തുർക്കി കടന്ന് സ്പെയിൻ നോക്കൗട്ടിൽ
തുർക്കി കടന്ന് സ്പെയിൻ നോക്കൗട്ടിൽ
Saturday, June 18, 2016 11:59 AM IST
പാരീസ്: യൂറോ കപ്പ് ഫുട്ബോളിൽ തുടർച്ചയായ രണ്ടാം ജയത്തോടെ സ്പെയിൻ പ്രീക്വാർട്ടർ ബർത്ത് ഉറപ്പിച്ചു. നിലവിലെ ചാമ്പ്യന്മാരായ സ്പെയിൻ ഗ്രൂപ്പ് ഡിയിൽ തുർക്കിയെ മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്കു കീഴടക്കിയാണ് നോക്കൗട്ട് ഉറപ്പിച്ചത്. അൽവാരൊ മൊറാട്ടയും (34, 48) നോളിറ്റോയുമാണ് (37) സ്പെയിനിനായി ഗോൾ നേടിയത്. യൂറോ 2016ൽ ആദ്യമായി മൂന്നു ഗോളടിക്കുന്ന ടീമായി സ്പെയിൻ.

സ്പാനിഷ് ക്യാപ്റ്റൻ സെർജ്യോ റാമോസ് മഞ്ഞക്കാർഡ് വാങ്ങുന്നതുകണ്ടാണ് മത്സരം ആരംഭിച്ചത്. തുടർന്ന് അർവാരൊ മൊറാട്ടയുടെ ഗോൾ ശ്രമം തുർക്കി രക്ഷപ്പെടുത്തി. തുടർച്ചയായ ആക്രമണങ്ങൾക്കൊടുവിൽ 34–ാം മിനിറ്റിൽ നൊളിറ്റോയുടെ ക്രോസിൽനിന്ന് മൊറാട്ട ഹെഡറിലൂടെ സ്പെയിനിനെ മുന്നിലെത്തിച്ചു. നാലു മിനിറ്റിനുശേഷം നൊളിറ്റോ സ്പെയിനിന്റെ ലീഡ് 2–0 ആക്കി. രണ്ടു ഗോളിന്റെ ലീഡുമായി രണ്ടാം പകുതിക്ക് ഇറങ്ങിയ നിലവിലെ ചാമ്പ്യന്മാർക്കുവേണ്ടി 48–ാം മിനിറ്റിൽ മൊറാട്ട മൂന്നാം ഗോളും സ്വന്തമാക്കി. ഇനിയേസ്റ്റയിലൂടെ ലഭിച്ച പന്ത് ജോർഡി ആൽബ മൊറാട്ടയ്ക്കു നല്കി. പന്ത് വലയിലേക്ക് തിരിച്ചുവിടേണ്ട ചുമതല മൊറാട്ട ഭംഗിയാക്കി. 3–0നു സ്പെയിൻ മുന്നിൽ. തൊട്ടടുത്ത മിനിറ്റിൽ മൊറാട്ടയ്ക്കു ഹാട്രിക് തികയ്ക്കാൻ അവസരം ലഭിച്ചെങ്കിലും ഷോട്ട് ലക്ഷ്യത്തിൽനിന്നകന്നു.


സ്പെയിനിന്റെ പാസിംഗ് ഗെയിമിന്റെ കരുത്ത് വിളിച്ചോതുന്നതായിരുന്നു 48–ാം മിനിറ്റിലെ മൊറാട്ടയുടെ ഗോൾ. 21 പാസിനുശേഷമാണ് പന്ത് മൊറാട്ടയിലേക്കെത്തിയത്. ഔട്ട്ഫീൽഡിൽ ഉണ്ടായിരുന്ന ജെറാർഡ് പീക്വെമാത്രമാണ് ഗോളിലേക്കുള്ള വഴിയിൽ പങ്കാളിയാകാതിരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.