ചിന്നസ്വാമിയിൽ ’പെരിയ‘ ഫൈനൽ
ചിന്നസ്വാമിയിൽ ’പെരിയ‘ ഫൈനൽ
Saturday, May 28, 2016 12:33 PM IST
ബംഗളൂരു: ചിന്നസ്വാമിയിലെ റൺപിച്ചിൽ കോഹ്ലിക്കുട്ടികളുടെ പടയോട്ടമാകുമോ? അതോ, ഒറ്റയാൻ വാർണറുടെ തോളിലേറി ഹൈദരാബാദിന്റെ ഉദയമോ? ഫലം എന്തുതന്നെയായാലും കിരീടത്തിന് അവകാശികൾ പുതിയതായിരിക്കും. (ഹൈദരാബാദിന്റെ പേരിൽ ഡെക്കാൻ ചാർജേഴ്സ് കിരീടം നേടിയിട്ടുണ്ടെങ്കിലും സൺറൈസേഴ്സ് ഇതുവരെ കപ്പു നേടിയിട്ടില്ല) ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മോശം സീസണെന്ന പഴികേട്ട ടൂർണമെന്റിന് ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് കൊട്ടിക്കലാശം. മത്സരം രാത്രി എട്ടുമുതൽ.

ടീമിനെ ഒറ്റയ്ക്കു തോളിലേറ്റിയവരാണ് ഇരുടീമിനെയും നയിക്കുന്നത്. റൺവേട്ടക്കാരിൽ കോഹ്ലിയാണ് ഒന്നാംസ്‌ഥാനത്തെങ്കിൽ തൊട്ടുപിന്നിൽ വാർണറുമുണ്ട്. തോൽവിയുറപ്പിച്ച പല കളികളിലും ടീമിനെ ജയത്തിലേക്കു നയിച്ചത് ഈ ക്യാപ്റ്റൻമാരുടെ കഴിവാണ്. രണ്ടാം ക്വാളിഫയറിൽ തോൽവി മുന്നിൽക്കണ്ട ഹൈദരാബാദിന് തുണയായത് വാർണറുടെ ഒറ്റയാൻ പോരാട്ടമാണ്. മറുവശത്ത്, യഥാർഥ ചാമ്പ്യനെപ്പോലെയാണ് കോഹ്ലിയുടെ ബാറ്റിംഗ്. കൈയ്യിൽ ഏഴു സ്റ്റിച്ചുമായി കളിക്കാനിറങ്ങിയപ്പോൾപ്പോലും ആ വീര്യം കണ്ടതാണ്. ഇവരിൽ ആര് ഇന്ന് നേരത്തേ പുറത്താകും എന്നതിനെ ആശ്രയിച്ചിരിക്കും കിരീടം ആർക്കെന്ന ഉത്തരവും.

<ആ>ടീം വാർത്ത

ടൂർണമെന്റിൽ തുടർതോൽവികളോടെയായിരുന്നു ബാംഗ്ലൂരിന്റെ തുടക്കം. വൻ സ്കോറുകൾ നേടാനായെങ്കിലും ബൗളർമാരുടെ കഴിവുകേടിൽ മത്സരങ്ങൾ തോൽക്കുന്ന അവസ്‌ഥ. എന്നാൽ അവസാന ഘട്ടത്തിലേക്കു നീങ്ങിയപ്പോൾ ബൗളർമാർ അസാമാന്യ ഫേമിലേക്കു ഉയരുന്നതാണ് കണ്ടത്. കോംപിനേഷനിൽ കാര്യമായ മാറ്റങ്ങളില്ലാതെയാണ് കോഹ്ലി അവസാന മത്സരങ്ങളിൽ ടീമിനെ ഇറക്കിയത്. ഗുജറാത്തിനെതിരായ ആദ്യ ക്വാളിഫയറിൽ ഫോമിലുള്ള യുഷ്വേന്ദ്ര ചഹാലിനൊപ്പം ഇക്ബാൽ അബ്ദുള്ളയെ കളിപ്പിക്കാനുള്ള നീക്കം ഫലം കാണുകയും ചെയ്തു. ബൗളിംഗിനൊപ്പം ബാറ്റിംഗിലും അബ്ദുള്ള തിളങ്ങി. ഇന്നും ടീമിൽ മാറ്റം വരുത്തിയേക്കില്ല. ടീമിന്റെ ഭാഗ്യതാരമെന്ന പേരു വീണുകിട്ടിയ മലയാളിതാരം സച്ചിൻ ബേബിയും ടീമിലുണ്ടാകും.


റോയൽ ചലഞ്ചേഴ്സ് ടീം: ക്രിസ് ഗെയ്ൽ, വിരാട് കോഹ്ലി, എ.ബി. ഡിവില്യേഴ്സ്, കെ.എൽ. രാഹുൽ, ഷെയ്ൻ വാട്സൺ, സ്റ്റുവർട്ട് ബിന്നി, സച്ചിൻ ബേബി, ക്രിസ് ജോർദാൻ, ഇക്ബാൽ അബ്ദുള്ള, ശ്രീനാഥ് അരവിന്ദ്, യുഷ്വേന്ദ്ര ചഹാൽ.

തുടക്കത്തിൽ കത്തിക്കയറിയ ഹൈദരാബാദിന് അവസാനഘട്ടമെത്തിയപ്പോൾ ആ മികവ് നിലനിർത്താനാകുന്നില്ല. വാർണർ പുറത്തായാൽ ബാറ്റിംഗ് നിര തകർന്നടിയുന്നതാണ് ചരിത്രം. മധ്യനിരയുടെ കാര്യമാണ് കഷ്‌ടം. യുവരാജ് സിംഗ്, മോയിസ് ഹെൻറിക്വസ്, നമൻ ഓജ, ദീപക് ഹൂഡ തുടങ്ങി പ്രഗത്ഭരുണ്ടെങ്കിലും വലിയ സംഭാവനകൾ നന്നേ കുറവ്.

ബൗളിംഗാണ് ടീമിന്റെ തുറുപ്പുചീട്ട്. ആശിഷ് നെഹ്റ പാതിവഴിക്കു ടീമിനെ പിരിഞ്ഞെങ്കിലും ബൗളിംഗ് ഡിപ്പാർട്ട്മെന്റ് ശക്‌തം. രണ്ടാം ക്വാളിഫയറിൽ ഫോമിലുള്ള മുസ്റ്റാഫിസൂർ റഹ്മാനെ പുറത്തിരുത്തിയ മണ്ടത്തരം ഇന്നുണ്ടാകില്ലെന്നു കോച്ച് ടോം മൂഡിയുടെ ഉറപ്പ്. ബരിന്ദ്രർ സ്രാൻ, ഭുവനേശ്വർ കുമാർ, ബെൻ കട്ടിംഗ് എന്നിവർ കൂടി ചേരുമ്പോൾ ബാംഗ്ലൂരിന്റെ കൂറ്റനടിക്കാരെ പിടിച്ചുകെട്ടാമെന്നാണ് ടീമിന്റെ പ്രതീക്ഷ.

ഹൈദരാബാദ് ടീം: ഡേവിഡ് വാർണർ, ശിഖർ ധവാൻ, മോയിസ് ഹെൻറിക്വസ്, യുവരാജ് സിംഗ്, ദീപക് ഹൂഡ, ബെൻ കട്ടിംഗ്, നമൻ ഓജ, ഭുവനേശ്വർ കുമാർ, ബിപുൽ ശർമ, ബരിന്ദ്രർ സ്രാൻ, മുസ്റ്റാഫിസൂർ റഹ്മാൻ

<ആ>കണക്കിലെ കളി

= ഐപിഎൽ ചരിത്രത്തിൽ ഒരു സീസണിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന റിക്കാർഡ് കോഹ്ലിക്കു വെറും 81 റൺസ് അകലെ.

= ചിന്നസ്വാമി സ്റ്റേഡിയത്തിൽ കോഹ്ലി ഈ സീസണിൽ അപാരഫോമിലാണ്. കളിച്ചത് എട്ടു കളികൾ. മൂന്നു സെഞ്ചുറി, മൂന്ന് അർധസെഞ്ചുറി ഒപ്പം ഒരു ഡെക്കും.

= റൺ പിന്തുടരുമ്പോൾ വാർണറിന്റെ വീര്യം ഇരട്ടിയാണ്. ഈ സീസണിൽ ചേസിംഗിൽ താരം നേടിയത് 468 റൺസ്. ഐപിഎൽ ചരിത്രത്തിലെ റിക്കാർഡാണിത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.