പരിക്കേറ്റ നദാൽ പിന്മാറി
പരിക്കേറ്റ നദാൽ പിന്മാറി
Friday, May 27, 2016 12:36 PM IST
പാരീസ്: റൊളാംഗ് ഗാരോയുടെ കണ്ണീരായി റാഫേൽ നദാൽ. ഇടതു കൈക്കുഴയ്ക്കു പരിക്കേറ്റ സ്പെയിനിന്റെ നദാൽ ഫ്രഞ്ച് ഓപ്പണിൽനിന്നു പിന്മാറി. ഒമ്പതു തവണ ഫ്രഞ്ച് ഓപ്പൺ നേടിയ നദാൽ കഴിഞ്ഞ ദിവസം ഫാക്കുൻഡോ ബാഗ്്നിസിനെ നേരിട്ടുള്ള സെറ്റുകൾക്കു പരാജയപ്പെടുത്തി മൂന്നാം റൗണ്ടിലെത്തിയിരുന്നു. ഈ മത്സരത്തിൽ വേദനസംഹാരി കുത്തിവച്ചായിരുന്നു താൻ കളിച്ചതെന്ന് നദാൽ വ്യക്‌തമാക്കി. എന്നാൽ, മത്സരശേഷം വേദന കൂടി. ഇപ്പോൾ കൈ ചലിപ്പിക്കാനാവുന്നില്ല. അതിനാൽ വളരെ വിഷമത്തോടെ പിന്മാറുകയാണെന്ന് നദാൽ അറിയിച്ചു. ഇനിയും –കളിച്ചാൽ അതു വലിയ പ്രശ്നങ്ങൾ സൃഷ്‌ടിക്കും അതിനാൽ പിന്മാറുകയാണെന്ന് നദാൽ അറിയിച്ചു. എന്നാൽ, താൻ അധികം താമസിയാതെ ശക്‌തമായി തിരിച്ചെത്തുമെന്ന് നദാൽ വിശ്വാസം പ്രകടിപ്പിച്ചു.


ഇതോടെ മൂന്നാം റൗണ്ടിൽ വിജയിക്കാതെ തന്നെ മാഴ്സെ ഗ്രാനോൾസിന് പ്രീക്വാർട്ടറിലെത്താൻ കഴിയും. ഫ്രഞ്ച് ഓപ്പണിൽ ഏറ്റവും കൂടുതൽ ചാമ്പ്യനായതിന്റെ റിക്കാർഡ് നദാലിന്റെ പേരിലാണ്. പരിക്കിനെത്തുടർന്ന് മുൻ ലോക ഒന്നാം നമ്പർ താരം സ്വിറ്റ്സർലൻഡിന്റെ റോജർ ഫെഡറർ ഫ്രഞ്ച് ഓപ്പൺ തുടങ്ങുംമുമ്പേ പിന്മാറിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.