ഫിഫ സൗഹൃദ ഫുട്ബോൾ: ഇംഗ്ലണ്ട്, അർജന്റീന ജയിച്ചു ചിലിക്കു തോൽവി
ഫിഫ സൗഹൃദ ഫുട്ബോൾ: ഇംഗ്ലണ്ട്, അർജന്റീന ജയിച്ചു ചിലിക്കു തോൽവി
Saturday, May 28, 2016 12:33 PM IST
ലണ്ടൻ/മേണ്ടേവിഡിയോ: അന്താരാഷ്ട്ര സൗഹൃദ ഫുട്ബോളിൽ കരുത്തരായ ഇംഗ്ലണ്ട്, ബെൽജിയം അർജന്റീന, ഉറുഗ്വെ, ക്രൊയേഷ്യ തുടങ്ങിയവർ ജയിച്ചു. എന്നാൽ കോപ്പ അമേരിക്ക ചാമ്പ്യന്മാരായ ചിലിയെ ജമൈക്ക അട്ടിമറിച്ചു.

നെതർലൻഡ്സിനെ റിപ്പബ്ലിക് ഓഫ് അയർലൻഡ് സമനിലയിൽ തളച്ചു. കിഴക്കൻ അയർലൻഡ് മികച്ച ജയം നേടി. ആദ്യ അന്താരാഷ്ര്‌ട മത്സരത്തിനിറങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡ് കൗമാര താരം മാർകസ് റഷ്ഫോഡ് (3), നായകൻ വെയ്ൻ റൂണി (55) എന്നിവരാണ് ഓസ്ട്രേലിയയ്ക്കെതിരേ ഇംഗ്ലണ്ടിനായി ഗോൾ നേടിയത്. 75–ാം മിനിറ്റിൽ എറിക് ഡയറിന്റെ സെൽഫ് ഗോൾ ഓസ്ട്രേലിയയ്ക്ക് ആശ്വാസം നൽകി. സീനിയർ ടീമിലെ അരങ്ങേറ്റത്തിൽത്തന്നെ ഗോൾ നേടിയ റഷ്ഫോഡ് യൂറോ കപ്പിന്റെ സാധ്യത ടീമിൽ ഉൾപ്പെടുത്തിയത് ശരിവച്ചു. മത്സരം തുടങ്ങി 135–ാം സെക്കൻഡിൽ മാഞ്ചസ്റ്റർ താരം വലകുലുക്കി.

സ്വിറ്റ്സർലൻഡിനെതിരേ ഒരു ഗോളിനു പിന്നിട്ടുനിന്നശേഷം രണ്ടു ഗോളടിച്ച് ബെൽജിയം വിജയിച്ചു. സ്വിറ്റ്സർലൻഡ് 31 ാം മിനിറ്റിൽ ബ്ലെറിം സെമെയ്ലിലൂടെ മുന്നിലെത്തി. എന്നാൽ ആദ്യ പകുതി തീരുംമുമ്പ് റൊമേലു ലൂക്കാക്കു (34) ബെൽജിയത്തിനു സമനില നൽകി. 83ാം മിനിറ്റിൽ കെവിൻ ഡി ബ്രൂയിൻ ബെൽജിയത്തിനു മികച്ച ജയം നൽകി.

റിപ്പബ്ലിക് ഓഫ് അയർലൻഡിനോട് നെതർലൻഡ്സ് തോൽവിയിൽ നിന്നു സമനിലയുമായി രക്ഷപ്പെട്ടു. 30ാം മിനിറ്റിൽ ഷെയ്ൻ ലോംഗ് അയർലൻഡിനെ മുന്നിലെത്തിച്ചു. എന്നാൽ, 85ാം മിനിറ്റിൽ ലൂക് ഡി യോംഗിന്റെ ഗോളിൽ ഓറഞ്ചുപട സമനില പിടിച്ചു. ക്രൊയേഷ്യ എതിരില്ലാത്ത ഒരു ഗോളിന് മോൾഡോവയെ തോൽപ്പിച്ചു. ആന്ദ്രെ ക്രാമാറിക് (9) ആണ് ക്രൊയേഷ്യക്കുവേണ്ടി ഗോൾ നേടിയത്. ചെക് റിപ്പബ്ലിക് എതിരില്ലാത്ത ആറു ഗോളിനു മാൾട്ടയെ തകർത്തു.



<ആ>ഉറുഗ്വെ, അർജന്റീന ജയിച്ചു

കോപ്പ അമേരിക്ക സെന്റിനാറിയോ ടൂർണമെന്റിനൊരുങ്ങുന്ന ഉറുഗ്വെയ്ക്കു മികച്ച തുടക്കം ട്രിനിഡാഡ് ആൻഡ് ടുബാഗോയെ ഒന്നിനെതിരെ മൂന്നു ഗോളിനു തകർത്തു. ഏഴാം മിനിറ്റിൽ ജോമൽ വില്യംസിലൂടെ ട്രിനിഡാഡ് ആദ്യം മുന്നിലെത്തി. എന്നാൽ ആദ്യ പകുതി തീരും മുമ്പ് എഡിൻസൺ കവാനി ഇരട്ട ഗോളടിച്ച് ഉറുഗ്വെയ്ക്കു വിജയം ഒരുക്കി. 26, 39 മിനിറ്റുകളിലാണ് കവാനി വലകുലുക്കിയത്. മാത്തിയാസ് വെസിനോ(55)യാണ് ഉറുഗ്വെയുടെ മൂന്നാമത്തെ ഗോളിനുടമ. ലൂയിസ് സുവാരസ് പരിക്കിനെത്തുടർന്ന് കളിച്ചിരുന്നില്ല.

കോപ്പ അമേരിക്ക സെന്റിനാറിയോയ്ക്കു മുമ്പ് നടന്ന സന്നാഹമത്സരത്തിൽ സ്വന്തം നാട്ടുകാരുടെ മുന്നിൽ കളിച്ച അർജന്റീന ഹോണ്ടുറാസിനെ ഏകപക്ഷീയമായ ഒരു ഗോളിനു തോൽപ്പിച്ചു. ഗോൺസാലോ ഹിഗ്വെയിന്റെ (31) ഗോളിലായിരുന്നു അർജന്റീനയുടെ ജയം. മത്സരത്തിനിടെ നായകൻ ലയണൽ മെസിക്കു പരിക്കേറ്റത് ടീമിന് ആശങ്കയാക്കി. ഇതിനെത്തുടർന്ന് മെസിയെ പിൻവലിക്കുകയും ചെയ്തിരുന്നു.

<ആ>ചിലിയെ അട്ടിമറിച്ചു

കോപ്പ അമേരിക്ക സെന്റിനാറിയോ ടൂർണമെന്റിന് ഒരുങ്ങും മുമ്പ് കോപ്പ അമേരിക്ക 2015ലെ ചാമ്പ്യൻമാരായ ചിലിക്കു തിരിച്ചടി. സന്നാഹമത്സരത്തിൽ ജമൈക്കയിൽനിന്നും 2–1ന് അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങേണ്ടിവന്നു. ചിലിയുടെ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ അവരെ ഞെട്ടിച്ചുകൊണ്ട് ജമൈക്ക ക്ലെട്ടൺ ഡോണാൾഡ്സൺ (36) ആദ്യ ഗോൾ നേടി. ജോയൽ ഗ്രാൻഡ് ജമൈക്കയുടെ ലീഡ് ഉയർത്തി. 82ാം മിനിറ്റിൽ ചിലി നിക്കോളസ് കാസ്റ്റിലോയിലൂടെ ആശ്വാസം കണ്ടെത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.