നീനയുടെ സ്വർണച്ചാട്ടം
നീനയുടെ സ്വർണച്ചാട്ടം
Tuesday, June 28, 2016 11:23 AM IST
ഹൈദരാബാദ്: അമ്പത്തിയാറാമത് അന്തർ സംസ്‌ഥാന സീനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ആദ്യദിനം കേരളത്തിനു നിരാശ. ആറു ഫൈനലുകൾ നടന്നപ്പോൾ കേരളത്തിനു ലഭിച്ചത് ഒരു സ്വർണവും ഒരു വെള്ളിയും രണ്ടു വെങ്കലവും മാത്രം. വനിതകളുടെ ലോംഗ് ജംപിൽ വി. നീനയാണ് കേരളത്തെ പൊന്നണിയിച്ചത്. 6.45 മീറ്റർ ദൂരം കണ്ടെത്തിയ നീനയ്ക്കു പിന്നിൽ രണ്ടാമതായി ഫിനിഷ് ചെയ്തത് കോമൺവെൽത്ത് ഗെയിംസ് വെള്ളി മെഡൽ ജേതാവ് എം.എ. പ്രജുഷയാണ്. 6.29 മീറ്ററാണ് പ്രജുഷ കണ്ടെത്തിയ ദൂരം. മഹാരാഷ്്ട്രയുടെ ശ്രദ്ധ ഖുലെയാണ്(5.98 മീറ്റർ) മൂന്നാമത്. കോഴിക്കോട് കൊയിലാണ്ടി സ്വദേശിയാണ് നീന. ഈ വർഷം തന്നെ പ്രജുഷയെ രണ്ടാം തവണയാണ് നീന രണ്ടാമതാക്കുന്നത്. ഇന്ത്യൻ ഗ്രാൻഡ്പ്രീയിലും ഫെഡറേഷൻ കപ്പിലും നീനയായ്ക്കായിരുന്നു സ്വർണം. മികച്ച പ്രകടനം നടത്താനായതിൽ സന്തോഷമുണ്ടെന്ന് 25കാരിയായ നീന പറഞ്ഞു. വനിതകളുടെ ഹാമർ ത്രോയിൽ കേരളത്തിന്റെ ആതിര മുരളീധരൻ വെങ്കലം നേടി. മികച്ച വ്യക്‌തിഗത പ്രകടനത്തോടെ(50.24 മീറ്റർ)യാണ് ആതിര വെങ്കലം നേടിയത്. ഉത്തർപ്രദേശിന്റെ സരിത പ്രകാശ്സിംഗിനാണു (61.19 മീറ്റർ) സ്വർണം ഹരിയാനയുടെ റീനയ്ക്കാണു (54.23 മീറ്റർ) വെള്ളി. പുരുഷന്മാരുടെ പോൾവോൾട്ടിൽ കേരളത്തിന്റെ കെ.പി. ബിമിനും വെങ്കലം നേടി.


ഇന്നലെ രാവിലെ ആദ്യം നടന്ന ദീർഘ ദൂര ഇനങ്ങളിലെ രണ്ടു സ്വർണവും തമിഴ്നാടിനാണ്. വനിതകളുടെ 10000 മീറ്ററിൽ എൽ. സൂര്യക്കാണു സ്വർണം. തിരുച്ചിറപ്പള്ളി സ്വദേശിനിയായ സൂര്യ 33 മിനിറ്റ് 27.01 സെക്കൻഡിലാണ് 10000 മീറ്റർ പൂർത്തിയാക്കിയത്. പരിശീലനത്തിൽ സൂര്യക്കൊപ്പമുള്ള മഹാരാഷ്്ട്രയുടെ സ്വീതി ഗദ്ദാവെ വെള്ളിയും മഹാരാഷ്്ട്രയുടെ തന്നെ സഞ്ജീവനി യാദവിനു വെങ്കലവും ലഭിച്ചു. ദക്ഷിണേഷ്യൻ ഗെയിംസിൽ മീറ്റ് റിക്കാർഡോടെ 5000 മീറ്ററിലും 10000 മീറ്ററിലും സൂര്യ സ്വർണം നേടിയിരുന്നു. പുരുഷന്മാരുടെ 5000 മീറ്ററിൽ തമിഴ്നാടിന്റെ ജി. ലക്ഷ്മണൻ സ്വർണത്തിലേക്ക് ഓടിയെത്തിയത് 14 മിനിറ്റ് 06.04 സെക്കൻഡിലാണ്. ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയ ലക്ഷ്മണ് പക്ഷേ ഒളിമ്പിക് ബെർത്ത് ഉറപ്പിക്കാനായില്ല. 2013ലും 2015ലും 5000 മീറ്ററിൽ ലക്ഷ്മണനായിരുന്നു ചാമ്പ്യൻ. വനിതകളുടെ ഷോട്ട്പുട്ടിൽ മൻപ്രീത് കൗർ സ്വർണം നേടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.