ടെസ്റ്റ് ബൗളർമാരിൽ യാസിർഷാ ഒന്നാമൻ
ടെസ്റ്റ് ബൗളർമാരിൽ യാസിർഷാ ഒന്നാമൻ
Monday, July 18, 2016 12:18 PM IST
ദുബായ്: ഐസിസിയുടെ ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിംഗിൽ പാക്കിസ്‌ഥാൻ സ്പിന്നർ യാസിർഷാ ഒന്നാമതെത്തി. 1996ൽ മുഷ്താഖ് അഹമ്മദ് ഒന്നാം റാങ്കിലെത്തിയതിനു ശേഷം ഇതാദ്യമായാണ് ഒരു പാക്കിസ്‌ഥാനി ബൗളർ ഈ നേട്ടം കൈവരിക്കുന്നത്. ഒരു ദശാബ്ദത്തിനുള്ളിൽ ഒന്നാം റാങ്കിലെത്തുന്ന ആദ്യ സ്പിന്നർ കൂടിയാണ് യാസിർ. 2005 ഇതിഹാസ താരം ഷെയ്ൻ വോണാണ് അവസാനമായി ഒന്നാം റാങ്കിലെത്തിയ സ്പിന്നർ.

ലോർഡ്സ് ടെസ്റ്റിൽ രണ്ടിന്നിംഗ്സിലുമായി പത്തു വിക്കറ്റ് വീഴ്ത്തിയതാണ് യാസിർഷായ്ക്കു തുണയായത്. ആദ്യ ഇന്നിംഗ്സിൽ 72 റൺസ് വഴങ്ങി ആറ് ഇംഗ്ലീഷ് വിക്കറ്റുകൾ പിഴുത യാസിർ രണ്ടാം ഇന്നിംഗ്സിൽ നാലു വിക്കറ്റുകളാണ് നേടിയത് വഴങ്ങിയത് 69 റൺസും. പാക്കിസ്‌ഥാൻ 75 റൺസിനു വിജയിച്ച മത്സരത്തിൽ കളിയിലെ താരവും യാസിറാണ്.


അശ്വിൻ, ജയിംസ് ആൻഡേഴ്സൺ, സ്റ്റുവർട്ട് ബ്രോഡ് എന്നിവരെ പിന്തള്ളിയാണ് യാസിർ ഒന്നാമതെത്തിയത്. അശ്വിനേക്കാൾ ഏഴു പോയന്റിന്റെ ലീഡാണ് യാസിറിനുള്ളത്. 13 ടെസ്റ്റുകളിൽ നിന്ന് 86 വിക്കറ്റുകൾ നേടിയ ഈ 30കാരന്റെ ഏഷ്യക്കു പുറത്തുള്ള ആദ്യ ടെസ്റ്റായിരുന്നു ഇത്. ലോർഡ്സ് ടെസ്റ്റിൽ സെഞ്ചുറി നേടിയ പാക് നായകൻ മിസ്ബാ ഉൾ ഹഖ് ബാറ്റിംഗ റാങ്കിംഗിൽ ഒരു സ്‌ഥാനം മെച്ചപ്പെടുത്തി ഒമ്പതാമനായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.