ആദ്യ കടമ്പയിൽ ഹൈദരാബാദ്
ആദ്യ കടമ്പയിൽ ഹൈദരാബാദ്
Wednesday, May 25, 2016 12:45 PM IST
<ആ>രണ്ടാം ക്വാളിഫയറിൽ ഗുജറാത്ത്–ഹൈദരാബാദ് പോരാട്ടം

ഡൽഹി: ഒറ്റയാൾ പോരാട്ടങ്ങളേക്കാൾ വലുത് ടീം സ്പിരിറ്റാണെന്നു സൺറൈസേഴ്സ് ഹൈദരാബാദ് ഒരിക്കൽക്കൂടി തെളിയിച്ചു. ഒപ്പം, ഐപിഎൽ രണ്ടാം ക്വാളിഫയറിൽ ഗുജറാത്ത് ലയൺസിനെ നേരിടാനുള്ള അവസരവും. എലിമിനേറ്ററിൽ കോൽക്കത്ത നൈറ്റ്റൈഡേഴ്സിനെ 22 റൺസിന് തോല്പിച്ചാണ് ഹൈദരാബാദ് ഫൈനലിലേക്കുള്ള ആദ്യ കടമ്പ പിന്നിട്ടത്. നാളെ രണ്ടാം ക്വാളിഫയറിൽ ഗുജറാത്ത് ലയൺസിനെ തോല്പിക്കാനായാൽ വാർണർക്കും കൂട്ടർക്കും കലാശപ്പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടാം. ബാറ്റിംഗിൽ യുവരാജ് സിംഗിന്റെയും (44) ബൗളിംഗിൽ ഭുവനേശ്വർ കുമാറിന്റെയും (മൂന്നു വിക്കറ്റ്) പ്രകടനങ്ങളാണ് ഹൈദരാബാദ് ജയത്തിൽ നിർണായകമായത്. സ്കോർ: ഹൈദരാബാദ് 20 ഓവറിൽ എട്ടിന് 162, കോൽക്കത്ത 20 ഓവറിൽ എട്ടിന് 140.

ഓപ്പണർമാർ തിളങ്ങിയാൽ ഹൈദരാബാദിന്റെ നല്ലകാലം, ഇല്ലെങ്കിൽ പണി പാളുമെന്ന നിഗമനം തെറ്റിയില്ല. രണ്ടാം ഓവറിൽ തന്നെ ശിഖർ ധവാൻ (10) മടങ്ങുന്നതു കണ്ടാണ് ഫിറോഷാ കോട്ല ഉണർന്നത്. മോർണി മോർക്കലിനെ തുടർച്ചയായ പന്തുകളിൽ അതിർത്തി കടത്തിയതിനുശേഷമായിരുന്നു ധവാന്റെ വീഴ്ച്ച. വിക്കറ്റ് തുലച്ചുവെന്നു പറഞ്ഞാലും തെറ്റില്ല. കൂട്ടുകാരനെ നഷ്‌ടപ്പെട്ടതോടെ വാർണറിന്റെ ബാറ്റിംഗിന്റെ താളം തെറ്റി. ബൗണ്ടറികൾ അകന്നുനിന്നതോടെ സ്കോർബോർഡിന്റെ ചലനവും പതിയെയായി. അഞ്ചാം ഓവറിൽ യൂസഫ് പത്താൻ വാർണറെ വീഴ്ത്തിയെന്നു തോന്നിച്ചതാണ്. വാർണർ നല്കിയ റിട്ടേൺ ക്യാച്ച് പത്താൻ കൈപ്പിടിയിലൊതുക്കിയിരുന്നെങ്കിൽ.

പവർപ്ലേ പിന്നിടുമ്പോൾ ഒരുവിക്കറ്റിന് 43 റൺസെന്നനിലയിലായിരുന്നു ഹൈദരാബാദ്. വാർണർ– ഹെൻറിക്വസ് സഖ്യം ഹൈദരാബാദിനെ സുരക്ഷിത പാളയത്തിലേക്കു നയിക്കുന്നുവെന്ന തോന്നലായിരുന്നു ഒൻപതാം ഓവർ വരെ കണ്ടത്. ചൈനാമാൻ ബൗളർ കുൽദീപ് യാദവ് എറിഞ്ഞ പത്താം ഓവറിലാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. ഹെൻറിക്കസും (31), വാർണറും (28) അടുത്തടുത്ത പന്തുകളിൽ പുറത്ത്. ഒന്നിന് 73ൽ നിന്ന് ഹൈദരാബാദ് മൂന്നുവിക്കറ്റിന് 73ലേക്ക്.

കളിയുടെ നിയന്ത്രണം കോൽക്കത്ത കൈക്കലാക്കിയതും ഈ ഘട്ടത്തിലാണ്. സുനിൽ നരെയ്നെയും കുൽദീപിനെയും പന്തേല്പിച്ച് മധ്യ ഓവറുകളിൽ റണ്ണൊഴുക്ക് തടയാൻ ഗംഭീറിനായി. 10–15 വരെയുള്ള അഞ്ച് ഓവറിൽ വെറും 38 റൺസ് മാത്രമാണ് കോൽക്കത്ത വഴങ്ങിയത്. യുവരാജ് സിംഗും ദീപക് ഹൂജയുമായിരുന്നു ഈ സമയം ക്രീസിൽ. അവസാന അഞ്ച് ഓവറുകളിൽ കടന്നാക്രമണം നടത്തി 180 മുകളിൽ ഒരു സ്കോറായിരുന്നു സൺറൈസേഴ്സിന്റെ ലക്ഷ്യം. എന്നാൽ സമർഥമായി പന്തെറിഞ്ഞ ബൗളർമാർ വിക്കറ്റുകൾ വീഴ്ത്തിക്കൊണ്ടിരുന്നതോടെ ആ മോഹവും പൊലിഞ്ഞു. യുവി ആഞ്ഞടിച്ചെങ്കിലും മറുവശത്ത് കാര്യമായ പിന്തുണ ലഭിച്ചതുമില്ല. ജേസൺ ഹോൾഡർ എറിഞ്ഞ 19–ാം ഓവറിൽ യുവിയും (30 പന്തിൽ 44) പവലിയനിൽ തിരിച്ചെത്തി. ബിപുൽ ശർമയുടെ (ആറു പന്തിൽ 14) അവസാന ഓവറിലെ കൂറ്റനടികൾ പൊരുതാമെന്ന അവസ്‌ഥയിലേക്ക് ഹൈദരാബാദിനെ എത്തിച്ചു.


ജയിച്ചതുപോലെയായിരുന്നു കോൽക്കത്തയുടെ തുടക്കം. റോബിൻ ഉത്തപ്പയെ (11) രണ്ടാം ഓവറിൽ നഷ്‌ടപ്പെട്ടെങ്കിലും അനായാസമായിരുന്നു അവരുടെ മുന്നേറ്റം. എന്നാൽ കോളിൻ മുൺറോയും (16) ഗംഭീറും (28) പുറത്തായതോടെ കളിയുടെ കടിഞ്ഞാൺ ഹൈദരാബാദിനായി. നിരുത്തരപരമായ ബാറ്റിംഗുമായി യൂസഫ് പത്താനും (2), സൂര്യകുമാറും (23) മടങ്ങിയതോടെ കോൽക്കത്തയുടെ സീസൺ ഒൻപതിലെ സ്വപ്നങ്ങൾ അവസാനിച്ചു.

<ആ>സ്കോർബോർഡ്

<ആ>ഹൈദരാബാദ് ബാറ്റിംഗ്: വാർണർ ബി കുൽദീപ് 28, ധവാൻ ബി മോർക്കൽ 10, ഹെൻറിക്വസ് സിആൻഡ്ബി കുൽദീപ് 31, യുവരാജ് ബി ഹോൾഡർ 44, ഹൂഡ റണ്ണൗട്ട് 21, കട്ടിംഗ് സ്റ്റംപ്ഡ് ഉത്തപ്പ ബി കുൽദീപ് പൂജ്യം, ഓജ സി ഉത്തപ്പ ബി ഹോൾഡർ 7, ഭുവനേശ്വർ സി പാണ്ഡെ ബി മോർക്കൽ 1, ബിപുൽ നോട്ടൗട്ട് 14, സ്രാൻ നോട്ടൗട്ട് ഒന്ന്, എക്സ്ട്രാസ് ആറ് ആകെ 20 ഓവറിൽ എട്ടിന് 162

<ആ>ബൗളിംഗ്: യൂസഫ് 3–0–17–0, മോർക്കൽ 4–0–31–2, നരെയ്ൻ 4–0–35–0, ഹോൾഡർ 4–0–33–2, കുൽദീപ് 4–0–35–3, സതീഷ് 1–0–9–0

<ആ>കോൽക്കത്ത ബാറ്റിംഗ്: ഉത്തപ്പ സി ഹെൻറിക്വസ് ബി സ്രാൻ 11, ഗംഭീർ സി (സബ്) ബി കട്ടിംഗ് 28, മുൺറോ റണ്ണൗട്ട് 16, മനീഷ് സി ഹോൾഡർ ബി ഭുവനേശ്വർ 36, യൂസഫ് സി ഭുവനേശ്വർ ബി ഹെൻറിക്വസ് 2, സൂര്യകുമാർ സി ധവാൻ ബി ഹെൻറിക്വസ് 23, സതീഷ് ബി ഭുവനേശ്വർ 8, ഹോൾഡർ സി കട്ടിംഗ് ബി ഭുവനേശ്വർ 6, നരെയ്ൻ നോട്ടൗട്ട് 1, മോർക്കൽ നോട്ടൗട്ട് പൂജ്യം, എക്സ്ട്രസ് 9 ആകെ 20 ഓവറിൽ എട്ടിന് 140

<ആ>ബൗളിംഗ്: ഭുവനേശ്വർ 4–0–19–3, സ്രാൻ 3–0–29–1, ഹൂഡ 1–0–8–0, മുസ്റ്റാഫിസൂർ 4–0–28–0, ഹെൻറിക്വസ് 3–0–17–2, കട്ടിംഗ് 3–0–14–1, ബിപുൽ 2–0–16–0.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.