മുറെ രക്ഷപ്പെട്ടു, ജോക്കോവിച്ച്, നദാൽ, അന, മുന്നോട്ട്
മുറെ രക്ഷപ്പെട്ടു, ജോക്കോവിച്ച്, നദാൽ, അന, മുന്നോട്ട്
Tuesday, May 24, 2016 12:41 PM IST
പാരീസ്: ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ പ്രമുഖർ മുന്നോട്ട്. പുരുഷ വിഭാഗത്തിൽ ലോക ഒന്നാം നമ്പർ താരം സെർബിയയുടെ നൊവാക് ജോക്കോവിച്ച് ചൈനീസ് തായ്പേയിയുടെ യെൻ സുൻ ലുവിനെ നേരിട്ടുള്ള സെറ്റുകൾക്കു പരാജയപ്പെടുത്തി. സ്കോർ: 6–4, 6–1, 6–1. അഞ്ചു സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ ലോക രണ്ടാം നമ്പർ താരം ആൻഡി മുറെ കഷ്‌ടിച്ചു രക്ഷപ്പെട്ടു. 37കാരനായ ചെക് റിപ്പബ്ലിക് താരം റാഡെക് സ്റ്റെപ്പാനെക്കിനെതിരേ ആദ്യ രണ്ടു സെറ്റും വഴങ്ങിയ ശേഷമാണ് മുറെ ജയിച്ചു കയറിയത്. സ്കോർ: 3–6, 3–6, 6–3, 7–5. മഴമൂലം തിങ്കളാഴ്ച നിർത്തിയ മത്സരം ഇന്നലെ പുനരാരംഭിക്കുകയായിരുന്നു. മറ്റൊരു മത്സരത്തിൽ കളിമൺകോർട്ടിന്റെ രാജകുമാരൻ എന്നറിയപ്പെടുന്ന സ്പെയിനിന്റെ റാഫേൽ നദാൽ അനായാസം ജയിച്ച് രണ്ടാം റൗണ്ടിലെത്തി. 100–ാം റാങ്കുകാരൻ സാം ഗൊരോത്തിനെ 6–1, 6–1, 6–1നാണ് നദാൽ കെട്ടുകെട്ടിച്ചത്. ഫ്രഞ്ച് ഓപ്പണിൽ നദാലിന്റെ 71–ാം വിജയമായിരുന്നു ഇത്. ചെക് താരം തോമസ് ബെർഡിച്ച് കാനഡയുടെ വാസെക് പോസ്പിസിലെനെ പരാജയപ്പെടുത്തി. മറ്റൊരു കടുത്ത പോരാട്ടത്തിൽ അമേരിക്കയുടെ ജോൺ ഇസ്നർ വിജയം കണ്ടു. ഓസ്ട്രേലിയയുടെ ജോൺ മിൽമാനെ 6–7, 7–6, 7–6, 7–5 എന്ന സ്കോറിനു പരാജയപ്പെടുത്തി. വനിതാ വിഭാഗത്തിൽ മുൻ റണ്ണറപ് ഓസ്ട്രേലിയയുടെ സാമന്ത സ്റ്റോസർ ജപ്പാന്റെ മിസാകി ഡോയിയെ 6–2, 4–6, 6–3 എന്ന സ്കോറിനു പരാജയപ്പെടുത്തി. സെർബിയയുടെ അന ഇവാനോവിച്ച്, ഡോഡിനെയെ 6–0, 5–7, 6–2 എന്ന സ്കോറിനു പരാജയപ്പെടുത്തി. അമേരക്കയുടെ വീനസ് വില്യംസും സ്പെയിനിന്റെ ഡേവിഡ് ഫെററും രണ്ടാം റൗണ്ടിലെത്തിയിട്ടുണ്ട്. ടൂർണന്റെിലെ ആദ്യ അട്ടിമറി ഓസ്ട്രേലിയൻ ഓപ്പൺ ചാമ്പ്യൻ ജർമനിയുടെ ആഞ്ജലിക് കെർബറുടേതാണ്. ഡച്ച് താരം ബെർട്ടൻ്സ് ഒന്നിനെതിരേ രണ്ടു സെറ്റുകൾക്ക് കെർബറെ തോൽപ്പിച്ചു. സ്കോർ: 6–2, 3–6, 6–3.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.