ഇന്നാണു കളി
ഇന്നാണു കളി
Friday, July 1, 2016 12:40 PM IST
ജർമനി – ഇറ്റലി പോരാട്ടം രാത്രി 12.30ന് സോണി ഇഎസ്പിഎന്നിൽ

പാരീസ്: ലോക ഫുട്ബോളിലെ, വിശിഷ്യ യൂറോപ്യൻ ഫുട്ബോളിലെ എക്കാലത്തും ഏറ്റവും മികച്ച ടീമുകളായി പരിഗണിക്കപ്പെടുന്ന ജർമനിയും ഇറ്റലിയും ഇന്നു മുഖാമുഖം. പാരീസിലെ പുൽമൈതാനങ്ങൾക്ക് വേഗഫുട്ബോളിന്റെ അനുപമചാരുതയേകാൻ ഇരുവരും ഒരിക്കൽകൂടി കൊമ്പുകോർക്കുകയാണ്, യൂറോ കപ്പ് ക്വാർട്ടറിൽ. സ്ലൊവാക്യയെ 3–0നു കെട്ടുകെട്ടിച്ച് ജർമനി ആധികാരികമായി ക്വാർട്ടറിലെത്തിയപ്പോൾ, യൂറോയിലെ നിലവിലെ ചാമ്പ്യന്മാരായ സ്പെയിനിനെ കെട്ടുകെട്ടിച്ചാണ് ഇറ്റലി അവസാന എട്ടിൽ ഇടംപിടിച്ചത്. മികച്ച താരങ്ങളെക്കൊണ്ടു സമ്പന്നമായി ഇരുടീമും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ലോകകപ്പ് നേടിയ ശേഷം ചില പരാജയങ്ങൾ സംഭവിച്ചെങ്കിലും ജർമനി മികച്ച ഫോമിലാണ്. യൂറോ കപ്പിൽ ഇതുവരെ ഒരു കളിയും പരാജയപ്പെടാതെയാണ് ജർമനി ക്വാർട്ടറിലെത്തിയിരിക്കുന്നത്.

ആദ്യമത്സരങ്ങളിൽ ഫോം കണ്ടെത്താൻ വിഷമിച്ച അവർ പതിയെ ഫോമിലേക്കുയരുകയാണ്. ഇറ്റലിയാകട്ടെ, ഇതുവരെ വഴങ്ങിയത് ഒരു ഗോൾ മാത്രമാണ്. അയർലൻഡിനെതിരേ അപ്രധാനമായ മത്സരത്തിൽ പരാജയപ്പെട്ട അവർ ആ മത്സരത്തെ വലിയ കാര്യമായി പരിഗണിക്കുന്നുമില്ല. ഇന്നത്തെ മത്സരം ജയിക്കുന്നവർ കിരീടത്തിൽ മുത്തമിടും എന്നു വിശ്വസിക്കുന്നവരും കുറവല്ല.


<ആ>മുന്നിൽ അസൂറി

1990നു ശേഷമുള്ള കാര്യങ്ങൾ പരിശോധിച്ചാൽ പ്രധാനപ്പെട്ട പല കിരീടങ്ങളും സ്വന്തമാക്കിയ ടീമുകളാണ് ജർമനിയും ഇറ്റലിയും. ലോക ചാമ്പ്യന്മാരായ ജർമനിക്ക് എന്നും വലിയ വെല്ലുവിളിയുയർത്തിയ ടീമാണ് ഇറ്റലി. ഇറ്റലിക്കെതിരേ മികച്ച വിജയങ്ങൾ നേടാൻ ഇനിയും അവർക്കായിട്ടില്ല. ഇരുവരും തമ്മിൽ ഇതുവരെ 33 തവണ ഏറ്റുമുട്ടിയപ്പോൾ 15 തവണയും വിജയം ഇറ്റലിക്കായിരുന്നു. എട്ടെണ്ണത്തിൽ ജർമനി വിജയിച്ചപ്പോൾ 10 മത്സരങ്ങൾ സമനിലയിലായി. ലോകകപ്പിൽഇരുടീമും ഏറ്റുമുട്ടിയ അഞ്ചു മത്സരങ്ങളിൽ മൂന്നിലും ജയം ഇറ്റലിക്കായപ്പോൾ രണ്ടു മത്സരം സമനിലയിലായി. 1970ലെ ക്ലാസിക് സെമിയിൽ 4–3നു അസൂറി ജയിച്ചപ്പോൾ 1982ലെ ഫൈനലിൽ 3–1നായിരുന്നു ഇറ്റലിയുടെ വിജയം. യൂറോയിലും ഇറ്റലിക്കെതിരേ വിജയം നേടാൻ ജർമനിക്കായിട്ടില്ല. എട്ടുമത്സരങ്ങളിൽ നാലെണ്ണത്തിലും ഇറ്റലി വിജയിച്ചപ്പോൾ നാലെണ്ണം സമനിലയിലായി. യൂറോയിൽ ഇരുവരും അവസാനം ഏറ്റുമുട്ടിയ 2012ൽ 2–1നായിരുന്നു ഇറ്റലി ജയിച്ചത്. ജർമനിയുടെ 12–ാം യൂറോയാണിത്. അതേസമയം, ഇറ്റലിയുടെ ഒമ്പതാമത്തേതും. എന്നാൽ, ഇരുവരും അവസാനം കൊമ്പുകോർത്ത മത്സരത്തിൽ ഇറ്റലി പരാജയപ്പെട്ടു. മാർച്ച് 30നു നടന്ന പോരാട്ടത്തിൽ 4–1ന് ജർമനി ഇറ്റലിയെ തോൽപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.