അർജന്റീനയെ തളയ്ക്കുമോ യാങ്കിപ്പട?
അർജന്റീനയെ തളയ്ക്കുമോ യാങ്കിപ്പട?
Monday, June 20, 2016 11:55 AM IST
ഹൂസ്റ്റൺ: കോപ്പ അമേരിക്ക ഫുട്ബോൾ ശതാബ്ദി ടൂർണമെന്റിന്റെ ആദ്യ സെമി ഫൈനലിൽ ആതിഥേയരായ യുഎസ്എയും ടൂർണമെന്റിലെ ഫേവറിറ്റുകളായ അർജന്റീനയും പോരാടും. ഫിഫ റാങ്കിംഗിൽ ഒന്നാമതുള്ള അർജന്റീനയെ വെല്ലുവിളിക്കാൻ തന്നെയാണ് 32–ാം സ്‌ഥാനത്തുള്ള യുഎസ്എ ഇറങ്ങുന്നത്. അതിന് അവർക്ക് പ്രചോദനം പകരുന്നത് സ്വന്തം ആരാധകരുടെ വൻ പിന്തുണ. എത്ര പിന്തുണയുണ്ടെങ്കിലും ലോകത്തെ നിലവിൽ ഏറ്റവും മികച്ച ആക്രമണനിരയുള്ള അർജന്റീനയെ തടഞ്ഞുനിർത്താൻ യെർഗൻ ക്ലിൻസ്മന്റെ യുഎസ്എക്ക് എത്രമാത്രം കഴിയുമെന്ന് കാണേണ്ടിയിരിക്കുന്നു.

നീണ്ട 23 വർഷമായി കിരീട വരൾച്ച നേരിടുന്ന അർജന്റീന ഫൈനലിലെത്തി കിരീടം നേടുകയാണെങ്കിൽ ലോകോത്തര താരം ലയണൽ മെസിയുടെ കിരീടത്തിൽ അതൊരു പൊൻതൂവലാകും. ക്ലബ് ഫുട്ബോളിൽ കിരീടങ്ങൾ വാരിക്കൂട്ടിയ മെസിക്ക് അർജന്റീന കുപ്പായത്തിൽ ഒരു കിരീടമെന്നത് അദ്ദേഹത്തോടുള്ള നീതിയാണ്. 2014 ലോകകപ്പ്, 2015 കോപ്പ അമേരിക്ക ഫൈനലുകളിൽ തോറ്റ അർജന്റീനയുടെ ഈ ടീം എന്തുകൊണ്ടും കിരീടത്തിന് അർഹരാണ്. കഴിഞ്ഞ മത്സരങ്ങളിലെല്ലാം അർജന്റീന തങ്ങളുടെ ആക്രമണനിരയുടെ കരുത്ത് തെളിയിച്ചുകൊണ്ടാണ് അവസാന നാലിലെത്തിയത്. ഒരു മത്സരം പോലും തോൽക്കാതെയാണ് അർജ ന്റീന സെമി വരെയെത്തിയത്.

ഏയ്ഞ്ചൽ ഡി മരിയ തുടങ്ങിയ ഗോളടി എവർ ബെനേഗ, നിക്കോളസ് ഒട്ടാമെൻഡി, മെസി, സെർജിയോ അഗ്വേറോ, എറിക് ലാമെല, എസക്കിയേൽ ലാവെസി, വിക്ടർ ക്യൂസ്റ്റ, ഗോൺസാലോ ഹിഗ്വിൻ വരെ എത്തിനിൽക്കുന്നു. മുന്നേറ്റനിരക്കാരെല്ലാവരും ഗോളടിക്കാൻ തുടങ്ങിയത് ജെറാർഡോ മാർട്ടിനോയുടെ അർജന്റീന ടീമിനു കരുത്തുപകരുന്നു. ശതാബ്ദി ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ഗോളടിച്ചവരിൽ രണ്ടാമതുള്ള മെസി തന്നെയാണ് അർജന്റീനയുടെ കുന്തമുന. തന്നെ ഏതു സമയത്ത് കളത്തിലിറക്കിയാലും ഗോൾ നേടുമെന്ന് മെസി പാനമയ്ക്കെതിരെയുള്ള മത്സരത്തിൽ തെളിയിച്ചു. ക്വാർട്ടർ ഫൈനലിലെത്തിയപ്പോൾ വെനസ്വേലയ്ക്കെതിരെയുള്ള മത്സരത്തിൽ മെസി തന്റെ മികവ് വെളിപ്പെടുത്തി. മെസി മുഴുവൻ സമയവും കളിച്ച മത്സരം കൂടിയായിരുന്നു അത്. ഒരു ഗോൾ നേടുന്നതിനു പുറമെ രണ്ടു ഗോളിനു വഴിയൊരുക്കുക കൂടി ചെയ്ത അർജന്റൈൻ നായകനെ പിടിച്ചുകെട്ടാനായാൽ യുഎസ്എ ഒരു പരിധിവരെ വിജയിക്കും. ടൂർണമെന്റിൽ ക്വാർട്ടർ ഫൈനൽ വരെയുള്ള മത്സരങ്ങളിൽ ഗോൾ നേടാനകാതെ പോയ ഹിഗ്വെയ്ൻ ക്വാർട്ടർ ഫൈനലിൽ ഇരട്ട ഗോൾ നേടി ഗോൾ നേടാനുള്ള മികവ് തിരിച്ചുപിടിച്ചു. ആദ്യ മത്സരത്തിൽ തിളങ്ങിയ ഡി മരിയയ്ക്കു പാനമയ്ക്കെതിരെയുള്ള മത്സരത്തിൽ തുടയ്ക്കു പരിക്കേറ്റതിനെത്തുടർന്ന് അവസാന ലീഗ് മത്സരത്തിലും ക്വാർട്ടർ ഫൈനലിലും കളിക്കാനായില്ല. സെമിയിൽ ഡി മരിയകൂടി ഉണ്ടായാൽ അർജന്റീനയുടെ ആക്രമണനിരയ്ക്കൊപ്പം മധ്യനിരയും കരുത്ത് പ്രാപിക്കും. പകരക്കാരനായി ഇറങ്ങുന്ന അഗ്വേറോ തന്റെ സാന്നിധ്യം ഓരോ മത്സരത്തിലും തെളിയിക്കുന്നുമുണ്ട്.

ഹാവിയർ മസ്കരാനോ, അഗസ്റ്റോ ഫെർണാണ്ടസ് എന്നിവർക്കൊപ്പം ബെനേഗ മധ്യനിരയിൽ മികച്ച പ്രകടനമാണ് നടത്തുന്നത്. മുന്നേറ്റത്തിലും മധ്യനിരയിലും അർജന്റൈൻ കരുത്ത് പൂർണമാണെങ്കിൽ ഏറ്റവും മോശം അവരുടെ പ്രതിരോധത്തിലാണ്. വെനസ്വേലയ്ക്കെതിരെയുള്ള മത്സരത്തിൽ അർജന്റൈൻ പ്രതിരോധത്തിന്റെ പാളിച്ച വെളിപ്പെടുത്തുന്നതായിരുന്നു. നാല് മികച്ച അവസരങ്ങൾ അവർക്കു ലഭിച്ചെങ്കിലും നിർഭാഗ്യവും ഫിനിഷിംഗിലെ പോരായ്മയും വെനസ്വേലയെ തോൽപ്പിക്കുകയായിരുന്നു. ഗോൾകീപ്പർ സെർജിയോ റോമെറെ ടൂർണമെന്റിൽ പോസ്റ്റിനു കീഴിൽ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്.


അർജന്റീനയുടെ എതിരാളികളായ യുഎസ്എയുടെ സെമി പ്രവേശനത്തിന് പോരാട്ട വീര്യത്തിന്റെ കഥ പറയാനുണ്ട്. സ്വന്തം കാണികളുടെ മുന്നിൽ ആദ്യ മത്സരത്തിൽ കൊളംബിയയോട് നാണംകെട്ട് തോറ്റു. എന്നാൽ, അടുത്ത രണ്ടു മത്സരങ്ങളിൽ ക്ലിൻസ്മന്റെ ടീമിന്റെ തിരിച്ചുവരവ് ഞെട്ടിക്കുന്നതായിരുന്നു. കോസ്റ്റാറിക്കയെയും പരാഗ്വെയും തകർത്ത് ഗ്രൂപ്പ് ചാമ്പ്യന്മാരായി ക്വാർട്ടറിൽ. ക്വാർട്ടറിൽ ഇക്വഡോറിനെ കീഴടക്കി അവസാന നാലിലെത്തി. ടീമിലെ പ്രധാന സ്ട്രൈക്കർ ക്ലിന്റ് ഡെംപ്സെയുടെ ഗോളടി മികവ് ഓരോ മത്സരത്തിലും പ്രകടമായിരുന്നു. ഇതുവരെയുള്ള മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തിയ മൂന്നു പേരില്ലാതെ യുഎസ്എയ്ക്കു സെമിയിൽ അർജന്റീനയെ നേരിടേണ്ടിവരും. ക്വാർട്ടർ ഫൈനലിൽ ചുവപ്പ് കാർഡ് കിട്ടിയതിനെത്തുടർന്ന് മധ്യനിരയിലെ ജെർമയിൻ ജോൺസ് പുറത്തായി.

കൂടാതെ തുടർച്ചയായ രണ്ട് മത്സരങ്ങളിൽ രണ്ട് മഞ്ഞക്കാർഡ് കിട്ടിയതുകൊണ്ട് കളം നിറഞ്ഞ് കളിക്കുന്ന അലെയാൻഡ്രോ ബെഡോയോ, സ്ട്രൈക്കർ ബോബി വുഡ് എന്നിവരും സെമിയിൽ ഇല്ല. വുഡ് ആണെങ്കിൽ വേഗവും ആക്രമണത്തിനുള്ള മികവും കൊണ്ട് ഡെംപ്സെയ്ക്കു കളിക്കാനുള്ള സ്‌ഥലം ഒരുക്കിക്കൊടുക്കുന്നതിൽ മിടുക്കനാണ്. മധ്യനിരയിൽ കളി മെനയുന്നതുകൊണ്ട് ജോൺസ് യുഎസ് ടീമിന്റെ ഹൃദയമാണ്. ഇവർക്ക് പകരക്കാരെ കണ്ടെത്തി ടീമൊരുക്കുക എന്നത് ക്ലിൻസ്മാനെ ബുദ്ധിമുട്ടാകും.

സ്വന്തം നാട്ടുകാരുടെ അവരുടെ ആവേശത്തിനുമുന്നിൽ കളിക്കുന്ന ടീമിനെ എഴുതിത്തള്ളാൻ പറ്റില്ല. അമേരിക്കയുടെ യുവതാരങ്ങളായ ഡാർലിംഗ്ടൺ നഗ്ബേ, ക്രിസ്റ്റ്യൻ പുലിസിക് ഓരോ മത്സരത്തിലും മികവ് പുറത്തെടുക്കുന്നുണ്ട്.

1990 ലോകകപ്പ് ഫൈനലിൽ അർജന്റീനയുടെ പ്രതിരോധതാരത്തിന് ചുവപ്പു കാർഡ് നേടിക്കൊടുത്ത രീതിയിൽ അഭിനയിച്ചെന്ന ആരോപണം നേരിടുന്ന ജർമനിയുടെ ക്ലിൻസ്മാൻ പരിശീലിപ്പിക്കുന്ന അമേരിക്കയെ തോൽപ്പിക്കുക എന്നത് അർജന്റീനയ്ക്കു മാധുര്യമേകുന്ന കാര്യമാണ്.



<ആ>സെമിയിലേക്കുള്ള വഴി

<ആ>യുഎസ്എ

യുഎസ്എ–0, കൊളംബിയ–2

യുഎസ്എ –4, കോസ്റ്റാറിക്ക –0

യുഎസ്എ–1, പരാഗ്വെ –0

ക്വാർട്ടർ ഫൈനൽ

യുഎസ്എ –2, ഇക്വഡോർ


<ആ>അർജന്റീന

അർജന്റീന–2, ചിലി –1

അർജന്റീന–5, പാനമ –0

അർജന്റീന–3, ബൊളീവിയ–0

ക്വാർട്ടർ ഫൈനൽ

അർജന്റീന –4, വെനസ്വേല –1
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.