ഇന്ത്യൻ തിരിച്ചുവരവ്
ഇന്ത്യൻ തിരിച്ചുവരവ്
Monday, June 20, 2016 11:55 AM IST
ഹരാരെ: ഏകദിനങ്ങളിൽ തിളങ്ങിയ ബൗളർമാരെ ഇറക്കി ഇന്ത്യ തിരിച്ചടിച്ചു. സിംബാബ്വേയ്ക്കെതിരെയുള്ള രണ്ടാം ട്വന്റി–20യിൽ ഇന്ത്യ പത്തു വിക്കറ്റിന്റെ തകർപ്പൻ ജയം നേടി. ട്വന്റി 20യിൽ ഇന്ത്യ ആദ്യമായാണ് പത്ത് വിക്കറ്റിന് ജയിക്കുന്നത്. ഇതോടെ പരമ്പര വിജയികൾ ആരെന്ന് മൂന്നാം മത്സരത്തിൽ അറിയാമെന്ന അവസ്‌ഥയായി. രണ്ടാം മത്സരത്തിൽ ഇന്ത്യയെ തോൽപ്പിച്ച് പരമ്പര സ്വന്തമാക്കാമെന്ന മോഹവുമായി ഇറങ്ങിയ സിംബാബ് വേയെ ഇന്ത്യൻ ബൗളർമാർ ആദ്യവും പിന്നെ ബാറ്റ്സ്മാന്മാരും ചേർന്ന് തകർത്തു തരിപ്പണമാക്കി.

<ആ>സ്കോർ: സിംബാബ്വേ –ഇരുപത് ഓവറിൽ ഒമ്പത് വിക്കറ്റിന് 99. ഇന്ത്യ 13.1 ഓവറിൽ വിക്കറ്റ് നഷ്‌ടമില്ലാതെ 103.

ടോസ് നേടിയ ആതിഥേയർ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ബരീന്ദർ സ്രാന്റെ ബൗളിംഗിനു മുന്നിൽ സിംബാബ്വേയുടെ മുൻനിര വീണു. 28 റൺസിലെത്തിയപ്പോൾ നാലു വിക്കറ്റ് നിലം പതിച്ചു. നാലു വിക്കറ്റ് സ്രാനായിരുന്നു. തകർന്ന സിംബാബ്വേയെ പീറ്റർ മൂറും മാൽക്കം വാലറും ചേർന്ന ചെറിയ ഒരു കൂട്ടുകെട്ട് അമ്പത് കടത്തി. വാലറിനെ (14) പുറത്താക്കി യുസ്വേന്ദ്ര ചാഹൽ ഈ സഖ്യം പൊളിച്ചു. സിംബാബ്വേ സ്കോർ 75–ലെത്തിയപ്പോൾ മൂറും (31) ജസ്പ്രീത് ബുംറ വീഴ്ത്തി. ഇതിനുശേഷം ഇന്ത്യൻ ബൗളർമാർ പിടിമുറുക്കിയതോടെ സിംബാബ്വേ സ്കോർ 100 റൺസിനു ഒരു റൺ അകലെ വച്ചു തീർന്നു. സ്രാൻ നാലും ബുംറ മൂന്നു വിക്കറ്റ് വീഴ്ത്തി. ധവാൽ കുൽക്കർണി, ചഹാൽ ഓരോ വിക്കറ്റും വീഴ്ത്തി.


ചെറിയ സ്കോർ പിന്തുടർന്നിറങ്ങിയ ഇന്ത്യൻ ഓപ്പണർമാരായ കെ.എൽ. രാഹുലും(47) മന്ദീപ് സിംഗും(52) തുടക്കം പതുക്കെയാക്കി പതിയെ താളം കണ്ടെത്തുകയായിരുന്നു. സിംബാബ്വേയുടെ മോശം ഫീൽഡിംഗും ഇന്ത്യക്കു തുണയായി. മന്ദീപ് സിംഗ് നൽകിയ ക്യാച്ച് ചിബാബ നഷ്‌ടമാക്കുന്നതിനൊപ്പം പന്ത് ലൈനു മുകളിലൂടെ കടന്ന് സിക്സ് ആകുകയും ചെയ്തു. പതിമൂന്നാം ഓവറിന്റെ ആദ്യ പന്തിൽ ഫോർ നേടി മന്ദീപ് സിംഗ് അമ്പത് കടന്നു. ഇന്ത്യയുടെ ജയവും ഉറപ്പിച്ചു. ധവാൽ കുൽക്കർണിയുടെയും ബരിന്ദർ സ്രാന്റെയും അന്താരാഷ്ര്‌ട ട്വന്റി 20യിലെ അരങ്ങേറ്റമായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.