സീനിയർ മീറ്റിൽ കേരളത്തിന്റെ ആധിപത്യം
സീനിയർ മീറ്റിൽ കേരളത്തിന്റെ ആധിപത്യം
Thursday, June 30, 2016 12:13 PM IST
ഹൈദരാബാദ്: ദേശീയ സീനിയർ അത്ലറ്റിക് മീറ്റിൽ നിലവിലെ ചാമ്പ്യന്മാരായ കേരളം ആധിപത്യം തുടരുന്നു. മൂന്നാം ദിനമായ ഇന്നലെ കേരളം മൂന്നു സ്വർണം സ്വന്തമാക്കി. അഞ്ചു സ്വർണവും മൂന്നു വെള്ളിയും അഞ്ചു വെങ്കലവുമടക്കം 92 പോയിന്റുമായി കേരളം മെഡൽപട്ടികയിൽ ഒന്നാമതാണ്. 65 പോയിന്റുമായി തമിഴ്നാടും 50 പോയിന്റോടെ ഉത്തർപ്രദേശുമാണ് രണ്ടും മൂന്നും സ്‌ഥാനങ്ങളിൽ. മീറ്റിലെ വേഗമേറിയ താരങ്ങളായി മണിപ്പൂരിനായി ഇറങ്ങിയ മലയാളി താരം ഷമീർ മോനും കർണാടകയുടെ റീനാ ജോർജും ഓടിയെത്തി.

ഇന്നലെ മൂന്നു സ്വർണവും രണ്ടു വെങ്കലവുമടക്കം അഞ്ചു മെഡലുകളാണ് കേരളം സ്വന്തമാക്കിയത്.

പുരുഷന്മാരുടെ 110 മീറ്റർ ഹർഡിൽസിൽ ഡി. ശ്രീകാന്ത്, വനിതകളുടെ ട്രിപ്പിൾ ജമ്പിൽ ശിൽപാ ചാക്കോ, 100 മീറ്റർ ഹർഡിൽസിൽ എം. സുഗിന എന്നിവരാണ് ഇന്നലെ സ്വർണം കേരളത്തിന്റെ പട്ടികയിലെത്തിച്ചത്.


വനിതകളുടെ 100 മീറ്റർ ഹർഡിൽസിൽ എം. സുഗിനയിലൂടെയാണ് ഇന്നലെ മെഡൽവേട്ട ആരംഭിച്ചത്. 14.17 സെക്കൻഡിലാണ് സുഗിന സ്വർണത്തിൽ മുത്തമിട്ടത്. പുരുഷന്മാരുടെ വിഭാഗം 110 മീറ്റർ ഹർഡിൽസിൽ സ്വർണവും വെങ്കലവും മലയാളികൾ കീശയിലാക്കി. 14.54 സെക്കൻഡിൽ ഓടിയെത്തിയാണ് ശ്രീകാന്ത് ഒന്നാമനായത്. 15.29 സെക്കൻഡിലാണ് ആർ. അക്ഷയ് വെങ്കലം നേടിയത്.

വനിതകളുടെ ട്രിപ്പിൾ ജംപിൽ 13.22 മീറ്റർ ചാടിയാണ് ശിൽപ സ്വർണമണിഞ്ഞത്. ഇന്ന് ഒൻപത് ഫൈനലുകൾ നടക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.