എക്സ്ട്രാ ക്വറെസ്മ
എക്സ്ട്രാ ക്വറെസ്മ
Sunday, June 26, 2016 11:37 AM IST
<ആ>ജോസ് കുമ്പിളുവേലിൽ

പാരീസ്: ഫുട്ബോൾ എന്നാൽ ഒരു കളി മാത്രമല്ല പിന്നയോ ഭാഗ്യത്തിന്റെ മത്സരം കൂടിയാണെന്നു തെളിയിക്കുന്നതായിരുന്നു ശനിയാഴ്ച നടന്ന യൂറോകപ്പിലെ മൂന്നാമത്തെ പ്രീ കാർട്ടർ പോരാട്ടം. കളിച്ചതു ക്രൊയേഷ്യയെങ്കിൽ ജയിച്ചത് പോർച്ചുഗലും. കളിയുടെ ഗതിക്കു വിപരീതമായ ഫലം. 117–ാം മിനിറ്റിൽ പോർച്ചുഗൽ ക്വറെസ്മയിലൂടെ നേടിയ അപ്രതീക്ഷിതമായ ഗോൾ (1–0) ക്രൊയേഷ്യയുടെ സർവനാഡികളും തളർത്തി. ക്രൊയേഷ്യയുടെ നെഞ്ചകം തകർത്ത് പോർച്ചുഗൽ ക്വാർട്ടറിൽ.

മത്സരത്തിൽ ഗോൾരഹിത സമനിലയിൽ സാധാരണ സമയവും കഴിഞ്ഞുള്ള എക്സ്ട്രാ ടൈമിലാണ് പോർച്ചുഗൽ കരുതിവെച്ചിരുന്ന വിജയത്തിന്റെ ഗോൾ പിറന്നത്. അതും ഒരു ക്ലാസിക് കളിയുടെ ആഢ്യത്വം കൈവന്ന നേരമായിരുന്നു വിധി നിർണ്ണയിച്ച ആ ഗോളിന്റെ പിറവി. മിനിറ്റുകളോളം പോർച്ചുഗൽ ബോക്സിൽ മേളിച്ചിരുന്ന പന്ത് കൈക്കലാക്കിയ പോർച്ചുഗൽ താരം റെനാറ്റൊ സാഞ്ചസ് ക്രൊയേഷ്യയുടെ വല ലക്ഷ്യമാക്കി കുതിച്ചതിന്റെ പിന്നാലെ ബോക്സിന്റെ അരികിൽ നിന്നിരുന്ന നാനി അത് ഏറ്റു വാങ്ങി. നാനിയിൽ നിന്ന് റൊണോൾഡോയുടെ ബൂട്ടിലെത്തിയതും റൊണാൾഡോ അസ്ത്രം കണക്കെ നെറ്റിലേക്കു പായിച്ചതും എല്ലാം പെട്ടെന്നായിരുന്നു. പക്ഷേ, റൊണാൾഡോയുടെ കൂറ്റൻ അടി ഗോളി ഡാനിയൽ സുബാസിക് തടഞ്ഞത് റീബൗണ്ടായി വന്നത് ഗോൾപോസ്റ്റിന്റെ മുന്നിൽ അര മീറ്റർ പോലും അകലെയല്ലാതെ നിന്ന റിക്കാർഡോ ക്വറെസ്മയുടെ തലയിലേക്കായിരുന്നു. എന്നാൽ, ക്വറെസ്മെയുടെ ഒരൊറ്റ തലകുലുക്കത്തിൽ ക്രൊയേഷ്യൻ വലയും കുലുങ്ങി ഗോളായിക്കഴിഞ്ഞിരുന്നു.

ആദ്യ വിസിൽ മുതൽ പറങ്കി വീരന്മാരോടു കൊണ്ടുംകൊടുത്തും പോരാട്ടം നടത്തിയ ക്രൊയേഷ്യയുടെ ഏറ്റവും മികച്ച കളിയായിരുന്നു ഫ്രാൻസിലെ ലെൻസ് സ്റ്റേഡിയത്തിൽ നടത്തിയത്. ഒരേ ഒരു ഗോളിന് തോൽവി സമ്മതിച്ച് യൂറോ കപ്പിൽ നിന്നും പുറത്തായെങ്കിലും പോരാട്ടവീരന്മാരാണെന്നു ഒരിക്കൽക്കൂടി തെളിയിച്ചുകൊണ്ടാണ് ക്രൊയേഷ്യൻ പടക്കുതിരകൾ മൈതാനം വിട്ടത്. അടിമുടി മിന്നുന്ന ഫോമിൽ നിന്നുള്ള പ്രകടനത്തിന്റെ പര്യവസാനം ക്രൊയേഷ്യ്ക്ക് കണ്ണീരും വേദനയും ലഭിച്ചത് നിർഭാഗ്യം ഒന്നുകൊണ്ടു മാത്രമാണ്. അധിക സമയത്തിന്റെ അവസാന മൂന്നു മിനിറ്റിൽ കിട്ടിയ നിരവധി സുവണ്ണാവസരങ്ങൾ കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടപ്പെട്ടതുപോലെയായി.

അതും കളി തീരാൻ മൂന്നു മിനിറ്റു മാത്രം ബാക്കിയുള്ളപ്പോൾ ക്രൊയേഷ്യയുടെ മാറു പിളർന്നുകൊണ്ടുള്ള ഒരു ഹെഡറിൽ ക്രൊയേഷ്യയുടെ ക്വാർട്ടർ മോഹങ്ങൾ മാത്രമല്ല യൂറോ കപ്പിലെ സർവ സൗഭാഗ്യങ്ങളും കടപുഴകി വീണ നിമിഷമായിരുന്നു അത്. തലങ്ങനെയും വിലങ്ങനെയും ഗോളെന്നുറപ്പിച്ച് അടിച്ച ഷോട്ടുകൾ ലക്ഷ്യം കാണാതെപോയത് മിക്കപ്പോഴും തലനാരിഴ വ്യത്യാസത്തിനായിരുന്നു.


റിക്കാർഡോ ക്വറെസ്മയാണ് പോർച്ചുഗലിനു വേണ്ടി ക്രൊയേഷ്യയുടെ ചങ്കിൽ കുത്തി നെറ്റു പിളർന്നത്. ഇത്തവണത്തെ യൂറോ കപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരത്തിലും സമനില മാത്രം നേടി മുന്നോട്ടു കുതിച്ച പോർച്ചുഗലിന്റെ ആദ്യ വിജയം കൂടിയായിരുന്നു ക്രൊയേഷ്യയുടെ മേൽ നേടിയത്.

ആദ്യപകുതിയിലും രണ്ടാം പകുതിയിലും എടുത്തുപറയത്തക്ക ഒരു നീക്കങ്ങളോ ചലനങ്ങളോ ഇരുടീമുകൾക്കും നടത്താനായില്ല. പ്രാഥമിക മൽസരങ്ങളുടെ അവസാനം ഹംഗറിയെ കെട്ടുകെട്ടിച്ച പോർച്ചുഗലിന്റെ സൂപ്പർ താരം ക്രി സ്റ്റ്യാനോയ്ക്കും ഈ മത്സരത്തിൽ കാര്യമായി ഒന്നും ചെയ്യാനായില്ല. മധ്യനിരയിൽനിന്ന് റൊണാൾഡോയിലേക്കു പന്തെത്തിക്കാൻ ആരും തന്നെയില്ലാതെവന്നത് അദ്ദേഹത്തെ നിസഹായനാക്കി. അതിൽനിന്ന് അൽപം വ്യത്യാസമായി മൈതാനം കുറെ നേരമെങ്കിലും അടക്കി വാണത് പോർച്ചുഗൽ മുൻനിര താരം നാനിയായിരുന്നു. എന്നാൽ, ഗോളടിക്കുന്നതിൽ അദ്ദേഹവും പരാജയപ്പെട്ടു. പോർച്ചുഗലിന്റെ മുന്നേറ്റങ്ങൾക്ക് നെടുംതൂണായി നിന്ന 50–ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ മദ്ധ്യതാരം റെനാറ്റൊ സാഞ്ചസായിരുന്നു കളിയിലെ കേമൻ.

ക്രൊയേഷ്യയുടെ സ്റ്റാർ സ്ട്രൈക്കർ ലൂക മോഡ്രിച്ച്, മരിയോ മാൻകുസിച്, ഇവാൻ റാകിടിച്ച്, പെരിസിച്ച്, കാലിനിച്ച് തുടങ്ങിയ താരങ്ങളുടെ മിന്നും പ്രകടനം ക്രെയേഷ്യൻ ആരാധകരെ ആവേശത്തിലെത്തിച്ചെങ്കിലും ഗോളടി്ക്കുന്നതിലെ തകരാറ് ടീമിന്റെ നഷ്ടമായി. 78ാം മിനിറ്റിൽ പോർച്ചുഗലിന്റെ വില്യം കർവാലോയുടേതടക്കം രണ്ടു മഞ്ഞക്കാർഡ് കണ്ടതൊഴിച്ചാൽ മത്സരത്തിൽ മറ്റൊരു പരുക്കൻ കളിയുമുണ്ടായില്ല. അധികസമയത്തിന്റെ അവസാന നിമിഷങ്ങളിൽ ഒരു സമനിലയ്ക്കായി ക്രൊയേഷ്യക്കാർ കിണഞ്ഞു പരിശ്രമിച്ചെങ്കിലും വിധിയെ തടുക്കാനുള്ള മന്ത്രം ഇല്ലാതെ പോയി. തോൽവിയുടെ രുചിയും യൂറോകപ്പിൽ നിന്നുള്ള അവരുടെ പുറത്താകലും എല്ലാം ലോംഗ് വിസിലിൽ ഉറപ്പിച്ചിരുന്നു. ടൂർണമെന്റിൽ നിന്നും പ്രാഥമിക റൗണ്ടിൽ പുറത്താകുമെന്നു ഭയപ്പെട്ടിരുന്ന പോർച്ചുഗൽ ആരാധകരാകട്ടെ ഒരു ഗോളിന്റെ വിജയം ആഘോഷമാക്കുകയും ചെയ്തു.സ്വിറ്റ്സർലൻഡിനെ തോൽപ്പിച്ച് പോളണ്ടാണ് പോർച്ചുഗലിന്റെ ക്വാർട്ടറിലെ എതിരാളികൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.