ഐഎഎഎഫിനെതിരേ ഇസൻബയേവ
Sunday, July 17, 2016 11:11 AM IST
മോസ്കോ: അത്ലറ്റിക്സിൽ വൻ ആരോപണവുമായി ലോകോത്തര പോൾവോൾട്ട് താരവും ലോക റിക്കാർഡുകൾക്ക് ഉടമയുമായ ഇസിൻബയേവ. ലോക ഉത്തേജക മരുന്നു വിരുദ്ധ ഏജൻസി നടത്തിയ പരിശോധനയിൽ റഷ്യൻ താരങ്ങൾ ഉത്തേജകമരുന്നുപയോഗം കണ്ടെത്തിയതിന്റെ പേരിൽ റഷ്യൻ അത്ലറ്റിക് ഫെഡറേഷനെ അന്താരാഷ്്ട്ര അത്ലറ്റിക് ഫെഡറേഷൻ വിലക്കിയിരുന്നു. ഈ വിലക്ക് ഒരു കാരണവശാലും പിൻവലിക്കാനാവില്ലെന്നും അതുകൊണ്ടുതന്നെ റഷ്യയെ ഒളിമ്പിക്സിൽ പങ്കെടുപ്പിക്കരുതെന്നും അന്താരാഷ്്ട്ര ഒളിമ്പിക് കമ്മിറ്റിയോടും കായികതർക്കപരിഹാര കോടതിയോടും അന്താരാഷ്്ട്ര അത്ലറ്റിക് ഫെഡറേഷൻ (ഐഎഎഎഫ്) ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് ഇസിൻബയേവയുടെ ആരോപണം. ഐഒസി റഷ്യയെ വിലക്കണമെന്നാണത്രേ ഐഎഎഎഫിന്റെ ആവശ്യം.

തങ്ങളെ ഒളിമ്പിക്സിൽ പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഉത്തേജകഉപയോഗത്തിൽ പിടിക്കപ്പെടാത്ത താരങ്ങൾ അന്താരാഷ്്ട്ര ഫെഡറേഷന് കത്തു നൽകിയെങ്കിലും അതവർ തള്ളുകയായിരുന്നു. കായികതർക്കപരിഹാര കോടതിയുടെ അന്തിമവാദം നാളെ നടക്കാനിരിക്കേയാണ് ഇസിൻബയേവയുടെ വെളിപ്പെടുത്തൽ. 21ന് അന്തിമവിധി വരുമെന്നാണ് കരുതുന്നത്.


ലോകമെമ്പാടുമുള്ള അത്ലറ്റുകൾ ഒളിമ്പിക്സിനായുള്ള കാത്തിരിപ്പിൽ മുഴുകുമ്പോൾ തങ്ങൾ കോടതി വിധിയാണ് കാത്തിരിക്കുന്നതെന്ന് ഇസിൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. എന്താണ് തങ്ങൾ ചെയ്യേണ്ടതെന്ന് ആരും പറയുന്നില്ല. ശരിക്കും നിരാശപ്പെടുത്തുന്ന അവസ്‌ഥ. 20 വർഡഷത്തെ തന്റെ കായിക ജീവിതത്തിൽ ഇതാദ്യമായാണ് ഒളിമ്പിക്സിൽ പങ്കെടുക്കണമെങ്കിൽ കോടതി വിധിക്കു കാത്തിരിക്കുന്നത്. –34കാരിയായ ഇസിൻ പറഞ്ഞു. മൂന്നു തവണ ലോക ചാമ്പ്യനും രണ്ടു തവണ ഒളിമ്പിക് മെഡൽ ജേതാവുമായിരുന്ന ലോകോത്തര താരമാണ് ഇസിൻ.

നിരവധി യുവതാരങ്ങൾ ഒളിമ്പിക്സിൽ പങ്കെടുക്കാൻ അത്യധ്വാനം ചെയ്ത് കാത്തിരിക്കുകയാണ്. അവരൊക്കെ നിരാശയിലാണ്. ഈ അവസ്‌ഥയിൽ ക്ഷമിക്കൂ എന്നേ അവരോടു പറയാനാകൂ. ഒളിമ്പിക്സിൽ പങ്കെടുക്കാനാകുമെന്ന് ഒരുറപ്പും ഇപ്പോൾ തനിക്കില്ലെന്ന് ഇസിൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.