പാരീസിൽ യുകെ പോര്
പാരീസിൽ യുകെ പോര്
Friday, June 24, 2016 12:21 PM IST
പാരീസ്: യൂറോയിൽ ഇന്നു യുകെ (യുണൈറ്റഡ് കിംഗ്ഡം) അംഗങ്ങളുടെ പോരാട്ടം. ഇന്നു നടക്കുന്ന രണ്ടാം പ്രീക്വാർട്ടറിൽ വെയ്ൽസും നോർത്തേൺ അയർലൻഡും ഏറ്റുമുട്ടും. ഇന്ത്യൻ സമയം ഇന്നു രാത്രി 9.30നാണ് മത്സരം. ഗാരെത് ബെയ്ൽ എന്ന സൂപ്പർ താരത്തിന്റെ മികവിൽ വിശ്വാസമർപ്പിച്ചാണ് വെയ്ൽസ് തങ്ങളുടെ ചരിത്രത്തിലെ കന്നി നോക്കൗട്ട് മത്സരത്തിനിറങ്ങുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളിലും ബെയ്ലിന്റെ ബൂട്ട് ശബ്ദിച്ചിരുന്നു.

നോർത്തേൺ അയർലൻഡിന്റെ കാര്യവും സമാനമാണ്. യുവേഫ യൂറോ കപ്പിൽ നോർത്തേൺ അയർലൻഡിന്റെയും ആദ്യ നോക്കൗട്ട് മത്സരത്തിനാണ് ഇന്ന് പാരീസ് സാക്ഷ്യംവഹിക്കുക.

<ആ>നോക്കൗട്ടിലേക്കുള്ള വഴി

ഗ്രൂപ്പ് ബി ചാമ്പ്യന്മാരായാണ് വെയ്ൽസ് പ്രീ ക്വാർട്ടറിൽ എത്തിയിരിക്കുന്നത്. നോർത്തേൺ അയർലൻഡ് മികച്ച മൂന്നാം സ്‌ഥാനക്കാരിൽ ഒരു ടീം ആയും. ബെയ്ലിന്റെ ഫ്രീ കിക്ക് മഴവില്ലഴകായി വലയിൽ തുള്ളിക്കളിക്കുന്നത് ഗ്രൂപ്പ് ഘട്ടത്തിൽ വെയ്ൽസിന്റെ ആരാധകരെ ആഹ്ലാദത്തിലാക്കി. എന്നാൽ, ബെയ്ലിനപ്പുറവും താരങ്ങളുണ്ടെന്ന് തുടർന്നുള്ള മത്സരങ്ങളിൽ വെയ്ൽസ് തെളിയിച്ചു. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ സ്ലോവാക്യയെ 2–1നു കീഴടക്കിയ വെയ്ൽസിനു രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ടിനു മുന്നിൽ അതേ ഗോൾ വ്യത്യാസത്തിൽ മുട്ടുമടക്കേണ്ടിവന്നു. എന്നാൽ, നിർണായകമായ മൂന്നാം മത്സരത്തിൽ 3–0നു റഷ്യയെ തകർത്തെറിഞ്ഞ് വെയ്ൽസ് ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീ ക്വാർട്ടർ ബർത്ത് ഉറപ്പിച്ചു.

കരുത്തരായ ജർമനിക്കും പോളണ്ടിനും പിന്നിൽ മൂന്നാം സ്‌ഥാനത്തായിരുന്നു ഗ്രൂപ്പ് സിയിൽ നോർത്തേൺ അയർലൻഡ്. രണ്ടു തോൽവി നേരിട്ടപ്പോൾ ഒരു ജയത്തോടെ മികച്ച മൂന്നാം സ്‌ഥാനക്കാരെന്ന പരിഗണനയിൽ പ്രീക്വാർട്ടറിൽ കടന്നു. പോളണ്ടിനോടും ജർമനിയോടും 1–0ന്റെ തോൽവി വഴങ്ങിയ നോർത്തേൺ അയർലൻഡ് യുക്രെയ്നിനെ 2–0നു കീഴടക്കി.


<ആ>മുഖാമുഖം ഇതുവരെ

ഇരു ടീമുകളും ഇതുവരെ 95 മത്സരങ്ങളിൽ ഏറ്റുമുട്ടി. അതിൽ 44 ജയം വെയ്ൽസ് സ്വന്തമാക്കിയപ്പോൾ 24 എണ്ണം സമനിലയിൽ കലാശിച്ചു. 27 എണ്ണത്തിൽ നോർത്തേൺ അയർലൻഡ് തോൽവി സമ്മതിച്ചു. അവസാനമായി ഏറ്റുമുട്ടിയ എട്ടു മത്സരങ്ങളിലും വെയ്ൽസിനെ കീഴടക്കാൻ അയർലൻഡിനായില്ല. നാലെണ്ണത്തിൽ വെയ്ൽസ് ജയിച്ചപ്പോൾ നാലെണ്ണം സമനിലയിലായി. 1980ൽ സൗഹൃദ പോരാട്ടത്തിൽ 1–0നു ജയിച്ചതാണ് നോർത്തേൺ അയർലൻഡിന്റെ അവസാനത്തെ വിജയ മുഹൂർത്തം. മാർച്ച് 24ന് കാർഡിഫിലായിരുന്നു ഇരുവരുടെയും അവസാന മത്സരം. അന്ന് 1–1 സമനിലയായിരുന്നു ഫലം.

1968ലെ യാഗ്യതാ റൗണ്ടിലാണ് യൂറോയിൽ അവസാനമായി ഇരു ടീമുകളും നേർക്കുനേർ ഇറങ്ങിയത്. ആദ്യപാദത്തിൽ ഗോൾ രഹിത സമനിലയായിരുന്നു. രണ്ടാം പാദത്തിൽ വെയ്ൽസ് 2–0നു ജയിച്ചു.

<ആ>ചരിത്രത്താളുകളിൽ

യൂറോ കപ്പ് നോക്കൗട്ടിൽ വെയ്ൽസും നോർത്തേൺ അയർലൻഡും കളിക്കുന്നത് ഇതാദ്യം. 1958 ലോകകപ്പിൽ ക്വാർട്ടറിൽ കടന്നതാണ് വെയ്ൽസിന്റെ ഇതുവരെയുള്ള മികച്ച നേട്ടം. ക്വാർട്ടറിൽ ഇതിഹാസതാരം പെലെയുടെ ഗോളിൽ വെയ്ൽസ് 1–0നു തോറ്റു പുറത്താകുകയായിരുന്നു.

1986 ലോകകപ്പിനുശേഷം പ്രധാന ടൂർണമെന്റുകളുടെയൊന്നും നോർത്തേൺ അയർലൻഡ് നോക്കൗട്ട് യോഗ്യത നേടിയിട്ടില്ല. 1958 ലോകകപ്പിൽ ക്വാർട്ടറിൽ കടന്നതാണ് നോർത്തേൺ അയർലൻഡിന്റെയും മികച്ച പ്രകടനം. അന്ന് ഫ്രാൻസിനോട് 4–0നു പരാജയപ്പെട്ട് പുറത്തായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.