സ്വിറ്റ്സർലൻഡ് പ്രീക്വാർട്ടറിൽ, ചരിത്രംകുറിച്ച് അൽബേനിയ
സ്വിറ്റ്സർലൻഡ് പ്രീക്വാർട്ടറിൽ, ചരിത്രംകുറിച്ച് അൽബേനിയ
Monday, June 20, 2016 11:55 AM IST
<ആ>ജോസ് കുമ്പിളുവേലിൽ

പാരീസ്: ഗോൾ രഹിത സമനിലയിൽ അവസാനിച്ച മത്സരം ഫ്രാൻസിനെയും സ്വിറ്റ്സർലൻഡിനെയും യൂറോ കപ്പിന്റെ നോക്കൗട്ട് റൗണ്ടിൽ എത്തിച്ചു. സമനിലയിൽ (0–0) പിരിഞ്ഞെങ്കിലും നോക്കൗട്ട് നേട്ടവുമായിട്ടാണ് ഫ്രാൻസും സ്വിറ്റ്സർലൻഡും യൂറോ കപ്പ് ഗ്രൂപ്പ്’ ’എ’യിൽ മുന്നേറുന്നത്.

ഫ്രഞ്ച് താരങ്ങളായ പോൾ പോഗ്ബയുടെയും ദിമിത്രി പായറ്റിന്റെയും മിന്നുന്ന പ്രകടനങ്ങൾ സമനിലയുടെ വിരസതയ്ക്ക് ആശ്വാസമായെങ്കിലും ഒരു വിജയം കൊതിച്ചിരുന്ന ആതിഥേയരായ ഫ്രാൻസിനെ സമനില അൽപ്പം വേദനിപ്പിച്ചു. ആദ്യ ഇലവനിലേക്ക് തിരിച്ചു വിളിക്കപ്പെട്ട പോഗ്ബ, അന്റോണിയ ഗ്രീസ്മാനുമായി ചേർന്ന് മധ്യനിര അടക്കിവാഴുന്നതാണ് മത്സരത്തിൽ കാണാനായത്. എന്നാൽ ഗോളടിക്കാൻ ഇരുവർക്കുമായില്ല. കാരണം മറ്റൊന്നുമല്ല, സ്വിറ്റ്സർലൻഡിന്റെ കരുത്തുറ്റ പ്രതിരോധംതന്നെ.

ആദ്യത്തെ 30 മിനിറ്റിൽ വ്യക്‌തമായ മേധാവിത്വം സ്‌ഥാപിച്ച ഫ്രഞ്ച് പടയുടെ ഏതു മുന്നേറ്റത്തിനും വ്യക്‌തമായ പ്രതിരോധം നൽകിയാണ് സ്വിറ്റ്സർലൻഡ് പിടിച്ചു നിന്നത്. എന്നാൽ, പിന്നീടാവട്ടെ മുന്നേറ്റം ശക്‌തമാക്കിയ സ്വിറ്റ്സർലൻഡിന്റെ ഓരോ പ്രത്യാക്രമണത്തിലും ആതിഥേയർ പതറിയിരുന്നു. ലക്ഷ്യ നിർവഹണത്തിൽ സ്വിറ്റ്സർലൻഡുകാർ നന്നായി ഗൃഹപാഠം ചെയ്തു പഠിക്കേണ്ടിയിരിക്കുന്നു എന്ന സൂചനയും മത്സരം നൽകുന്നുണ്ട്. ഷെർദാൻ ഷാകിരയും ഫാബിയാൻ ഷാറും ചേർന്നാണ് സ്വിസ് മുന്നേറ്റത്തിന്റെ ചുക്കാൻ പിടിച്ചത്. വൻമതിലായ ഇടതു പ്രതിരോധക്കാരൻ റിക്കാർഡോ റോഡ്രിഗസും, മധ്യനിരക്കാരൻ മൂസാ സിസോക്കോയും ഫ്രഞ്ചുടീമിന്റെ രക്ഷകരായി.

17–ാം മിനിറ്റിൽ 25 മീറ്റർ ദൂരത്തു നിന്നും പൊഗ്ബ ഉതിർന്ന ബുള്ളറ്റ് ഷോട്ട് ക്രോസ്ബാറിൽ തട്ടി തെറിച്ചത് ഫ്രഞ്ചുകാരെ നിരാശരാക്കി.

രണ്ടാം പകുതിയിൽ 57ാം മിനിറ്റിൽ 18 മീറ്റർ അകലെ നിന്നടിച്ച ഗ്രീസ്മാന്റെ ഒരു ഉഗ്രൻ ഷോട്ട് സ്വിസ് ഗോളി സമ്മർ യാൻ ഒറ്റക്കൈാണ്ട് അദ്ഭുതകരമായി സേവു ചെയ്തത് കാണികളെ ആവേശഭരിതരാക്കി. ആദ്യ രണ്ടു മത്സരങ്ങളിലും സബ്സ്റ്റിറ്റ്യൂട്ടായിറങ്ങി ഗോളടിച്ച ഫ്രാൻസിന്റെ സൂപ്പർ താരം പായറ്റ് ഇക്കുറിയും ആദ്യ ഇലവനിൽ ഉൾപ്പെട്ടില്ല. രണ്ടാം പകുതിയിൽ ഇറങ്ങിയ പായെറ്റിന് ഗോളടിക്കാനുള്ള സുവർണാവസരം 75–ാം മിനിറ്റിൽ കിട്ടിയെങ്കിലും, വോളിയായിട്ടു പായിച്ച ഷോട്ട് ക്രോസ് ബാറിൽ തട്ടി പുറത്തേക്കു പോവുകയായിരുന്നു. 14 ഷോട്ടുകളും, 10 കോർണറുകൾ ലഭിച്ച ഫ്രാൻസിന് അതിൽ ഒരെണ്ണം പോലും വലയിലാക്കാനായില്ല. ബോളാധിപത്യത്തിൽ സ്വിറ്റ്സർലൻഡ് മുന്നിലെത്തിയെങ്കിൽ ഫൗൾ ചെയ്യുന്നതിൽ(10) ഫ്രാൻസാണ് മുന്നിൽ നിന്നത്.


ചരിത്രത്തിൽ ആദ്യമായാണ് സ്വിസ് ടീം യൂറോ കപ്പിൽ ആദ്യ ഘട്ടം കടക്കുന്നത്. ഈ കളി ജയിച്ച് അന്തസായി തന്നെ മുന്നേറാൻ അവർക്ക് ഭാഗിക അവസരം കൈവന്നെങ്കിലും സ്ളോവേനിയൻ റഫറി ഡാനിയർ സ്കോമിനയുടെ പിഴവ് കാരണം അതു സാധിച്ചില്ല. ബകാരി സാഗ്ന സ്വിസ് താരം ബ്ലെറിം സെമായിലിയെ വീഴ്ത്തിയത് പെനാൽറ്റി ബോക്സിനുള്ളിൽ വ്യക്‌തമായ ഫൗൾ ആയിരുന്നിട്ടും കളി നിയന്ത്രിച്ചിരുന്ന റഫറി സ്പോട് കിക്ക് നിഷേധിക്കുകയായിരുന്നു.

<ആ>അൽബേനിയ, റൊമാനിയയെ പരാജയപ്പെടുത്തി

യൂറോകപ്പിൽ ചരിത്രം കുറിച്ച് അൽബേനിയ. ഫ്രാൻസിലെ ലിയോണിൽ നടന്നഗ്രൂപ്പ് എയിലെ മറ്റൊരു മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് അൽബേനിയ റൊമാനിയയെ പരാജയപ്പെടുത്തി. ആദ്യപകുതിയുടെ 43–ാം മിനിറ്റിൽ അർമാൻഡോ സാദിക്കുവിന്റെ ഗോളിലൂടെയാണ് അൽബേനിയ മുന്നിലെത്തിയത്.

ആദ്യത്തെ രണ്ടു മത്സരങ്ങളിലും തോൽവി ഏറ്റു വാങ്ങിയ അൽബേനിയ മിന്നും പ്രകടനത്തിലൂടെയാണ് റൊമാനിയയെ കശക്കിയത്. യൂറോകപ്പിൽ ആദ്യമായി ബർത്ത് ലഭിച്ച അൽബേനിയയുടെ ചരിത്രത്തിലെ ആദ്യ ജയം അന്നാട്ടുകാരും ആഘോഷമാക്കിയിരിക്കുകയാണ്. ആദ്യ മത്സരങ്ങളിൽ ഫ്രാൻസിനോടും സ്വിറ്റ്സർലൻഡിനോടുമാണ് അൽബേനിയ അടിയറവു പറഞ്ഞത്. ഒരു സമനിലയെങ്കിലും നേടാൻ ശ്രമം നടത്തിയ റൊമാനിയയുടെ പരുക്കൻ കളിയിൽ അഞ്ചു മഞ്ഞക്കാർഡിനൊപ്പം ഒടുവിൽ പരാജയവും ഏറ്റുവാങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.