ഹൈദരാബാദ് ഫൈനലിൽ
ഹൈദരാബാദ് ഫൈനലിൽ
Friday, May 27, 2016 12:36 PM IST
ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗ് കലാശപ്പോരാട്ടത്തിൽ ബാംഗളൂർ റോയൽ ചലഞ്ചേഴ്സിന്റെ എതിരാളികൾ ഹൈദരാബാദ് സൺ റൈസേഴ്സ്. ഇന്നലെ നടന്ന രണ്ടാം ക്വാളിഫയറിൽ പുതുമുഖങ്ങളായ ഗുജറാത്ത് ലയൺസിനെ നാലു വിക്കറ്റിനു പരാജയപ്പെടുത്തിയാണ് ഹൈദരാബാദ് ഫൈനലിലെത്തിയത്. നായകൻ ഡേവിഡ് വാർണറുടെ അസാമാന്യപ്രകടനമാണ് അവർക്ക് കലാശപ്പോരിന് അർഹത നൽകിയത്. സ്കോർ: ഗുജറാത്ത് ലയൺസ്– 20 ഓവറിൽ ഏഴിന് 162. ഹൈദരാബാദ് സൺ റൈസേഴ്സ്– 19.2 ഓവറിൽ ആറിന് 163.

58 പന്തിൽ 11 ബൗണ്ടറിയും മൂന്നു സിക്സുമടക്കം 93 റൺസ് നേടിയ വാർണർ പുറത്താകാതെനിന്നു. 27 റൺസെടുത്ത ബിപുൽ ശർമ മാത്രമാണ് വാർണർക്കു തുണയായത്.

ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഗുജറാത്തിന് തുടക്കം അത്ര ശുഭകരമായില്ല. ഏകലവ്യ ദ്വിവേദിയും (5) സുരേഷ് റെയ്നയും പവലിയനിൽ മടങ്ങിയെത്തുമ്പോൾ സ്കോർബോർഡിൽ വെറും 19 റൺസ് മാത്രം. ബ്രെണ്ടൻ മക്കല്ലവും ദിനേഷ് കാർത്തിക്കും തകർച്ചയിൽനിന്ന് ടീമിനെ കരകയറ്റുന്നതിനിടെ അടുത്ത തിരിച്ചടിയെത്തി. 26 റൺസെടുത്ത കാർത്തിക് (26) റണ്ണൗട്ട്. തൊട്ടുപിന്നാലെ മക്കല്ലവും (32), ഡ്വെയ്ൻ സ്മിത്തും (1) പോയതോടെ അഞ്ചിന് 83 റൺസെന്നനിലയിലായി ഗുജറാത്ത്. ഹൈദരാബാദ് പിടിമുറുക്കുകയാണെന്നു തോന്നിച്ച ഘട്ടത്തിലാണ് ആരോൺ ഫിഞ്ച് ആഞ്ഞടിക്കുന്നത്. തുടക്കത്തിലേ നല്ലൊരു ലൈഫ് ലഭിച്ച ഫിഞ്ച് തകർത്തടിച്ചതോടെ ലയൺസ് ഭേദപ്പെട്ട സ്കോറിലേക്കു നീങ്ങി. വാലറ്റത്ത് രവീന്ദ്ര ജഡേജയും (പുറത്താകാതെ (19), ഡ്വെയ്ൻ ബ്രാവോയും (10 പന്തിൽ 20) ഗുജറാത്ത് പൊരുതാവുന്ന സ്കോറിലെത്തി. 32 പന്തിൽ 50 റൺസെടുത്ത ഫിഞ്ചാണ് ടോപ് സ്കോറർ. ഹൈദരാബാദിനു വേണ്ടി ഭുവനേശ്വർ കുമാർ രണ്ടു വിക്കറ്റ് നേടി.


മറുപടി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. എന്നാൽ, ഡേവിഡ് വാർണറുടെ ഒറ്റയാൻ പ്രകടനം ഹൈദരാബാദിനെ മുന്നോട്ടു നയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.