പരമ്പരയിൽ സജീവമാകാൻ ടീം ഇന്ത്യ
Sunday, June 19, 2016 11:15 AM IST
ഹരാരെ: സിബാംബ്വേക്കെതിരെയുള്ള ആദ്യ ട്വന്റി–20 ക്രിക്കറ്റിൽ അപ്രതീക്ഷിത തോൽവി നേരിട്ട ടീം ഇന്ത്യ ഇന്ന് രണ്ടാം മത്സരത്തിനിറങ്ങും. ഇന്നു ജയിച്ചില്ലെങ്കിൽ ട്വന്റി–20 പരമ്പര സിംബാബ്വേക്ക് അടിയറവ് വയ്ക്കേണ്ട അവസ്‌ഥയാണ് ഇന്ത്യക്കു മുന്നിലുള്ളത്. പരമ്പരയിൽ മൂന്നു മത്സരമാണുള്ളത്.

ഇന്നത്തെ മത്സരം ജയിച്ച് പരമ്പര സജീവാക്കാൻ ടീം ഇന്ത്യ ഇറങ്ങുമ്പോൾ സിംബാബ്വേ ചരിത്ര നേട്ടത്തിന്റെ വക്കിലാണ്. സിംബാബ്വേ പര്യടനത്തിൽ ഇന്ത്യയുടെ രണ്ടാം നിര ടീം നേരിടുന്ന ആദ്യ പരീക്ഷണമാണ് ഇന്നത്തെ മത്സരം. ലോകത്തെ മികച്ച ഫിനിഷർമാരിൽ ഒരാൾ എന്നറിയപ്പെടുന്ന നായകൻ മഹേന്ദ്രസിംഗ് ധോണിക്ക് അവസാന ഓവറിൽ ജയിക്കാൻ വേണ്ടിയിരുന്ന റൺസ് നേടാനായില്ല. ധോണിയുടെ ബാറ്റിംഗ് തന്നെ ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്.

ഓപ്പണിംഗ് ബാറ്റ്സ്മാൻ കെ.എൽ. രാഹുൽ ഒഴികെ മുൻനിര ബാറ്റ്സ്മാൻമാർക്ക് സ്കോർ ചെയ്യാനായത് ഇന്ത്യക്ക് ആശ്വാസം നല്കുന്നു. എന്നാൽ അന്താരാഷ്ട്ര ട്വന്റി–20യിൽ അരങ്ങേറ്റം കുറിച്ച ജയദേവ് ഉനദ്ഘട്, ഋഷി ധവാൻ, യസ്വേന്ദ്ര ചഹാൽ എന്നിവർ ചേർന്ന് 123 റൺസാണ് വഴങ്ങിയത്. അതുകൊണ്ടു തന്നെ ബൗളിംഗിൽ മാറ്റങ്ങളുമായിട്ടായിരിക്കും നിർണായകമായ മത്സരത്തിന് ധോണി ടീമിനെ തെരഞ്ഞെടുക്കുക.

പുതുമുഖ ബൗളർമാർ റൺസ് വിട്ടുകൊടുക്കുന്നതിൽ പിശുക്കു കാണിക്കാതിരുന്നപ്പോൾ സിംബാബ്വേ 170 റൺസ് അടിച്ചുകൂട്ടി. ആദ്യ ട്വന്റി 20യിൽ തിളങ്ങാതെ പോയ പുതുമുഖങ്ങൾക്കു പകരം ധവാൽ കുൽക്കർണി, ബരിന്ദർ സ്രാൻ എന്നിവരും ഇന്നു കളിക്കാൻ സാധ്യതയുണ്ട്. ചഹാൽ ഏകദിനത്തിൽ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. എന്നാൽ ആദ്യ ട്വന്റി 20യിൽ യുവതാരം നിരാശപ്പെടുത്തി. ചഹാലിന് ഒരവസരം കൂടി നൽകാനും സാധ്യതയുണ്ട്.


ഏകദിനത്തിൽ തകർന്ന സിംബാബ്വേ ബാറ്റിംഗ് നിരയായിരുന്നില്ല ട്വന്റി 20യിലെത്തിയപ്പോൾ. ഇന്ത്യൻ ബൗളർമാർക്കു മേൽ ആധിപത്യം പുലർത്തിയ ബാറ്റ്സ്മാൻ ഇന്ത്യൻ ബൗളർമാരെ പ്രത്യേകിച്ച് പരിചയസമ്പത്ത് കുറഞ്ഞ പുതുമുഖങ്ങളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നു. ഓപ്പണിംഗിലും മധ്യനിരയിലും സിംബാബ് വേ ബാറ്റ്സ്മാൻമാർ തിളങ്ങി.

സിംബാബ് വേയാണെങ്കിൽ ആദ്യ മത്സരത്തിൽ നേടിയ ജയം തുടരാനാണ് ഇറങ്ങുക. ബാറ്റ്സ്മാൻമാരും ബൗളർമാരും ഫോമിലെത്തിയത് അവർക്ക് ആശ്വാസം നല്കുന്നു. ഓൾറൗണ്ടർ എൽട്ടൺ ചിഗുംബുര, ചാമു ചിബാബ, ഹമിൽട്ടൺ മസാകഡാസ, സിക്കന്ദർ റാസ, മാൽക്കം വാലർ എന്നിവർ ഫോമിലായത് സിംബാബ്വേയ്ക്കു കരുത്തു പകരുന്നു. ബൗളിംഗിൽ തൗറായ് മുസാരബാനി, ചിബാബ എന്നിവർ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

ഒരുഘട്ടത്തിൽ 111 റൺസിനു അഞ്ച് വിക്കറ്റ് എന്ന നിലയിൽ തകർന്ന സിംബാബ്വേയെ ചിഗുംബുരയുടെ വെടിക്കെട്ട് ബാറ്റിംഗാണ് പൊരുതാനുള്ള സ്കോർ 170ലെത്തിച്ചത്.

ഇന്ത്യൻ ബൗളർമാരെ കടന്നാക്രമിച്ച ചിഗുംബുര ഏഴു സിക്സറുകളാണ് പറത്തിയത്. അവസാന ഓവർ എറിഞ്ഞ നെവിൽ മഡ്സിബയുടെ യോർക്കറുകൾ ഇന്ത്യയെ രണ്ടു റൺസ് തോൽവിയിലേക്കു തള്ളിവിട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.