പറങ്കികൾ പോളണ്ടിനെതിരേ
പറങ്കികൾ പോളണ്ടിനെതിരേ
Wednesday, June 29, 2016 11:37 AM IST
യൂറോ ആദ്യ ക്വാർട്ടറിൽ ഇന്ന് പോർച്ചുഗൽ – പോളണ്ട് പോരാട്ടം രാത്രി 12.30ന്

മാഴ്സെ: യൂറോകപ്പ് ഫുട്ബോളിന്റെ ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾക്ക് ഇന്നു തുടക്കമാകും. സെമി ഫൈനൽ ലക്ഷ്യമാക്കി പോർച്ചുഗലും പോളണ്ടുമാണ് ആദ്യ ക്വാർട്ടറിൽ ഏറ്റുമുട്ടുന്നത്. യൂറോ കപ്പിൽ ഇതുവരെയുള്ള മത്സരങ്ങളിൽ മികച്ച പ്രതിരോധം തീർത്തുകൊണ്ട് ക്വാർട്ടർ ഫൈനലിലെത്തിയ ടീമാണ് പോളണ്ട്. പോളണ്ട് യൂറോയിൽ മൂന്നു ജയം നേടിയപ്പോൾ പോർച്ചുഗലിന് പ്രീക്വാർട്ടറിൽ മാത്രമേ ജയിക്കാനായുള്ളൂ. ഗ്രൂപ്പ് മത്സരങ്ങളെല്ലാം സമനിലയാകുകയായിരുന്നു. 2012 മാർച്ച് ഒന്നിനാണ് പോർച്ചുഗലും പോളണ്ടും അവസാനമായി നേർക്കുനേർ വരുന്നത്. ആ മത്സരം ഗോൾരഹിതമാകുകയായിരുന്നു. 2007 സെപ്റ്റംബർ ഒമ്പതിനു നടന്ന യൂറോ യോഗ്യത മത്സരം 2–2ന് സമനിലയാകുകയായിരുന്നു. 2006 ഒക്ടോബർ 12നാണ് പോളണ്ട് അവസാനമായി പോർച്ചുഗലിനെ തോൽപ്പിക്കുന്നത്. 2002 ലോകകപ്പിൽ പോർച്ചുഗൽ എതിരില്ലാത്ത നാലു ഗോളിനു പോളണ്ടിനെ തോൽപ്പിച്ചിരുന്നു.

യൂറോയിലെ ഏറ്റവും മികച്ച പ്രതിരോധവും ഏറ്റവും വേഗമേറിയ താരവും തമ്മിലുള്ള പോരാട്ടമാണ് പോർച്ചുഗൽ–പോളണ്ട് മത്സരം. യുഎസ് ലൈഫ്സ്റ്റൈൽ മാസികയായ മെൻസ് ഹെൽത്ത് പുറത്തുവിട്ട കണക്കുപ്രകാരം റൊണാൾഡോ മണിക്കൂറിൽ 32 കിലോമീറ്റർ വേഗമാണ് കൈവരിക്കുന്നതെന്ന് വെളിപ്പെടുത്തി. വായുവിൽ റൊണാൾഡോയ്ക്ക് ഒരു മീറ്റർ ഉയരത്തിൽ ചാടി നിൽക്കാനാകുമെന്നും മാസിക പറയുന്നു. ശരാശരി ഒരു മത്സരത്തിൽ റൊണാൾഡോ 16 കിലോമീറ്ററോളമാണ് ഓടുന്നതെന്നും മാസിക പറയുന്നു. തുടക്കത്തിൽ മികവിലെത്താൻ പാടുപെട്ട റൊണാൾഡോ വേണ്ട സമയത്ത് തന്റെ മികവിലെത്തി. ഹംഗറിക്കെതിരെയുള്ള മത്സരത്തിൽ രണ്ടു ഗോളുമായി പോർച്ചുഗീസ് നായകൻ പിന്നിൽനിന്നു ടീമിനു സമനില നൽകി പ്രീക്വാർട്ടറിലെത്തിച്ചു. പ്രീക്വാർട്ടറിലെത്തിയപ്പോൾ ക്രൊയേഷ്യയായിരുന്നു എതിരാളികൾ. മത്സരം മുഴുവൻ സമയത്ത് ഗോൾരഹിതമായതോടെ അധിക സമയത്തേക്കു കടന്നു. അധിക സയമയത്ത് കളി തീരാൻ മൂന്നു മിനിറ്റ് ബാക്കിയുള്ളപ്പോൾ റിക്കാർഡോ ക്വാറെസ്മയുടെ ഗോളിൽ പോർച്ചുഗൽ ക്വാർട്ടറിലെത്തി. റൊണാൾഡോയുടെ ഷോട്ടിലൂടെയാണ് ക്വറെസ്മോയ്ക്ക് വിജയ ഗോൾ നേടാനായതും. റൊണാൾഡോയ്ക്കൊപ്പം നാനിയും മികവിച്ച ഫോമിലാണ്. കൗമാര വിസ്മയതാരം റെനറ്റോ സാഞ്ചസ് ടീമിന്റെ മുന്നേറ്റക്കാർക്ക് പന്തെത്തിക്കുന്നതിനും ടീമിനെ തന്നെ ഉത്തേജിപ്പിക്കുന്നതിനും മിടുക്കനാണ്.


പ്രതിരോധമാണ് പോളണ്ടിന്റെ കരുത്ത്. ഗോൾ നേടിയ ശേഷം എതിരാളിയുടെ മുന്നേറ്റത്തെ പ്രതിരോധംകൊണ്ട് തകർക്കുകയാണ് പോളണ്ട് ഇതുവരെ തുടർന്ന ശൈലി. ലീഗ് മത്സരങ്ങളിൽ രണ്ടു ഗോൾ മാത്രമേ പോളണ്ട് നേടിയുള്ളു. കരുത്തരായ ജർമനിയെ ഗോൾരഹിതസമനിലയിൽ തളയ്ക്കാനുമായി.

ഈ വർഷം മൂന്നു ഗോൾ മാത്രമേ പോളണ്ട് വഴങ്ങിയിട്ടുള്ളൂ. ഇതിൽ ഒന്ന്് യൂറോ കപ്പ് പ്രീക്വാർട്ടറിൽ സ്വിറ്റ്സർലൻഡിനെതിരെയായിരുന്നു. ആ പെനാൽറ്റി ഷൂട്ടൗട്ടിൽ സ്വിറ്റ്സർലൻഡിനെ 5–4ന് തോൽപ്പിച്ച് പോളണ്ട് ക്വാർട്ടറിലെത്തി. ഒരു ഗോളിനു മുന്നിൽ നിന്നശേഷം അവസാന മിനിറ്റുകളിൽ ഗോൾ വഴങ്ങിയതാണ് മത്സരം അധിക സമയത്തേക്കു നീട്ടിയത്. അധിക സമയത്ത് സ്വിറ്റ്സർലൻഡ് പോരാടിയെങ്കിലും പോളിഷ് പ്രതിരോധം ഭേദിക്കാനായില്ല. യുറോ യോഗ്യത മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ നായകൻ റോബർട്ട് ലെവൻഡോസ്കിക്ക് ഇതുവരെ മികവിലെത്താനായിട്ടില്ല. സ്വിറ്റ്സർലൻഡിനെതിരെ രണ്ടു തവണ വല ലക്ഷ്യമാക്കി പന്തു തൊടുത്തതെങ്കിലും വല കുലുക്കാനായില്ല. എന്നാൽ ഷൂട്ടൗട്ടിൽ ലെവൻഡോസ്കി ആദ്യ ഗോൾ നേടി ടീമിനെ ഉത്തേജിപ്പിച്ചു. എന്നാൽ, ജാക്കൂബ് ബ്ലാസോവ്സ്കി, അർകാഡിയുസ് മിലിക് എന്നിവരാണ് പോളണ്ടിനുവേണ്ടി കഴിഞ്ഞ മത്സരങ്ങളിൽ ഗോൾ നേടിയത്. ബ്ലാസോവ്സ്കി രണ്ടു തവണ വലകുലുക്കി.

ഗ്രൂപ്പ് മത്സരത്തിൽ മൂന്നു തവണ ഗോൾ വഴങ്ങിയ പോർച്ചുഗലിന്റെ പ്രതിരോധം പ്രീക്വാർട്ടർ മത്സരത്തിൽ മികച്ചുനിന്നു. ക്രൊയേഷ്യയുടെ ആക്രമണങ്ങളെ ചെറുത്തുനിൽക്കാൻ പെപെയുടെ നേതൃത്വത്തിലുള്ള പ്രതിരോധനിരയ്ക്കാകുകയും ചെയ്തു. കൗണ്ടർ അറ്റാക്കിംഗിലാണ് പോളണ്ടിന്റെ കരുത്ത്. സ്വിറ്റ്സർലൻഡിനെതിരേ നേടിയ ഗോളും കൗണ്ടർ അറ്റാക്കിംഗിന്റെ മികവായിരുന്നു. ഈ ആക്രമണ മികവ് പോർച്ചുഗലിന്റെ പ്രതിരോധത്തിന് പിടിപ്പതു പണിയുണ്ടാക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.