മിലാനിൽ മാഡ്രിഡ് യുദ്ധം
മിലാനിൽ മാഡ്രിഡ് യുദ്ധം
Friday, May 27, 2016 12:36 PM IST
മിലാൻ: മധുരപ്രതികാരത്തിന് അത്ലറ്റിക്കോ, 11–ാം കിരീടത്തിനു റയൽ, യൂറോപ്യൻ ഫുട്ബോളിലെ പോരാട്ടങ്ങളുടെ പോരാട്ടത്തിന് ഇന്നു കലാശം. യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിൽ ഇന്നു റയൽ മാഡ്രിഡ് നാട്ടുകാരായ അത്ലറ്റിക്കോ മാഡ്രിഡിനെ നേരിടും. ഇന്ത്യൻ സമയം രാത്രി 12.15നാണ് മത്സരം. കൂട്ടലും കിഴിക്കലുമായി ഇരിക്കുന്ന ഫുട്ബോളിലെ കണക്കന്മാർക്ക് ആരു ജയിക്കുമെന്ന കാര്യത്തിൽ ഉറച്ച നിലപാട് സ്വീകരിക്കാനാകുന്നില്ല എന്നതുതന്നെ മത്സരഫലത്തിന്റെ അനിശ്ചിതത്വം സൂചിപ്പിക്കുന്നു. മിലാനിലെ സാൻസിറോ ഗിസെപ്പെ മാസ സ്റ്റേഡിയം ക്ലബ് പോരാട്ടങ്ങളുടെ മാതാവിനെ സ്വീകരിക്കാൻ ഒരുങ്ങിക്കഴിഞ്ഞു. ഇതിനോടകം ഇരുടീമിന്റെയും ആരാധകർ മിലാനിലെത്തിയിട്ടുണ്ട്.

ഫൈനലിലേക്കുള്ള മുന്നേറ്റത്തിൽ അത്ലറ്റിക്കോ മാഡ്രിഡിന്റെ വിജയങ്ങൾക്കു തിളക്കമേറെയുണ്ട്. ബാഴ്സലോണയെയും ബയേൺ മ്യൂണിക്കിനെയുമാണ് അവർ ക്വാർട്ടറിലും സെമിയിലും പരാജയപ്പെടുത്തിയത്. അതേസമയം, റയലാകട്ടെ, വുൾഫ്സ്ബർഗിനെയും മാഞ്ചസ്റ്റർ സിറ്റിയെയുമാണ് തോൽപ്പിച്ചത്. അതുകൊണ്ടുതന്നെ വാതുവയ്പുകാർക്ക് ഇത്തവണ പ്രിയം അത്ലറ്റിക്കോയോടാണ്.

താരങ്ങളുടെ പോരാട്ടം എന്നതിനപ്പുറം മികച്ച രണ്ടു പരിശീലകരുടെ പോരാട്ടം എന്ന നിലയിലും മിലാൻ പോര് ശ്രദ്ധേയമാകും. അത്ലറ്റിക്കോ മാഡ്രിഡിന്റെ സമീപകാല മികവുകൾക്കെല്ലാം ചുക്കാൻ പിടിച്ച അർജന്റൈൻ പരിശീലകൻ ഡിയേഗോ സിമിയോണിയും റയലിന്റെ പരിശീലകനും ലോകോത്തര ഫ്രഞ്ച് കളിക്കാരനുമായ സിനദിൻ സിദാനും തമ്മിലുള്ള പോരാനും ഈ മത്സരം സാക്ഷ്യം വഹിക്കും.

കളിക്കാരനെന്ന നിലയിൽ ബാലൺ ഡി ഓറും ലോകകപ്പും ചാമ്പ്യൻസ് ലീഗും ഒക്കെ സ്വന്തമാക്കിയിട്ടുണ്ടെങ്കിലും അഞ്ചു മാസം മുമ്പ്് പരിശീലകനായ ശേഷം ഒരു കിരീടവും റയലിനു നേടിക്കൊടുക്കാൻ സിദാനായിട്ടില്ല. അതിനുള്ള സുവർണാവസരമാണ് സിദാനു ലഭിച്ചിരിക്കുന്നത്. സ്പാനിഷ് ലാലിഗയിൽ ബാഴ്സയ്ക്കെതിരായ വിജയമുൾപ്പെടെ അവസാനത്തെ 12 മത്സരങ്ങളിലും വിജയം കണ്ടെങ്കിലും ഒരു പോയിന്റിന്റെ വ്യത്യാസത്തിൽ ബാഴ്സയ്ക്കു മുന്നിൽ റയലിനു കിരീടം അടിയറ വയ്ക്കേണ്ടിവന്നു.

അതേസമയം, പരിശീലനമികവിന്റെ ഔന്നത്യത്തിലുള്ളയാളാണ് സിമിയോണി. ഒരു ശരാശരി ടീമിനെ മികവിന്റെ പര്യായമാക്കാൻ സിമിയോണിക്കു സാധിച്ചു എന്നതാണ് അദ്ദേഹത്തിന്റെ നേട്ടം. സ്പാനിഷ് ലീഗിൽ മൂന്നാം സ്‌ഥാനത്തായെങ്കിലും ഇരുവരും തമ്മിൽ കൊമ്പുകോർത്തപ്പോൾ ഒരു ജയം അത്ലറ്റിക്കോയ്ക്കായിരുന്നു. 1–0 എന്ന സ്കോറിനായിരുന്നു രണ്ടാംപാദത്തിൽ അത്ലറ്റിക്കോയുടെ വിജയം. ആദ്യമത്സരം ഗോൾരഹിത സമനിലയായിരുന്നു.

എന്നാൽ, കഴിഞ്ഞ ചാമ്പ്യൻസ് ലീഗിൽ ക്വാർട്ടറിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ 1–0ന്റെ(ഇരുപാദങ്ങളിലുമായി) വിജയത്തോടെ റയൽ സെമിയിലേക്കു മാർച്ച് ചെയ്തു. അതേസമയം, കഴിഞ്ഞ സ്പാനിഷ് ലീഗിൽ റയലിനെ 4–0നു പരാജയപ്പെടുത്തിയ ചരിത്രം അത്ലറ്റിക്കോയ്ക്കു പറയാനുണ്ട്. സിമിയോണിയുടെ പരിശീലന മികവിൽ യുവേഫ സൂപ്പർ കപ്പ് 2012ലും 2014ലും കോപ്പ ഡെൽ റേ 2013ലും സ്പാനിഷ് ലീഗ് കിരീടം 2013ലും അത്ലറ്റിക്കോയിലെത്തി. എന്നാൽ, ചാമ്പ്യൻസ് ലീഗ് കിരീടം ഇന്നും അന്യമാണ്.

തോൽവിയും ജയവും കയറിയിറങ്ങിവന്ന സമീപകാലചരിത്രമാണ് ഇരുടീമിനും പങ്കുവയ്ക്കാനുള്ളത്.

<ആ>റൊണാൾഡോ കളിക്കും

പരിക്കിൽനിന്നു നൂറുശതമാനം മുക്‌തനായ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്നു കളിക്കും എന്നുള്ളതാണ് റയൽ ആരാധകരെ സന്തോഷിപ്പിക്കുന്ന കാര്യം. തുടർച്ചയായ മൂന്നാം സീസണിലും 50 ഗോൾ നേടിയ റൊണാൾഡോ ചാ മ്പ്യൻസ് ലീഗിൽ മാത്രം 11 മത്സരങ്ങളിൽനിന്ന് 16 ഗോളുകൾ സ്വന്തമാക്കി. പരിക്കുമൂലം സെമിയിൽ കളിക്കാനും അദ്ദേഹത്തിനു സാധിച്ചിരുന്നില്ല.


അതേസമയം, പരിക്കിന്റെ പിടിയിലായ പ്രതിരോധതാരം റാഫേൽ വരെയ്ൻ ഇന്നു കളിക്കില്ല. നായകൻ സെർജിയോ റോമോസും പെപ്പെയും സെന്റർ ഡിഫൻസിൽ തിരിച്ചെത്തും. മുന്നേറ്റനിരയിൽ റൊണാൾഡോ– ബൻസേമ, ബെയ്ൽ ത്രയം ഒരുമിച്ചുവരും. മൂന്നുപേർക്കും മത്സരശേഷം യൂറോ കപ്പ് പോരാട്ടങ്ങൾക്കു പോകേണ്ടതുണ്ട്. മറുവശത്ത് അന്റോണിയോ ഗ്രീസ്മാൻ, ഫെർണാണ്ടോ ടോറസ് എന്നിവരിലാണ് അത്ലറ്റിക്കോയുടെ പ്രതീക്ഷ. മികച്ച പ്രതിരോധമാണ് അവരുടെ മറ്റൊരു കരുത്ത്.

<ആ>കക്ക ബ്രസീൽ ടീമിൽ

<ശാഴ െൃര=/ിലംശൊമഴലെ/ഗമസമ210516.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>

സംപൗളോ: പരിക്കേറ്റ ഡഗ്ലസ് കോസ്റ്റയ്ക്കു പകരം കക്ക കോപ്പ അമേരിക്കയ്ക്കുള്ള ബ്രസീൽ ടീമിൽ ഇടം നേടി. 34കാരനായ കക്ക ബ്രസീലിനു വേണ്ടി 91 മത്സരങ്ങളിൽനിന്ന് 29 ഗോളുകൾ നേടിയിട്ടുണ്ട്. എന്നാൽ, കഴിഞ്ഞ മൂന്നു വർഷത്തിനിടെ 60 മിനിറ്റ് മാത്രമാണ് ദേശീയ ടീമിനു വേണ്ടി കക്കയ്ക്കു കളിക്കാനായത്. എസി മിലാൻ, റയൽ മാഡ്രിഡ് തുടങ്ങിയ പ്രമുഖ ടീമിനു വേണ്ടി കളിച്ചിട്ടുള്ള കക്ക ബാലൺ ഡി ഓർ ജേതാവുകൂടിയാണ്. നേരത്തെ പരിക്കേറ്റ ജോനാസിനു പകരം റിക്കാർഡോ ഒളിവേരയും ബ്രസീലിയൻ ടീമിലെത്തിയിരുന്നു. നെയ്മറില്ലാതെയാണ് അമേരിക്കയിൽ നടക്കുന്ന കോപ്പ അമേരിക്ക സെന്റിനാരിയോയിൽ ബ്രസീൽ ഇറങ്ങുന്നത്. ഗ്രൂപ്പ് ബിയിൽ ഇക്വഡോർ, ഹെയ്തി, പെറു എന്നീ ടീമുകൾക്കൊപ്പമാണ് ബ്രസീലിന്റെ സ്‌ഥാനം.

<ആ>കണക്കുകൾ കഥപറയുന്നു

= ഇതു പതിനാലാം തവണയാണ് റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗിന്റെ(മുമ്പ് യൂറോപ്യൻ കപ്പ്) ഫൈനലിൽ കടക്കുന്നത്. ഏതൊരു ടീമിനേക്കാളും മുന്നിൽ. ഇതിൽ 10 തവണയും കിരീടം നേടാൻ റയലിനായി. 1998, 2000, 2002, 2014 വർഷങ്ങളിൽ റയലായിരുന്നു ചാമ്പ്യൻ.

=ഇതു മൂന്നാം തവണയാണ് അത്ലറ്റിക്കോ ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിൽ കടക്കുന്നത്. 1974, 2014, 2016 വർഷങ്ങളിൽ. അവസാനം കളിച്ച രണ്ട് ഫൈനലുകളിൽ തോൽക്കാനായിരുന്നു അവരുടെ വിധി. 1974ൽ റയലിനോടും 2015ൽ ബയേൺ മ്യൂണിക്കിനോടും അവർ തോറ്റു.

=ഇതു മൂന്നാം തവണയാണ് ഒരേ രാജ്യത്തുനിന്നുള്ള രണ്ടു ടീമുകൾ കലാശപ്പോരിൽ കൊമ്പുകോർക്കുന്നത്. 2013ൽ ജർമനി, 2014ലും 2016ലും സ്പെയിൻ.

=ഇരുവരും തമ്മിൽ അവസാനം ഏറ്റുമുട്ടിയ 16 മത്സരങ്ങളിൽ ഏഴിലും വിജയം അത്ലറ്റിക്കോയ്ക്കൊപ്പം നിന്നു. നാലെണ്ണത്തിൽ റയൽ ജയിച്ചപ്പോൾ അഞ്ചെണ്ണം സമനിലയിലായി.

=ചാമ്പ്യൻസ് ലീഗിൽ ഇരുവരും അവസാനം കൊമ്പുകോർത്ത മൂന്നു മത്സരങ്ങളിലും ജയം റയലിനായിരുന്നു. 1959ലെ സെമിയിലും 2014ലെ ഫൈനലിലും 2015ലെ ക്വാർട്ടറിലും.

=ഈ സീസണിൽ റയൽ അടിച്ചുകൂട്ടിയത് 110 ഗോളുകളാണ്. അത്ലറ്റിക്കോയാകട്ടെ 63ഉം. എന്നാൽ, റയൽ 34 ഗോളുകൾ വഴങ്ങിയപ്പോൾ 18 എണ്ണം മാത്രമാണ് അത്ലറ്റിക്കോയുടെ വലയിലെത്തിയത്.

=21 ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ ഈ സീസണിൽ കളിച്ച അത്ലറ്റിക്കോ 15 മത്സരങ്ങളിലും ക്ലീൻ ഷീറ്റ് കാത്തു സൂക്ഷിച്ചു.

=റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കിയാൽ ഓരോ ബോണസായി ക്ലബ് അധികൃതർ നൽകുന്നത് 12 കോടി യൂറോ. ആറു ലക്ഷം യൂറോ വീതം ഓരോ താരത്തിനും ലഭിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.