ചെകുത്താന്മാർക്ക് ഇനി മൗറീഞ്ഞോ
ചെകുത്താന്മാർക്ക് ഇനി മൗറീഞ്ഞോ
Tuesday, May 24, 2016 12:41 PM IST
മാഞ്ചസ്റ്റർ: വാൻ ഗാലിനെ പുറത്താക്കിയ ഒഴിവിലേക്ക് സാക്ഷാൽ ഹൊസെ മൗറീഞ്ഞോ എത്തുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ പരിശീലകൻ ഇനി പോർച്ചുഗലിന്റെ ലോകോത്തര കോച്ച് മൗറീഞ്ഞോ. ചെൽസിയിൽനിന്നു ഡിസംബറിൽ പുറത്താക്കപ്പെട്ട മൗറീഞ്ഞോയെ മൂന്നു വർഷത്തെ കരാറിനാണ് മാഞ്ചസ്റ്റർ ടീം എടുത്തിരിക്കുന്നത്. ഇന്നലെയാണ് മൗറീഞ്ഞോ പരിശീലകനായെന്ന വിവരം ക്ലബ് അധികൃതർ വെളിപ്പെടുത്തിയത്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകനാവുക എന്നത് തന്റെ ചിരകാല സ്വപ്നമാണെന്ന് മൗറീഞ്ഞോ പലപ്പോഴും പറഞ്ഞിരുന്നു. വാൻഗാലിനെ പുറത്താക്കി തന്നെ പരിശീലകനാക്കുമെന്ന വിശ്വാസവും അദ്ദേഹത്തിനുണ്ടായിരുന്നു എന്നു വേണം കരുതാൻ.

എന്നാൽ, എഫ്എ കപ്പ് നേടിയതിനു ശേഷം 48 മണിക്കൂർപോലും കഴിയും മുമ്പ് തന്നെ പുറത്താക്കിയതിൽ നിരാശയുണ്ടെന്ന് വാൻഗാൽ പറഞ്ഞു.

മൗറീഞ്ഞോ ഇന്നലെ മാഞ്ചസ്റ്ററിലെത്തിയിട്ടുണ്ട്. ഇന്നുതന്നെ പരിശീലകനായി സ്‌ഥാനമേറ്റെടുക്കുമെന്നാണു റിപ്പോർട്ട്്. വിവിധ ടീമുകളുടെ പരിശീലകനായിരുന്ന മൗറീഞ്ഞോ 21 പ്രധാന ട്രോഫികൾ സ്വന്തമാക്കിയിട്ടുണ്ട്. ഇതിൽ മൂന്നു പ്രീമിയർ ലീഗ് കിരീടങ്ങളും രണ്ട് ചാമ്പ്യൻസ് ലീഗ് കിരീടവുമുണ്ട്.

മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരിശീലിപ്പിക്കാൻ സർവഥാ യോഗ്യനാണ് മൗറീഞ്ഞോയെന്ന് ഗോൾ കീപ്പർ പീറ്റർ സ്കിമൈക്കിൾ പറഞ്ഞു. 2004 ചാമ്പ്യൻസ് ലീഗിൽ സാക്ഷാൽ അലക്സ് ഫെർഗൂസന്റെ മാഞ്ചസ്റ്റർ ടീമിനെ പരാജയപ്പെടുത്തിയ എഫ്സി പോർട്ടോയുടെ പരിശീലകനായിരുന്നു മൗറീഞ്ഞോ.


2013ൽ സർ അലക്സ് ഫെർഗൂസൻ പിൻവാങ്ങിയ ശേഷം മാഞ്ചസ്റ്ററിന്റെ പരിശീലകരായവർക്കൊക്കെ തിരിച്ചടിയായിരുന്നു ഫലം. ഡേവിഡ് മോയസും വാൻഗാലുമാണ് പിന്നീടെത്തിയ പരിശീലകർ. ഇരുവരും തികഞ്ഞ പരാജയമായി.

പുതിയ സീസണിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പല ടീമും പരിശീലകരെ മാറ്റി. മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനായി എത്തുന്നത് ബയേൺ, ബാഴ്സ പരിശീലകനായിരുന്ന പെപ് ഗാർഡിയോളയാണ്. മൗറീഞ്ഞോ റയലിന്റെ പരിശീലകനായിരുന്നപ്പോഴായിരുന്നു ബദ്ധശത്രുക്കളായ ബാഴ്സയുടെ പരിശീലകനായി ഗാർഡിയോളയെത്തുന്നത്. അന്ന് ഇരുടീമും 16 തവണ ഏറ്റുമുട്ടിയപ്പോൾ മൂന്നിൽ മാത്രമാണ് റയലിനു ജയിക്കാനായത്.

അതേ സ്‌ഥിതി അടുത്ത സീസണിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിലും കാണാനാകും. ജൂലൈ 25നാണ് സീസണു മുന്നോടിയായുള്ള ചാമ്പ്യൻസ് കപ്പിൽ ഗാർഡിയോളയുടെ സിറ്റിയും മൗറീഞ്ഞോയുടെ യുണൈറ്റഡും ബെയ്ജിംഗിൽ ഏറ്റുമുട്ടുന്നത്.

മൗറീഞ്ഞോ മാഞ്ചസ്റ്ററിലെത്തുമ്പോൾ ഒരുപിടി മികച്ച താരങ്ങളും എത്തുമെന്നാണു കരുതുന്നത്. പാരീ സാൻ ഷാർമെയ്ന്റെ സൂപ്പർ താരം സ്ലാട്ടൻ ഇബ്രാഹിമോവിച്ച്, സ്പോർട്ടിംഗ് ലിസ്ബണിന്റെ യാവോ മാരിയോ, എവർടൺ ഡിഫൻഡർ ജോൺ സ്റ്റോൺസ്, ചെൽസി മിഡ്ഫീൽഡർ നെമാൻജ മാറ്റിക്, അത്ലറ്റിക്കോ മാഡ്രിഡ് ഫോർവേഡ് ആന്റണി ഗ്രീസ്മാൻ എന്നിവരുമായി മൗറീഞ്ഞോ പ്രാഥമിക ചർച്ച പൂർത്തിയാക്കിക്കഴിഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.