ഇംഗ്ളണ്ടിനു യൂറോക്സിറ്റ്
ഇംഗ്ളണ്ടിനു യൂറോക്സിറ്റ്
Tuesday, June 28, 2016 11:23 AM IST
<ആ>ജോസ് കുമ്പിളുവേലിൽ

പാരീസ്: ഇംഗ്ലണ്ടിനു യൂറോക്സിറ്റ്. യൂറോ കപ്പിലെ പ്രീ ക്വാർട്ടറിൽ ഇംഗ്ലണ്ടിനു ചരിത്രത്തിലെ നാണം കെട്ട പരാജയം. ദുർബലരെന്നു കരുതിയ ഐസ്ലൻഡിനു മുന്നിൽ ഒന്നിനെതിരേ രണ്ടു ഗോളുകൾക്ക് ഇംഗ്ലണ്ട്് അടിയറവു പറഞ്ഞു. റൂണിയുൾപ്പെടുന്ന വമ്പൻമാരായ ഇംഗ്ലണ്ടിനെ ഐസാക്കിയാണ് ക്വാർട്ടർ കാണിക്കാതെ യൂറോകപ്പിൽ നിന്നും ഐസ്്ലൻഡ് പടിയിറക്കിയത്. ഇതോടെ യൂറോയിൽ നിന്നും ഇംഗ്ലണ്ട് എക്സിറ്റാവുകയും ചെയ്തു. ചരിത്രത്തിലാദ്യമായി ഒരു മേജർ ടൂർണമെന്റിൽ പങ്കെടുക്കാനെത്തിയ ഐസ്ലൻഡ് ഇംഗ്ലണ്ടിനെതിരായ വിജയം രാജകീയമാക്കി. കേവലം 3.5 ലക്ഷം പേർ അധിവസിക്കുന്ന ഒരു രാജ്യത്തുനിന്നെത്തിയവർ, ഇംഗ്ലണ്ട് പോലെ ഫുട്ബോൾ ശ്വസിക്കുന്ന ഒരു രാജ്യത്തെ പരാജയപ്പെടുത്തിയത് ഐസ്്ലൻഡിന്റെ ഓരോ താരത്തിനും അഭിമാനിക്കാവുന്ന നേട്ടമായി.

വമ്പന്മാരെന്നു തെളിയിക്കാൻ ,ആദ്യവിസിൽ മുഴങ്ങി നാലാം മിനിറ്റിൽത്തന്നെ ഇംഗ്ലണ്ടിന്റെ അതികായനായ റൂണി വെയ്ൻ സ്വന്തം ചാതുര്യത്താൽ ഐസ്ലൻഡിന്റെ വല തുളച്ചതിന്റെ മറുപടിയെന്നോണം അതേ നാണയത്തിൽ ആറാം മിനിറ്റിൽ ഇംഗ്ലണ്ടിന്റെ വല കീറിയത് അവരുടെ മാറത്തേറ്റ കനത്ത പ്രഹരമായി. ആദ്യത്തെ ഗോളിന്റെ നേട്ടത്തിൽ ബ്രിട്ടീഷ് ആരാധകരുടെ വിജയാരവം മുഴങ്ങിത്തീരും മുമ്പേ ഐസ്ലൻഡിൽ നിന്നും കിട്ടിയ മടക്ക ഗോളിൽ ബ്രിട്ടീഷുകാർ ഒന്നടങ്കം ഞെട്ടിത്തരിച്ചുപോയി.

ക്യാപ്റ്റൻ വെയ്ൻ റൂണിയിലൂടെ ഇംഗ്ലണ്ടാണ് മത്സരത്തിൽ ആദ്യം ലീഡ് നേടിയത്. റഹീം സ്റ്റെർലിംഗിനെ ഐസ്ലൻഡ് ഗോളി ഹൾഡോർസൺ ഫൗൾ ചെയ്തതിനു ലഭിച്ച പെനാൽറ്റിയിൽ നിന്നായിരുന്നു ഇത്. എന്നാൽ, രണ്ടു മിനിറ്റിനുള്ളിൽ ഗോൾ മടക്കാൻ ഐസ്ലൻഡിനു സാധിച്ചു. കാരി അർനസന്റെ ഹെഡർ പാസിൽനിന്നും റാഗ്നർ സിഗർഡ്സണിന്റെ ക്ലോസ് റേഞ്ച് ഷോട്ടിനു മറുപടിയുണ്ടായില്ല ഇംഗ്ലീഷ് ഗോളിയുടെ പക്കൽ. ടൂർണമെന്റിൽ ഇതുവരെ മികച്ച പ്രകടനം കാഴ്ചവച്ച ഗോളി ജോ ഹാർട്ടിൽ നിന്ന് അപൂർവമായി സംഭവിച്ച ഒരു പിഴവ് ടൂർണമെന്റിൽ ഇംഗ്ലണ്ടിന്റെ ഭാവി പൂർണമായി അടച്ചു കളയുകയും ചെയ്തു. പതിനെട്ടാം മിനിറ്റിൽ വീണ്ടും ഇംഗ്ലണ്ടിന്റെ കരൾ പിളർന്ന് രണ്ടാം ഗോളും ഐസ്ലൻഡ് വലയിലെത്തിച്ചു. ഓർക്കാപ്പുറത്തുള്ള മരണവിളിപോലെ കയറിയ ഗോളിൽ ഇംഗ്ലണ്ട് പിടയുന്ന കാഴ്ചയാണ് നീസ് സ്റ്റേഡിയത്തിൽ കാണാൻ കഴിഞ്ഞത്.

മുന്നേറ്റക്കാരൻ കോൾബിൻ സിഗ്തോർസന്റെ ഇടംകാലൻ ഷോട്ട് ഇംഗ്ലീഷ് വൻമതിലിനെ പിൻതള്ളിയാണ് ഗോളായത്. ബോക്സിനു മധ്യത്തിൽ നിന്നു നിറയൊഴിച്ച സിഗ്തോർസന്റെ മുന്നിൽ കാഴ്ചക്കാരായി നിൽക്കാനേ ഇംഗ്ലീഷ് താരങ്ങൾക്കായുള്ളൂ. ബോഡിവാർസണിൽ നിന്നും ലഭിച്ച പാസ് അളന്നു കുറിച്ച് വലയിലെത്തി്ക്കുന്ന ജോലി സിഗതോർസൻ കൃത്യമായി ചെയ്തപ്പോൾ സ്റ്റേഡിയത്തിലുണ്ടായിരുന്ന ഐസ്ലൻഡ് ആരാധകരുടെ ആവേശത്തിൽ നീസിലെ പുൽത്തകിടിപോലും കോരിത്തരിച്ചു.

മൈതാനം അടക്കിവാഴാൻ കൊതിച്ച ഇംഗ്ലണ്ടിന് പക്ഷെ പിഴവുകൾ ഒക്കെയും തിരിച്ചടിയായി. ഐസ്ലൻഡിനേക്കാൾ ഗോളവസരം ലഭിച്ചത് ഇംഗ്ലണ്ടിനായിരുന്നു. നൈസായി കളിച്ച ഇംഗ്ലണ്ടിന്റെ പതനം നീസ് സ്റ്റേഡിയത്തിൽ ഉറപ്പിച്ചതും അതിന്റെ പരിണിത ഫലം തന്നെയാണ്. പന്തടക്കത്തിൽ മുന്നിട്ടു നിന്ന ഐസ്ലൻഡ് മുന്നേറ്റനിരയ്ക്കൊപ്പം പ്രതിരോധത്തെ സംയോജിപ്പിച്ചാണ് വമ്പന്മാരെ മുട്ടുകുത്തിച്ചത്.

ആദ്യപകുതിയിലെ മുന്നേറ്റത്തിന്റെ പിറകെ രണ്ടാം പകുതിയും ഐസ്ലൻഡ് കീഴടക്കിയെങ്കിലും നിർഭാഗ്യത്തിന്റെ നിഴലാവും ഗോൾ പട്ടിക ഉയർത്താതെ പോയത്. പക്ഷെ ഒന്നുറപ്പിച്ചു പറയാം. കോൽബീൻ സിഗ്തോർസണിന്റെ ഗോൾ ലോകമെമ്പാടുമുള്ള ഇംഗ്ലീഷ് ആരാധകരെ ഒടുവിൽ നിരാശയിലാഴ്ത്തുക തന്നെ ചെയ്തു.


2006 നു ശേഷം ഇന്നു വരെ ഇംഗ്ലണ്ട് ഒരു നോക്കൗട്ട് മത്സരവും ജയിച്ചിട്ടില്ല. യൂറോപ്യൻ ഫുട്ബോൾ ചരിത്രത്തിൽ കന്നിക്കാരായി രംഗപ്രവേശം ചെയ്ത രാജ്യമെല്ലന്നു തെളിയിക്കുന്ന അനുപമമായ ആക്രമണ ശൈലിയും പഴുതടച്ച പ്രതിരോധവും നിരത്തി ഐസ്ലൻഡിന്റെ പടക്കുതിരകൾ കരുക്കൾ നീക്കിയപ്പോൾ പൊലിഞ്ഞത് വർഷങ്ങളോളം തലയുയർത്തി നിന്ന ഫുട്ബോൾ രാജാക്കന്മാരുടെ സ്വപ്നമാണ്.

കളി തീരുമ്പോഴും പരാജയത്തിന്റെ ആഘാതത്തിൽ നിന്നും ഇംഗ്ലണ്ടിന് ഉയിർത്തെണീക്കാൻ കഴിയാതെ തലകുമ്പിട്ട് മൈതാനം വിടേണ്ടി വന്നു. “ഐസ്ലൻഡ് 4”4–2 എന്ന “ഗീവ് ആൻഡ് ഗോ” ഫോർമേഷനിൽ മൈതാനം തകർത്താടിയപ്പോൾ ഇംഗ്ലണ്ടിന്റെ പരമ്പരാഗത ശൈലിയായ 4–3–3ന് ക്ലച്ച് പിടിക്കാനായില്ല.

87–ാം മിനിറ്റിൽ റൂണിക്കു പകരക്കാരനായി ഇറങ്ങിയ റാഷ്ഫോർഡ് സമനിലയ്ക്കായി ശ്രമിച്ച പ്രകടനങ്ങളും കളി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കിയുള്ളപ്പോൾ ഇംഗ്ലണ്ടിന്റെ ഡെലെ ആലിയുടെ ഹെഡറും ലക്ഷ്യം കാണാതെ പോയതോടെ ഇംഗ്ലീഷുകാരുടെ ക്വാർട്ടർ സ്വപ്നം പൊലിഞ്ഞു. കളി നിയന്ത്രിച്ചിരുന്ന സ്ലൊവേനിയക്കാരനായ റഫറി ഡമീർ സ്കോമിനയ്ക്ക് മൂന്നു പ്രാവശ്യം മാത്രമേ മഞ്ഞക്കാർഡ് ഉയർത്തേണ്ടിവന്നുള്ളൂ.

രണ്ടു സമനിലയും അവസാന മത്സരത്തിൽ ഇറ്റലിയെ പരാജയപ്പെടുത്തിയും ഗ്രൂപ്പ് ചാമ്പ്യന്മാരായ ഐസ്്ലൻഡ് നോക്കൗട്ടിൽ ഇംഗ്ലണ്ടിനെയും മറികടന്ന് ഞായറാഴ്ച ആതിഥേയരായ ഫ്രാൻസുമായി ക്വാർട്ടർ ഫൈനലിൽ കൊമ്പുകോർക്കും.

<ആ>അമിത ആത്മവിശ്വാസത്തിനുള്ള പിഴ

നിരന്തരം പരാജയങ്ങൾ മാത്രം സമ്മാനിച്ചിട്ടും റോയ് ഹോജ്സൺ എന്ന ശരാശരിക്കാരനായ പരിശീലകനിൽ അർപ്പിച്ച അമിത ആത്മവിശ്വാസത്തിന്റെ വിലയാണ് യൂറോ കപ്പിൽ ഇംഗ്ലണ്ടിന്റെ അകാല ചരമം. മെസി വിരമിക്കുമ്പോൾ അർജന്റൈൻ ആരാധകർ കരയുന്നതു പോലെ ഒരു ഇംഗ്ലീഷ് ആരാധകനും ഹോജ്സണു വേണ്ടി കണ്ണീരൊഴുക്കില്ല. മറിച്ച്, ആശ്വാസത്തോടെ നെടുവീർപ്പിടുകയേ ചെയ്യൂ, ഇനിയെങ്കിലും ടീം നന്നായേക്കുമെന്നോർത്ത്

യൂറോ കപ്പ് പ്രീ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഐസ്ലൻഡിനോടു തോറ്റതിനു പിന്നാലെ ആയിരുന്നു ഹോജ്സന്റെ രാജി പ്രഖ്യാപനം. വിലക്കാനും തടയാനും ആശ്വസിപ്പിക്കാനും ആരുമുണ്ടായില്ല.

ഹോജ്സണെ പരിശീലകനായി നിയമിക്കുക എന്നത് ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷന് അധ്വാനമില്ലാത്തൊരു ജോലിയായിരുന്നു. ആ മടിക്കു കൂടിയാണ് ഇപ്പോൾ പ്രതിഫലം കിട്ടിയിരിക്കുന്നത്. യൂറോ കപ്പിൽ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന പരിശീലകനും മറ്റാരുമായിരുന്നില്ല.

ഐസ്ലൻഡ് എന്തു ചെയ്യാൻ പോകുന്നു എന്നത് വളരെ കൃത്യമായി എല്ലാവർക്കും അറിയാമായിരുന്നു. എന്നിട്ടും കളിക്കളത്തിൽ അതു മറികടക്കാൻ ഹോജ്സന്റെ പക്കൽ ഒരു പദ്ധതിയും ഇല്ലായിരുന്നു എന്നതാണ് അദ്ദേഹത്തിന്റെ ഈ പുറത്തുപോക്കിനെ കൂടുതൽ ദയനീയമാക്കുന്നത്. അതേസമയം, ഐസ്്ലൻഡ് എന്ന ഫുട്ബോൾ ശക്‌തി ലോകത്ത് ഉദിച്ചുയരുന്നതിനും ഈ യൂറോ സാക്ഷ്യം വഹിച്ചു. 2004ൽ ഗ്രീസ് കിരീടം നേടിയപോലെ ഐസ്ലൻഡിനു സാധിക്കില്ല എന്നും പറയാനാവില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.