പോളണ്ടിന്റെ ഷൂട്ടൗട്ടിനേക്കുറിച്ചു മിണ്ടിക്കോ!
പോളണ്ടിന്റെ ഷൂട്ടൗട്ടിനേക്കുറിച്ചു മിണ്ടിക്കോ!
Saturday, June 25, 2016 12:22 PM IST
പാരീസ്: ആദ്യപകുതിയിൽ ഒരു ഗോളിന്റെ മേൽക്കോയ്മ, രണ്ടാം പകുതിയിലും അധികസമയത്തും സ്വിസ് പടയ്ക്കുമുന്നിൽ തലകുനിച്ചു, എന്നാൽ, ഷൂട്ടൗട്ടിൽ ഉയിർപ്പ്. ഷൂട്ടൗട്ടിലെ മികവിൽ പോളണ്ടിന്റെ ക്വാർട്ടർ പ്രവേശനത്തെക്കുറിച്ചു മിണ്ടാം. യൂറോ കപ്പിലെ ആത്യന്തം ആവേശം നിറഞ്ഞ മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ സ്വിറ്റ്സർലൻഡിനെ 5–4നു പരാജയപ്പെടുത്തി റോബർട്ട് ലെവൻഡോവ്സികിയുടെ പോളിഷ് പട ക്വാർട്ടറിൽ. നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമും 1–1 സമനില പാലിച്ചതിനേത്തുടർന്നാണ് മത്സരം ഷൂട്ടൗട്ടിലേക്കു നീണ്ടത്. 39–ാം മിനിറ്റിൽ യാക്കൂബ് ബ്ലാസിക്കോവ്സികിയൂടെ മുന്നിലെത്തിയ പോളണ്ടിനെതിരേ 82–ാം മിനിറ്റിൽ ഷെർദാൻ ഷാക്കിരിയുടെ ക്ലാസിക് ഗോൾ സ്വിറ്റ്സർലൻഡിനു സമനില സമ്മാനിച്ചു. ഈ ടൂർണമെന്റിലെ ഏറ്റവും മികച്ച ഗോളായിരുന്നു ഷാക്കിരി നേടിയ അക്രോബാറ്റിക് ഗോൾ.

ഷൂട്ടൗട്ടിൽ പോളണ്ടിന്റെ അഞ്ചു താരങ്ങളും പന്ത് ലക്ഷ്യത്തിലെത്തിച്ചപ്പോൾ സ്വിറ്റ്സർലൻഡിന്റെ ഗ്രാനിറ്റ് ജാക്കയുടെ ഷോട്ട് പാഴായി.

ആക്രമണ– പ്രത്യാക്രമണങ്ങളാൽ മത്സരം നിറഞ്ഞതുകൊണ്ട് കളിയുടെ തുടക്കംമുതൽ ഓരോ നിമിഷവും ആവേശം നിറഞ്ഞതായിരുന്നു. ആദ്യമേ സ്വിറ്റ്സർലൻഡിനെ പരീക്ഷിക്കാൻ പോളണ്ടിനായി. ഒരു മിനിറ്റ് പൂർത്തിയാകും മുമ്പ് പോളിഷ് നായകൻ റോബർട്ട് ലെവൻഡോസ്കിയുടെ മുന്നേറ്റം സ്വിസ് വല ലക്ഷ്യമാക്കി നീങ്ങിയെങ്കിലും ഗോൾകീപ്പർ യാൻ സോമർ രക്ഷപ്പെടുത്തി. ആറാം മിനിറ്റിൽ പോളണ്ടിന്റെ അർക്കാഡിയുസ് മിലിക്കിന്റെ ഹെഡറും സ്വിസ് വലയിൽ വീണില്ല. ഇതോടെ സ്വിറ്റ്സർലൻഡും ആക്രമണത്തിലേക്കു കടന്നു. 35–ാം മിനിറ്റിൽ ഫാബിയൻ സഹറിന്റെ ഹെഡർ പോളിഷ് ഗോൾകീപ്പർ ലൂക്കാസ് ഫാബിയാൻസ്കി കൈക്കുള്ളിലാക്കി. 38–ാം മിനിറ്റിലും സ്വിസ് താരം ബ്ലെറിം സെമയ്ലിക്കും വല കുലുക്കാനായില്ല. 39–ാം മിനിറ്റിൽ ജോഹൻ ജൊറേയുവിലൂടെയുള്ള സ്വിസ് മുന്നേറ്റം പോളണ്ട് ഗോൾകീപ്പറുടെ കൈകളിൽ അവസാനിച്ചു. സ്വിസ് പ്രതിരോധത്തിൽ വിള്ളലുണ്ടായെന്നു മനസിലാക്കിയ പോളിഷ് മുന്നേറ്റക്കാർ പെട്ടെന്നു തന്നെ സ്വിസ് ഗോൾ മുഖത്ത് കടന്നെത്തി. ഈ വേഗമാണ് ഗോളിനുള്ള വഴിയൊരുക്കിയത്. ജാക്കൂബ് ബ്ലാസികോവ്സ്കി സ്വിസ് വല കുലുക്കി. രണ്ടാം പകുതിയിലും ആദ്യ മുതലേ ഇരു ഗോൾ മുഖവും വിറയ്ക്കുകയായിരുന്നു. പോളണ്ട് ലീഡ് ഉയർത്താനും സ്വിറ്റ്സർലൻഡ് സമനിലയ്ക്കായും ശ്രമിച്ചതുകൊണ്ട് ഏതു നിമിഷവും ഗോളെത്താമെന്ന അവസ്‌ഥയായിരുന്നു. എന്നാൽ, രണ്ടാം പകുതി പുരോഗമിക്കും തോറുംസ്വിസ് മുന്നേറ്റത്തിന് ഉണർവായി.


ആദ്യ പകുതിയിൽ നേടിയ ഗോളിൽ പോളണ്ട് വിജയിക്കുമെന്ന് തോന്നിച്ചപ്പോൾ 82ാം മിനിറ്റിൽ സ്വിസ് സൂപ്പർ താരം ഷെർദാൻ ഷാക്കിരി സുന്ദരമായ ഇടംകാലൻ അക്രോബാറ്റിക് കിക്കിലൂടെ പോളിഷ് വല കുലുക്കി. ഇതോടെ സമനില. പിന്നീടുള്ള എട്ടു മിനിറ്റിലും ഇഞ്ചുറി ടൈമിലും ഗോളൊന്നുമുണ്ടായില്ല. മത്സരം അധിക സമയത്തേക്ക് കടന്നു. ഇവിടെ സ്വിസ് താരങ്ങൾ നിറഞ്ഞു കളിച്ചെങ്കിലും ഗോൾ നേടാനായില്ല. നിർണായകമായ രണ്ടുവസരങ്ങൾ സ്വിസ് താരങ്ങളായ എറൻ ഡെർജിയോക്കിനു ലഭിച്ചെങ്കിലും അദ്ദേഹം അതു പാഴാക്കി. ഇതോടെ മത്സരം ഷൂട്ടൗട്ടിലേക്കു നീണ്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.