കൊളംബിയ മൂന്നാം സ്‌ഥാനത്ത്
കൊളംബിയ മൂന്നാം സ്‌ഥാനത്ത്
Sunday, June 26, 2016 11:37 AM IST
ഗ്ലെൻഡേൽ: കോപ്പ അമേരിക്ക ശതാബ്ദി ഫുട്ബോൾ ടൂർണമെന്റിൽ കൊളംബിയയ്ക്കു മൂന്നാം സ്‌ഥാനം. ആതിഥേയരായ യുഎസ്എയെ ഏകപക്ഷീയമായ ഒരു ഗോളിനു തോൽപ്പിച്ചാണ് കൊളംബിയ മൂന്നാം സ്‌ഥാനം സ്വന്തമാക്കിയത്. 31–ാം മിനിറ്റിൽ കാർലോസ് ബാക്കയുടെ ഗോളിലായിരുന്നു കൊളംബിയയുടെ ജയം. ടൂർണമെന്റിൽ രണ്ടാം തവണയാണ് കൊളംബിയയുടെ മുന്നിൽ അമേരിക്ക പരാജയപ്പെടുന്നത്. കൊളംബിയയ്ക്കെതിരേ ഗ്രൂപ്പ് മത്സരത്തിൽ പുറത്തെടുത്തതിൽനിന്ന് മെച്ചപ്പെട്ട പ്രകടനമാണ് അമേരിക്ക മൂന്നാം സ്‌ഥാനത്തിനുള്ള മത്സരത്തിൽ കാഴ്ചവച്ചത്. സെമിയിൽ സസ്പെൻഷനെത്തുടർന്ന് പുറത്തായിരുന്ന ജെർമിയൻ ജോൺസ്, അലയാൻഡ്രോ ബെഡോയ, ബോബി വുഡ് എന്നിവർ യുഎസ്എയുടെ ആദ്യ ഇലവനിൽ സ്‌ഥാനം പിടിച്ചു. ഇവരുടെ തിരിച്ചുവരവ് യുഎസ്എയുടെ പ്രകടനത്തെ മെച്ചപ്പെടുത്തി.

കൊളംബിയയുടെ മുന്നേറ്റത്തോടെയാണ് തുടങ്ങിയതെങ്കിലും യുഎസ്എ പതുക്കെ തിരിച്ചുവന്നു. എന്നാൽ, കൊളംബിയയ്ക്കായിരുന്നു ആധിപത്യം. 12–ാം മിനിറ്റിൽ ഹാമിഷ് റോഡ്രിഗസിന്റെ അടി യുഎസ്എ ഗോൾകീപ്പർ ടിം ഹൊവാർഡ് കഷ്‌ടിച്ചു തട്ടിയകറ്റി. 16–ാം മിനിറ്റിൽ യുഎസ്എയുടെ ക്ലിൻഡ് ഡെംപ്സെയ്ക്കു ഗോളാക്കാൻ അവസരം ലഭിച്ചെങ്കിലും പന്ത് വലയിലെത്തിക്കാനായില്ല. 31–ാം മിനിറ്റിൽ ബാക്കയിലൂടെ കൊളംബിയ മുന്നിലെത്തി. സാന്റിയാഗോ അരയിസിന്റെ പാസിലായിരുന്നു ഗോൾ പിറന്നത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ സമനിലയ്ക്കായി യുഎസ്എ തുടർച്ചയായി കൊളംബിയൻ ഗോൾമുഖത്ത് ആക്രമണം അഴിച്ചുവിട്ടെങ്കിലും ഒന്നും ഫലവത്തായില്ല. ഇഞ്ചുറി ടൈമിൽ കൊളംബിയയുടെ അരിയസും അമേരിക്കയുടെ മൈക്കിൾ ഒറോസ്കോയും സംഘട്ടനം നടത്തിയതിന് രണ്ടു പേർക്കും ചുവപ്പ് കാർഡും കിട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.