനു വിടാനായില്ല. പെയ്സിനൊപ്പം വിഷ്ണുവർധനും ഭൂപതിക്കൊപ്പം ബൊപ്പണ്ണയും ഇറങ്ങിയെങ്കിലും രണ്ടാം റൗണ്ടിനപ്പുറം കടക്കാൻ ആർക്കുമായില്ല.

<ആ>റിക്കാർഡ്

ദേശീയപതാകയ്ക്കു കീഴിൽ മത്സരിക്കാൻ ഞാൻ ഇഷ്‌ടപ്പെടുന്നു. ചില ഗ്രാൻഡ്സ്ലാം കിരീടങ്ങളിൽ എന്റെ പേരിലുണ്ട്. അതിന്റെ ബ്രാക്കറ്റിൽ ഇന്ത്യ എന്ന പേരും ഉണ്ടാകും. എന്റെ ഏഴാം ഒളിമ്പിക്സ് ചിലപ്പോൾ ഒരു വ്യക്‌തിഗത റിക്കാർഡായിരിക്കും. പക്ഷേ ഇത് ഇന്ത്യക്കു ചരിത്രപരമായ റിക്കാർഡാണ്. ഒരു കായികതാരം ടെന്നീസിൽ ഇത്രയും ഒളിമ്പിക്സിൽ പങ്കെടുക്കുന്നു എന്നത്. ഇപ്പോൾ ഞാൻ ഒളിമ്പിക്സിന്റെ പടിവാതിൽക്കലാണ്. ഒളിമ്പിക്സിൽ പങ്കെടുക്കുന്നു എന്നതിൽ കഴിഞ്ഞ വലിയ ബഹുമതിയില്ല. ഏഴാം ഒളിമ്പിക്സിലൂടെ ഇന്ത്യക്ക് ഒരു ലോക റിക്കാർഡ് നൽകാനായി – പെയ്സ് പറഞ്ഞു.

കാനഡയുടെ കുതിരയോട്ടക്കാരൻ ഇയാൻ മില്ലറുടെ പേരിലാണ് ഏറ്റവും കൂടുതൽ ഒളിമ്പിക്സിൽ പങ്കെടുത്തതിന്റെ റിക്കാർഡ്; 10. ‘ടെന്നീസിൽ മാർക് നോളസ്, ഡാനിയൽ നെസ്റ്റർ, അറാന്റക്സാ സാഞ്ചസ്–വികോറിയോ എന്നിവർ അഞ്ച് ഒളിമ്പിക്സിൽ ണ്ണത്തിൽ പങ്കെടുത്തിട്ടുണ്ട്.

<ആ>സിംഗിൾസിലും ഡബിൾസിലും

പെയ്സിന്റെ നേട്ടങ്ങൾ ഡബിൾസിലും സിംഗിൾസിലും നിറഞ്ഞുനിൽക്കുന്നതായിരുന്നു. പെയ്സ് ഡേവിസ് കപ്പിൽ കളിച്ച ആദ്യ പത്ത് വർഷത്തിൽ എട്ട് പ്രാവശ്യവും ഇന്ത്യ വേൾഡ് ഗ്രൂപ്പിൽ കളിച്ചിട്ടുണ്ട്. ഡേവിസ് കപ്പ് സിംഗിൾസിൽ ഗൊരാൻ ഇവാനോവിച്ച്, വെയ്ൻ ഫെരേര, ഹെൻറി ലെകോന്റെ, അർനാഡ് ബോട്ച്ച്, ജാക്കുബ് ഹാലെസെക് എന്നിവരെ പരാജയപ്പെടുത്തിയ ചരിത്രവും പെയ്സിനുണ്ട്. 1993 ൽ ഇന്ത്യ ഡേവിസ്കപ്പ് വേൾഡ് ഗ്രൂപ്പിൽ ഫ്രാൻസിനെ അവരുടെ നാട്ടിൽ ക്വാർട്ടർ ഫൈനലിൽ തോൽപ്പിച്ചു. ഗ്രാൻഡ്സ്്ലാം ടൂർണമെന്റുകളിൽ എട്ട് ഡബിൾസ് കിരീടങ്ങളും പത്ത് മിക്സഡ് ഡബിൾസ് കിരീടങ്ങളും സ്വന്തമാക്കി. ഗ്രാൻഡ്സ്ലാം കിരിടം നേടുന്ന പ്രായം കൂടിയ പുരുഷ താരവും പെയ്സ് തന്നെ. മൂന്നു പതിറ്റാണ്ടുകളായി ഗ്രാൻഡ് സ്ലാം കിരീടങ്ങൾ സ്വന്തമാക്കുന്ന താരമെന്ന റിക്കാർഡ് ഓസ്ട്രേലിയൻ ടെന്നീസ് ഇതിഹാസം റോഡ് ലെവറുമായി പങ്കുവയ്ക്കുന്നു. ഈ വർഷത്തെ ഫ്രഞ്ച് ഓപ്പൺ മിക്സഡ് ഡബിൾസിൽ പെയ്സ് സഖ്യം ജേതാക്കളായിരുന്നു.

<ആ>ലിയാൻഡർ അഡ്രിയാൻ പെയ്സ്

ജനനം–1973 ജൂൺ 17, കോൽക്കത്ത

നേട്ടങ്ങൾ

1996 ഒളിമ്പിക്സ് വെങ്കലം

ഗ്രാൻഡ്സ്്ലാം കിരീടങ്ങൾ, ഡബിൾസ് (എട്ട്)

ഓസ്ട്രേലിയൻ ഓപ്പൺ 2012

ഫ്രഞ്ച് ഓപ്പൺ 1999, 2001, 2009

വിംബിൾഡൺ 1999

യുഎസ് ഓപ്പൺ 2006, 2009, 2013

മിക്സഡ് ഡബിൾസ് (പത്ത്)

ഓസ്ട്രേലിയൻ 2003, 2010, 2015

ഫ്രഞ്ച് ഓപ്പൺ 2016

വിംബിൾഡൺ 1999, 2003, 2010, 2015

യുഎസ് ഓപ്പൺ 2008, 2015

ടൂർ ഫൈനൽസ്

1997, 1999, 2000, 2005 (ഫൈനൽ)

1996–97 രാജീവ് ഗാന്ധി ഖേൽ രത്ന

1990 അർജുന അവാർഡ്

2001 പദ്മശ്രീ

2014 പദ്മഭൂഷൺ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.