റിയോ ശാന്തമല്ല; സെയ്ലിംഗ് താരം കൊള്ളക്കാരിൽനിന്നു രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
റിയോ ശാന്തമല്ല; സെയ്ലിംഗ് താരം കൊള്ളക്കാരിൽനിന്നു രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Tuesday, May 24, 2016 12:41 PM IST
റിയോഡിഷാനേറൊ: റിയോ ഒളിമ്പിക്സിനു ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ ബ്രസീലിൽനിന്ന് വരുന്ന വാർത്തകൾ അത്ര സുഖകരമല്ല. കഴിഞ്ഞദിവസം സ്പെയിനിൽനിന്നുള്ള സെയ്ലിംഗ് താരം ഫെർണാണ്ടോ എക്കാവരി കൊള്ളക്കാരിൽനിന്നു രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. വെള്ളിയാഴ്ച പുലർച്ചെയാണ് സ്പാനിഷ് താരത്തെയും സഹതാരത്തെയും തോക്കു ചൂണ്ടി കൊള്ളയടിച്ചത്. 2008 ലെ ഒളിമ്പിക്സിൽ സ്വർണം നേടിയ താരമാണ് ഫെർണാണ്ടോ.

പരിശീലനത്തിനായി ഫെർണാണ്ടോയും സഹതാരങ്ങളും രണ്ടാഴ്ചയായി റിയോയിലുണ്ട്. പ്രഭാതഭക്ഷണത്തിനായി ഫെർണാണ്ടോയും രണ്ടു സഹതാരങ്ങളും റെസ്റ്ററന്റിലേക്കു നടന്നു പോകുമ്പോഴായിരുന്നു സംഭവം. 16 വയസിൽ താഴെ പ്രായമുള്ള അഞ്ചംഗസംഘം ഇവരെ വളയുകയും തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുകയുമായിരുന്നു. താരങ്ങളുടെ കൈവശമുണ്ടായിരുന്ന വിലയേറിയ മൊബൈൽ ഫോണുകളും ഇലക്ട്രോണിക് സാധനങ്ങളും കവർച്ചക്കാർ കൊണ്ടുപോയി.


സെയ്ലിംഗ് മത്സരങ്ങൾ നടക്കുന്ന വേദിയിൽനിന്ന് 20 മിനിറ്റ് നടന്നെത്താവുന്ന ദൂരത്തായിരുന്നു ഫെർണാണ്ടോയും സഹതാരങ്ങളും താമസിച്ചിരുന്നത്. നിരവധി വിദേശികൾ എത്തുന്ന ഇവിടം ക്രിമിനലുകളുടെ താവളം കൂടിയാണ്.

ലോകത്ത് കൊലപാതകങ്ങളും പിടിച്ചുപറിയും ഏറ്റവുമധികം നടക്കുന്ന രാജ്യങ്ങളിലൊന്നാണ് ബ്രസീൽ. തൊഴിലില്ലായ്മയും മയക്കുമരുന്ന് ഉപയോഗവും യുവാക്കളെ അസന്മാർഗിക മാർഗങ്ങളിലേക്കു നയിക്കുന്നു. ഒളിമ്പിക്സ് സുരക്ഷയ്ക്കായി സർക്കാർ കോടിക്കണക്കിനു രൂപ മാറ്റിവച്ചിട്ടുണ്ടെങ്കിലും കാര്യങ്ങൾ കൈവിട്ടുപോകുമോയെന്ന ഭയം പാശ്ചാത്യ രാഷ്്ട്രങ്ങൾക്കുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.