വെള്ളിത്തിളക്കത്തിൽ ഇന്ത്യൻ ഹോക്കി
വെള്ളിത്തിളക്കത്തിൽ ഇന്ത്യൻ ഹോക്കി
Saturday, June 18, 2016 11:59 AM IST
ലണ്ടൻ: ഇന്ത്യയുടെ ദേശീയ കായിക ഇനമായ ഹോക്കി തിരിച്ചുവരവിന്റെ പാതയിൽ. ഇന്ത്യൻ ഹോക്കി മികവിലെത്തിക്കൊണ്ടിരിക്കുകയാണെന്ന് ലണ്ടനിൽ നടന്ന 36–ാമത് ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റ് തെളിയിച്ചു. ഫൈനലിലെ പ്രകടനം വിലയിരുത്തൽ ശരിയെന്ന് ബോധ്യപ്പെടുത്തുകയും ചെയ്തു. കലാശപോരിൽ കരുത്തരായ ഓസ്ട്രേലിയയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ 3–1ന് തോറ്റെങ്കിലും ഈ ഇന്ത്യൻ ടീമിന് സന്തോഷിക്കാൻ വകകളേറെ. ഓഗസ്റ്റിൽ നടക്കുന്ന ഒളിമ്പിക്സിന് ഇന്ത്യക്ക് ആത്മവിശ്വാസത്തോടെ പോകാം.

ചാമ്പ്യൻസ് ട്രോഫിയുടെ ചരിത്രത്തിൽ ആദ്യമായി ഫൈനലിലെത്തിയ ഇന്ത്യ വെള്ളി മെഡലിൽ മുത്തമിട്ടു. 1982ൽ ആംസ്റ്റർഡാമിൽവച്ച് നേടിയ വെങ്കല മെഡലാണ് ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ ഏറ്റവും വലിയ നേട്ടം. അന്ന് പാക്കിസ്‌ഥാനെ തോൽപ്പിച്ചായിരുന്നു വെങ്കലമണിഞ്ഞത്. അതിനുശേഷം ഫൈനലിലെത്തുന്നത് ഈ വർഷം ലണ്ടനിൽ. ഇന്ത്യയുടെ ഫൈനൽ പ്രവേശനം വെറുമൊരു ഭാഗ്യമായിരുന്നില്ല. ഫൈനലിലേക്കുള്ള പാതയിൽ തങ്ങളെക്കാൾ റാങ്കിംഗിൽ മുന്നിലുള്ള ജർമനി, ഇംഗ്ലണ്ട് ടീമുകളെ തോൽപ്പിച്ചും സമനിലയിൽകുടുക്കിയും വർധിത വീര്യത്തോടെ മുന്നോട്ടു കുതിച്ചു. റൗണ്ട് റോബിനിൽ ഓസ്ട്രേലിയയ്ക്കു മുന്നിൽ വൻ തോൽവി ഏറ്റുവാങ്ങിയ ഇന്ത്യയായിരുന്നില്ല ഫൈനലിലെത്തിയപ്പോൾ. ലോക ചാമ്പ്യന്മാരായ ഓസ്ട്രേലിയയുടെ കരുത്തിനെ ഗോളടിപ്പിക്കാതെ ഒരു മണിക്കൂറോളം പിടിച്ചു കെട്ടിയശേഷമാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്കു കടന്നത്. ഇന്ത്യയുടെ മലയാളി ഗോൾകീപ്പർ പി.ആർ. ശ്രീജേഷിന്റെ പ്രകടനമാണ് ഏറ്റവും നിർണായകമായത്. ഗോളെന്നുറച്ച ഷോട്ടുകൾ ശ്രീജേഷ് തട്ടിയകറ്റി.

ഷൂട്ടൗട്ടിൽ ഒരു ടീമിന് നാല് അവസരങ്ങളാണുള്ളത്. ഇതിൽ മൂന്നും ഓസ്ട്രേലിയ വലയിലാക്കിയപ്പോൾ ഒരെണ്ണം പിഴച്ചു. ഇന്ത്യയുടെയാണെങ്കിൽ ആദ്യ കിക്കിൽ നിർഭാഗ്യം പിടികൂടി. എസ്.കെ. ഉത്തപ്പ, എസ്.വി. സുനിൽ, സുരീന്ദർ കുമാർ എന്നിവരുടെ ഷോട്ടുകൾ പുറത്തായപ്പോൾ ഹർമൻപ്രീത് സിംഗിന്റെ ഷോട്ട് മാത്രമാണ് ഓസ്ട്രേലിയൻ ഗോൾകീപ്പറെ കടന്ന് വലയിൽ പതിച്ചത്. ഓസ്ട്രേലിയയുടെയാണെങ്കിൽ ആരാൺ സലെവ്സ്കി, ഡാനിയൽ ബെയ്ൽ, സൈമൺ ഒർചാർഡ് എന്നിവരുടെ ഷോട്ടുകൾ ഇന്ത്യയുടെ വലയിൽ വീണു. ട്രെന്റ് മിറ്റന്റെ ശ്രമത്തെ ഗോൾകീപ്പർ പി.ആർ. ശ്രീജേഷ് തടത്തു. ഇതിൽ ബെയ്ലിന്റെ ആദ്യ ഷോട്ട് ഗോളായിരുന്നില്ല. ശ്രീജേഷ് ഫൗൾ ചെയ്തതിന് വീഡിയോ അമ്പയർ രണ്ടാമത് ഷോട്ടെടുക്കാൻ നിർദേശിക്കുകയായിരുന്നു. ആ ഷോട്ട് ബെയ്ൽ വലയിലാക്കുകയും ചെയ്തു. ബെയ്ലിന് രണ്ടാമതൊരവസരം നൽകിയതിൽ മത്സരശേഷം ഇന്ത്യൻ ടീം പ്രതിഷേധം രേഖപ്പെടുത്തി. ഇന്ത്യയുടെ അപ്പീൽ പരിഗണിക്കാമെന്ന അധികൃതരുടെ അറിയിപ്പ് വന്ന ശേഷമാണ് ഇന്ത്യൻ ആരാധകർ സ്റ്റേഡിയം വിട്ടത്. അപ്പോഴും മെഡൽ ദാനം നടത്തിയിരുന്നില്ല. ഇന്ത്യയുടെ അപ്പീൽ പരിശോധിക്കാൻ അധികൃതർ ഒരു മണിക്കൂറിലേറെ സമയമെടുത്തു. ശ്രീജേഷ് മനഃപൂർവമല്ലാത്ത ഫൗളാണ് വരുത്തിയതെന്നും രണ്ടാമത് കിക്കെടുക്കാനുള്ള അമ്പയറുടെ തീരുമാനം ശരിയെന്നും ജൂറി വിധിച്ചു.

ഇന്ത്യയിൽ നിന്നു കടുത്ത പോരാട്ടം നേരിട്ട് ജേതാക്കളായ ഓസ്ട്രേലിയ 14–മത് ചാമ്പ്യൻസ് ട്രോഫി കിരീടത്തിലാണ് മുത്തമിട്ടത്. ആദ്യ പകുതിയിൽ ഓസ്ട്രേലിയയ്ക്കു ഏഴു പെനാൽറ്റി കോർണർ കിട്ടിയെങ്കിൽ ഗോളാക്കാനായില്ല. ശ്രീജേഷ് പലപ്പോഴും ഓസ്ട്രേലിയയ്ക്കു വെല്ലുവിളിയായി. മികച്ച രക്ഷപ്പെടുത്തലുകളുമായി പോസ്റ്റിനു കീഴിൽ ശ്രീജേഷ് നിറഞ്ഞു കളിച്ചപ്പോൾ ആദ്യ പകുതിയിൽ ഇന്ത്യക്ക് ആശ്വാസമായി. പതിമൂന്നാം മിനിറ്റിൽ ഇന്ത്യക്കു രണ്ടു പെനാൽറ്റി കോർണർ ലഭിച്ചെങ്കിലും ഓസ്ട്രേലിയൻ ഗോൾകീപ്പർ ആൻഡ്രു കാർട്ടർ കാത്തു. 29ാം മിനിറ്റിൽ ഹർമൻപ്രീതിന് നല്ലൊരു അവസരം ലഭിച്ചെങ്കിലും ഗോളാക്കനായില്ല. ഇതിനിടെ രണ്ടാം ക്വാർട്ടറിൽ കടുത്ത ടാക്കിൾ ചെയ്തതിന് ഇന്ത്യയുടെ പ്രദീപ് മോറും ഓസ്ട്രേലിയയുടെ ഡാനിയൽ ബെയ്ലും ഗ്രീൻ കാർഡ് കണ്ട് പുറത്തായി. രണ്ടാം പകുതിയിൽ പന്തടക്കത്തിന്റെ 56 ശതമാനം ഇന്ത്യൻ ഭാഗത്തായിരുന്നു. രണ്ടാം പകുതിയിൽ ഇന്ത്യ മികച്ച രീതിയിൽ തുടങ്ങി.

ഓസ്ട്രേലിയയുടെ മാത്യു സ്വാൻ, ട്രെന്റ് മിട്ടൺ എന്നിവർ ഗ്രീൻ കാർഡ് കണ്ടു പുറത്തായപ്പോൾ ഓസീസ് ടീം ഒമ്പതായി ചുരുങ്ങി. ഈ അവസരം മുതലാക്കാൻ ഇന്ത്യക്കായില്ല. നാലാം ക്വാർട്ടറിൽ ഓസ്ട്രേലിയയ്ക്കു വലിയ ആഘാതം നേരിട്ടു. 50ാം മിനിറ്റിൽ മാറ്റ് ഡേവ്സൺ ഇന്ത്യൻ വിംഗർ സുനിലിനെ ഫൗൾ ചെയ്തതിനു മഞ്ഞക്കാർഡ് കിട്ടി. ഇതോടെ ഓസ്ട്രേലിയ അവസാന പത്തു മിനിറ്റിൽ പത്തു പേരായി കളിക്കേണ്ടിവന്നു. ഈ അവസരവും ഇന്ത്യക്കു മുതലാക്കാനായില്ല. 57ാം മിനിറ്റിൽ ഇന്ത്യയുടെ നികിൻ തിമ്മയ്യ മഞ്ഞക്കാർഡ് കണ്ട് പുറത്തായി.

ഒരു മണിക്കൂർ ഇരുഭാഗത്തും ഗോൾ വീഴാത്തതിനെത്തുർന്ന് മത്സരം ഷൂട്ടൗട്ടിലേക്കു നീങ്ങി. ഷൂട്ടൗട്ടിൽ ആദ്യ ഷോട്ട് ഓസ്ട്രേലിയയ്ക്കായിരുന്നു. ആരൺ വല കുലുക്കി. ഇന്ത്യയുടെ ആദ്യ ഷോട്ടൊടുക്കാനെത്തിയ ഉത്തപ്പയുടെ അടി പുറത്തേക്കു പോയി. ഓസ്ട്രേലിയയുടെ ബെയ്ൽ എടുത്ത രണ്ടാം ഷോട്ടും വലയിൽ പതിച്ചു ഇതോടെ ഓസ്ട്രേലിയ ലീഡ് നേടി. ഇന്ത്യക്കു വീണ്ടും വല കുലുക്കാനായില്ല. എസ്.വി. സുനിലിന്റെ ഷോട്ട് ഗോൾകീപ്പർ തട്ടിയകറ്റി. ഓസ്ട്രേലിയയുടെ മൂന്നാം അവസരം ശ്രീജേഷ് സമർഥമായി രക്ഷപ്പെടുത്തി. ഹർമൻപ്രീതി സിംഗിലൂടെ ഇ്ന്ത്യ ഒരു ഗോൾ മടക്കി. ഓസ്ട്രേലിയയുടെ നാലാം ഷോട്ട് ശ്രീജേഷിന് തടുത്തിടാനായില്ല. ഇന്ത്യയുടെ അവസാന ഷോട്ടെടുത്ത സുരീന്ദറിന് ഗോളാക്കാനായില്ല.


<ആ>ചാമ്പ്യൻസ് ട്രോഫി: മെഡൽ ജേതാക്കളെ പ്രധാനമന്ത്രി അഭിനന്ദിച്ചു

ന്യൂഡൽഹി: ലണ്ടനിൽവച്ച് നടന്ന ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ ടീമിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ചാമ്പ്യൻസ് ഹോക്കി മത്സരത്തിൽ മാസ്മരിക പ്രകടനം കാഴ്ചവച്ച ഇന്ത്യൻ ഹോക്കി ടീമിന് അഭിനന്ദനങ്ങൾ. താരങ്ങൾ മികച്ച പ്രകടനത്തിലുടെ കൈവരിച്ച നേട്ടത്തിൽ അഭിമാനം കൊള്ളുന്നു എന്ന് മോദി ട്വിറ്ററിൽ കുറിച്ചു.

ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണ് ഇന്ത്യൻ താരങ്ങൾ കളിക്കളത്തിൽ പ്രകടമാക്കിയത്. 1982ൽ നേടിയ വെങ്കല മെഡലാണ് ഇതുവരെ ഉണ്ടായിരുന്ന മികച്ച പ്രകടനം.

<ആ>അഭിനന്ദന പ്രവാഹവുമായി താരനിരയും

ന്യൂഡൽഹി: കളികളത്തിലെ മാസ്മരിക പ്രകടനത്തിലൂടെ വെള്ളി മെഡൽ സ്വന്തമാക്കിയ ഇന്ത്യൻ ടീമിന് അഭിനന്ദന പ്രവാഹം. സമൂഹത്തിന്റെ നാനാ തുറകളിലുള്ള പ്രശസ്തർ അഭിനന്ദനമറിയിച്ചു.

1982ൽ നേടിയ വെങ്കല മെഡലിനുശേഷം വർഷങ്ങൾക്കു ശേഷമാണ് ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യക്ക് മറ്റൊരു നേട്ടം എത്തിപ്പിടിക്കാനായത്.

ഇന്ത്യയുടെ കരുത്തുറ്റ താരങ്ങളായ സർദാർ സിംഗിന്റെയും റുപീന്ദർ പാൽ സിംഗിന്റെയും അഭാവത്തിലാണ് ഇന്ത്യയുടെ നേട്ടമെന്നത് അഭിനന്ദനാർഹമാണ്. പെനാൽറ്റിയിലൂടെ 1–3 എന്ന സ്കോറിൽ കളി അവസാനിച്ചു.

ടീം നേടിയ വിജയത്തിൽ അഭിമാനം കൊള്ളുന്നതായും രാജ്യത്തിന്റെ പേര് ഉയരങ്ങളിൽ എത്തിക്കാൻ നമുക്ക് ഒറ്റക്കെട്ടായി അധ്വാനിക്കാമെന്നും ഹോക്കി താരം സർദാർ സിംഗ് ആശംസിച്ചു. മറ്റ് രാജ്യങ്ങളുടെ മുന്നിൽ ഇന്ത്യയുടെ യശസ് ഉയർത്തിയവരെ അഭിനന്ദിക്കുന്നതായി ഇന്ത്യ ഹോക്കി ടീം മുൻ ക്യാപ്റ്റൻ വിരൻ റാസ്ക്വിൻഹാ ട്വിറ്ററിൽ കുറിച്ചു.

കൂടാതെ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ വിരാട് കോഹ്ലി, സുരേഷ് റെയ്ന എന്നിവരും ഹോക്കി ടീമിനെ അഭിനന്ദിച്ച് ട്വിറ്ററിൽ ആശംസ അറിയിച്ചു.


<ആ>ശ്രീ... ഇന്ത്യൻ ഹോക്കിയുടെ അഭിമാനം

<ശാഴ െൃര=/ിലംശൊമഴലെ/െൃലലഷലവെ180516.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>

ന്യൂഡൽഹി: ഇന്ത്യൻ ഹോക്കി ടീമിന്റെ അടുത്ത കാലത്തെ വലിയ വിജയങ്ങൾക്ക് നിർണായകമായത് മലയാളി ഗോൾ കീപ്പർ പി.ആർ. ശ്രീജേഷിന്റെ പ്രകടനമാണ്. സ്‌ഥിരതയാർന്ന പ്രകടനം അദ്ദേഹത്തെ നായകൻ സ്‌ഥാനത്തേക്ക് ഉയർത്തി. ഈ മലയാളി ഗോൾകീപ്പറുടെ മികവാണ് ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി പാക്കിസ്‌ഥാനെ തോൽപ്പിച്ച് ഇന്ത്യക്കു സ്വർണം നേടിക്കൊടുത്തത്. ശ്രീജേഷിന്റെ നേതൃത്വത്തിലുള്ള ടീമാണ്് ചാമ്പ്യൻസ് ട്രോഫിയുടെ ഫൈനലിൽ ആദ്യമായി പ്രവേശിക്കുന്നതും. ഫൈനലിൽ ഓസ്ട്രേലിയയോടു തോറ്റെങ്കിലും ടൂർണമെന്റിലുടനീളം ശ്രീജേഷിന്റെ പ്രകടനം ഇന്ത്യയുടെ മുന്നേറ്റത്തിന് നിർണായകമായ സ്‌ഥാനമാണ് വഹിച്ചത്. ഗോൾപോസ്റ്റിനു കീഴിൽ പാറ പോലെ ഉറച്ചുനിൽക്കുന്ന ശ്രീജേഷ് ഈ ടൂർണമെന്റിൽ തടഞ്ഞ ഷോട്ടുകൾ ധാരാളം. ബ്രിട്ടനെതിരെയുള്ള മത്സരത്തിൽ നാലു പെനാൽറ്റി കോർണറുകളാണ് രക്ഷപ്പെടുത്തിയത്. ബെൽജിയത്തിനെതിരെയും ഓസ്ട്രേലിയയ്ക്കെതിരെയും ശ്രീജേഷ് മങ്ങിയെങ്കിലും ഉടൻ തന്നെ തിരിച്ചുവന്നു. ഫൈനലിൽ ഇന്ത്യൻ ഗോൾകീപ്പർ മികവ് പുറത്തെടുത്തു. മുഴുവൻ സമയത്ത് കരുത്തേറിയ ഓസ്ട്രേലിയൻ മുന്നേറ്റത്തെ തടയാൻ ശ്രീജേഷിനായി. ആദ്യ ക്വാർട്ടറിൽ പെനാൽറ്റി കോർണറുകൾ തട്ടിയകറ്റി ഇന്ത്യ പൊരുതാൻതന്നെയാണ് ഫൈനലിലെത്തിയിരിക്കുന്നതെന്ന് തെളിയിച്ചു. ഷൂട്ടൗട്ടിൽ ഒരണ്ണം തടയാനും ശ്രീജേഷിനായി.

2011ൽ ഏഷ്യൻ ചാമ്പ്യൻഷിപ്പ് ട്രോഫിയുടെ ഇന്ത്യ–പാക്കിസ്‌ഥാൻ ഫൈനൽ ഷൂട്ടൗട്ടിൽ അവസാനിക്കുക്കയായിരുന്നു. ശ്രീജേഷിന്റെ ഗോൾപോസ്റ്റിനു കീഴിലുള്ള പ്രകടനമാണ് അന്ന് ഇന്ത്യയെ സ്വർണമണിയിച്ചത്. 2014ലെ ഇഞ്ചിയോൾ ഏഷ്യൻ ഗെയിംസ് ഹോക്കി ഫൈനലിൽ പാക്കിസ്‌ഥാനെ കീഴടക്കാനും ശ്രീജേഷിന്റെ സേവുകൾ ഇന്ത്യക്കു തുണയായി. അന്നും ഷൂട്ടൗട്ടിലായിരുന്നു ഫലം നിർണയിച്ചത്. കഴിഞ്ഞ വർഷത്തെ വേൾഡ് ഹോക്കി ലീഗ് ഫൈനൽസിൽ നെതർലൻഡ്സിനെ ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി വെങ്കലമെഡൽ അണിഞ്ഞതും ശ്രീജേഷിന്റെ മികവിലായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.