ബാംഗളൂർ ഫൈനലിൽ
ബാംഗളൂർ ഫൈനലിൽ
Tuesday, May 24, 2016 12:41 PM IST
ബംഗളൂരു: കാതു കുത്തിയവൻ പോയാൽ കടുക്കനിട്ടവൻ വരും. വിരാട് കോഹ്്ലി റണ്ണൊന്നുമെടുക്കാതെ നേരത്തെ പോയപ്പോൾ എ.ബി. ഡിവില്യേഴ്സ് നിറഞ്ഞാടി. ഫലമോ, ഗുജറാത്ത് ലയൺസിനെതിരേ നാലു വിക്കറ്റ് വിജയത്തോടെ ബാംഗളൂർ റോയൽ ചലഞ്ചേഴ്സ് ഐപിഎൽ ഫൈനലിൽ. ഇക്ബാൽ അബ്ദുള്ളയെ കാഴ്ചക്കാരനാക്കി നിർത്തി തകർത്തു കളിച്ച ഡിവില്യേഴ്സിന്റെ ഒറ്റയാൾ പ്രകടനത്തിലാണ് ബാംഗളൂർ ജയമാഘോഷിച്ചത്.

<ആ>സ്കോർ: ഗുജറാത്ത് ലയൺസ് 20 ഓവറിൽ 158 റൺസിനു പുറത്ത്. ബാംഗളൂർ റോയൽ ചലഞ്ചേഴ്സ്– 18.2 ഓവറിൽ ആറു വിക്കറ്റ് നഷ്‌ടത്തിൽ 159. 47 പന്തിൽ അഞ്ചു ബൗണ്ടറിയുടെ അഞ്ചു സിക്സറിന്റെയും സഹായത്തോടെ ഡിവില്യേഴ്സ് 79 റൺസാണ് അടിച്ചുകൂട്ടിയത്. അബ്ദുള്ള 25 പന്തിൽ 33 റൺസ് നേടി. ഇന്നു നടക്കുന്ന ഹൈദരാബാദ്– കോൽക്കത്ത മത്സര വിജയികളെ ഗുജറാത്ത് രണ്ടാം ക്വാളിഫയറിൽ നേരിടും.

ടോസ് നേടിയ ബാംഗളൂർ ഗുജറാത്തിനെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. നായകൻ കോഹ്്ലിയുടെ തീരുമാനം ശരിവയ്ക്കും വിധം പന്തെറിഞ്ഞ ബാംഗളൂർ ബൗളർമാർ തുടക്കത്തിലേ ഗുജറാത്തിനെ ഞെട്ടിച്ചു. സ്കോർബോർഡിൽ രണ്ടു റൺസ് മാത്രമുള്ളപ്പോൾ ഓപ്പണർ ബ്രണ്ടൻ മക്കല്ലത്തെ പുറത്താക്കിക്കൊണ്ട് ഇക്ബാൽ അബ്ദുള്ള ഗുജറാത്തിനെ ഞെട്ടിച്ചു.


പിന്നീട് ഏഴു റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ രണ്ടു വിക്കറ്റ് കൂടി വീണ ഗുജറാത്ത് 3.4 ഓവറിൽ മൂന്നിന് ഒമ്പത് എന്ന നിലയിൽ തകർന്നു. പിന്നീട് ക്രീസിൽ ഒത്തുചേർന്ന ഡ്വെയ്ൻ സ്മിത്തും ദിനേഷ് കാർത്തികും ഗുജറാത്തിനെ കരകയറ്റി. സ്മിത്തിന്റെ കൂറ്റനടികളാണ് അവർക്കു മികച്ച സ്കോർ സമ്മാനിച്ചത്. 41 പന്തിൽഅഞ്ചു ബൗണ്ടറിയും ആറു സിക്സുമടക്കം 73 റൺസാണ് സ്മിത്ത് അടിച്ചുകൂട്ടിയത്. കാർത്തിക് 26ഉം ഏകലവ്യ ദ്വിവേദി 19ഉം റൺസ് നേടി. ബാംഗളൂരിനു വേണ്ടി ഷെയ്ൻ വാട്സൺ നാലു വിക്കറ്റും ക്രിസ് ജോർദാനും ഇക്ബാൽ അബ്ദുള്ളയും രണ്ടു വിക്കറ്റ് വീതവും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ബാംഗളൂരിന്റെ തുടക്കവും തകർച്ചയോടെയായിരുന്നു. ഏവരെയും ഞെട്ടിപ്പിച്ചുകൊണ്ട് റണ്ണൊന്നുമെടുക്കാതെ നായകൻ വിരാട് കോഹ്്ലി മടങ്ങുമ്പോൾ ബാംഗളൂരിന്റെ സ്കോർ 12. പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നിലംപതിച്ചു. പിന്നീടായിരുന്നു ഡിവില്യേഴ്സും ഇക്ബാൽ അബ്ദുള്ളയും ക്രീസിൽ ഒത്തുചേർന്നത്. ഗുജറാത്തിനു വേണ്ടി ധാവൽ കുൽക്കർണി നാലു വിക്കറ്റ് നേടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.