ജർമനി ഗ്രൂപ്പ് ചാമ്പ്യന്മാർ
ജർമനി ഗ്രൂപ്പ് ചാമ്പ്യന്മാർ
Tuesday, June 21, 2016 12:23 PM IST
പാരീസ്: വടക്കൻ അയർലൻഡിനെ ഏകപക്ഷീയമായ ഒരു ഗോളിനു പരാജയപ്പെടുത്തിയ ജർമനി ഗ്രൂപ്പ് സിയിൽ ഒന്നാം സ്‌ഥാനക്കാരായി പ്രീ ക്വാർട്ടറിലെത്തി. അതേസമയം, യുക്രെയ്നെ ഒരു ഗോളിനു പരാജയപ്പെടുത്തിയെങ്കിലും ഗോൾ ശരാശരിയിൽ പോളണ്ട് രണ്ടാം സ്‌ഥാനത്തായി. ഒരു മത്സരം പോലും ജയിക്കാത്ത യുക്രെയ്ൻ പുറത്തായി.

മികച്ച ടീമിനെ കളത്തിലിറക്കിയ ജർമനിക്കെതിരേ ഉജ്വല പ്രകടനമാണ് നോർത്തേൺ അയർലൻഡ് കാഴ്ചവച്ചത്. ലോക ചാമ്പ്യന്മാരാണ് തങ്ങൾക്കെതിരേ കളിക്കുന്നതെന്ന പേടിയൊന്നും അവർക്കില്ലായിരുന്നു. തുടക്കം മുതൽ ജർമൻ താരങ്ങൾക്ക് അവസരങ്ങൾ ലഭിച്ചെങ്കിലും അതെല്ലാം തടുക്കാൻ വടക്കൻ അയർലൻഡുകാർക്കായി. 29–ാം മിനിറ്റിൽ മാരിയോ ഗോമസാണ് വടക്കൻ അയർലൻഡിന്റെ ഡെഡ് ലോക്ക് പൊട്ടിച്ച് ഗോൾ നേടി. തോമസ് മ്യൂളറുടെ തകർപ്പൻ പാസിൽനിന്നായിരുന്നു ഗോമസിന്റെ ഇടംകാൽ ഗോൾ. 34–ാം മിനിറ്റിൽ തോമസ് മ്യൂളറുടെ ഷോട്ട് ക്രോസ്ബാറിൽ തട്ടി പുറത്തേക്കു പോയി. സാമി ഖെദീരയും തോമസ് മ്യൂളറും വീണ്ടും വീണ്ടും അവസരം പാഴാക്കുന്ന കാഴ്ചയായിരുന്നു ഒന്നാം പകുതിയിൽ കണ്ടത്. രണ്ടാം പകുതിയിൽ ഒരു ഗോളിൽ പിടിച്ചുതൂങ്ങാനാണ് ജർമനി ശ്രമിച്ചത്. അതുകൊണ്ടുതന്നെ ഭാവനാ സമ്പന്നമായ മുന്നേറ്റങ്ങളൊന്നും ഉണ്ടായില്ല. അതേസമയം, നോർത്തേൺ അയർലൻഡ് ഒറ്റപ്പെട്ട ചില നീക്കങ്ങൾ നടത്തി. എന്നാൽ, അവയൊന്നും ഗോളിലേക്കു വഴി തുറന്നില്ല.


യുക്രെയ്നെതിരേ പോളണ്ടും ഒരു ഗോളിൽ പിടിച്ചു തൂങ്ങുകയായിരുന്നു. തുല്യ ശക്‌തികളുടെ പോരാട്ടം കണ്ട മത്സരത്തിൽ 54–ാം മിനിറ്റിൽ യാക്കൂബ് ബ്ലാസികോവ്സ്കിയാണ് പോളണ്ടിന്റെ ഗോൾ സ്വന്തമാക്കിയത്. ആർട്ടെം ഫെഡറ്റ്സ്കിയുടെ അളന്നുമുറിച്ച പാസ് ഇടംകാൽകൊണ്ട് ബ്ലാസികോവ്സ്കി വലയിലെത്തിച്ചു.

ഗോൾ വീണശേഷം യുക്രെയ്ൻ താരങ്ങൾ തിരിച്ചടിക്കാനുള്ള മികച്ച ശ്രമങ്ങൾ നടത്തി. എന്നാൽ, അവയിൽ പലതും പോളിത് പ്രതിരോധത്തിൽ തട്ടിത്തകർന്നപ്പോൾ മറ്റു ചിലത് അവരുടെ താരങ്ങൾ തന്നെ നഷ്‌ടപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.