എലിമിനേറ്റാകാതിരിക്കാൻ കോൽക്കത്തയും ഹൈദരാബാദും
എലിമിനേറ്റാകാതിരിക്കാൻ കോൽക്കത്തയും ഹൈദരാബാദും
Tuesday, May 24, 2016 12:41 PM IST
ന്യൂഡൽഹി: രണ്ടുവട്ടം ചാമ്പ്യന്മാരായ കോൽക്കത്ത നൈറ്റ് റൈഡേഴ്സും സൺറൈസേഴ്സ് ഹൈദരാബാദും ഇന്ന് നേർക്കുനേർ. മുന്നിൽ ഒരൊറ്റ ലക്ഷ്യം മാത്രം; ഐപിഎൽ രണ്ടാം ക്വളിഫയറിലേക്കെത്തുക. ഡൽഹി ഫിറോസ് ഷാ കോട്ലയിലാണ് മത്സരം.

പ്രാഥമികറൗണ്ടിൽ സമാനമായ പ്രകടനമാണ് ഇരുടീമും പുറത്തെടുത്തത്. 16 പോയിന്റ് വീതം. എന്നാൽ സ്‌ഥിരതയുടെ കാര്യത്തിൽ ഡേവിഡ് വാർണർ മുന്നിൽനിന്നു നയിക്കുന്ന ഹൈദരാബാദിന് കൂടുതൽ മാർക്ക് നല്കാം. ലീഗിന്റെ ആദ്യ ഘട്ടത്തിലെ മികവ് രണ്ടാംപകുതി പിന്നിട്ടപ്പോൾ നിലനിർത്താൻ അവർക്കായില്ല. ഇന്നത്തെ മത്സരത്തിനിറങ്ങുമ്പോൾ സൺറൈസേഴ്സിന് തുണയാകുക വാർണറുടെ മികവാണ്. ടൂർണമെന്റിലുടനീളം ഒരേ ഫോമിൽ കളിക്കുന്ന ചുരുക്കം ചില താരങ്ങളിലൊരാളാണ് വാർണർ. 14 ഇന്നിംഗ്സിൽനിന്ന് ഇതുവരെ നേടിയത് 658 റൺസ്. ഏഴു തവണയാണ് വാർണർ 50 റൺസ് പിന്നിട്ടത്. ശിഖർ ധവാനൊപ്പം മികച്ച തുടക്കം നല്കാൻ ക്യാപ്റ്റനാകുന്നുണ്ട്. ഹൈദരാബാദിന്റെ ബാറ്റിംഗ് പ്രതീക്ഷകളേറെയും ഈ സഖ്യത്തെ ചുറ്റിപ്പറ്റിയാണ്.

മധ്യനിരയിൽ കാര്യങ്ങൾ അത്ര പന്തിയല്ല. ഓപ്പണർമാർ തിളങ്ങിയില്ലെങ്കിൽ കളി കൈവിട്ടുപോകുമെന്നു ചുരുക്കം. അവസാന രണ്ടു കളികളിലും മികച്ച തുടക്കത്തിനുശേഷം മത്സരം കൈവിടുകയായിരുന്നു. കെയ്ൻ വില്യംസൺ, യുവരാജ് സിംഗ്, മോയിസ് ഹെൻറിക്വസ് തുടങ്ങി കൂറ്റനടിക്കാർക്കു കുറവൊന്നുമില്ലെന്നത് ശരിതന്നെ. എന്നാൽ ആരും അത്ര ഫോമിലല്ല.


ബൗളിംഗും കൃത്യതയാർന്ന ഫീൽഡിംഗുമാണ് ടീമിന്റെ ശക്‌തി. സ്ട്രൈക്ക് ബൗളർ ആശിഷ് നെഹ്റയെ പരിക്കുമൂലം നഷ്‌ടപ്പെട്ടെങ്കിലും ബോളിംഗ് കരുത്ത് ചോർന്നിട്ടില്ല. ബംഗ്ലാദേശി സെൻസേഷൻ മുസ്താഫിസൂർ റഹ്മാൻ, ബരീന്ദർ സരൺ സീസണിലെ വിക്കറ്റ് വേട്ടക്കാരിലെ ഒന്നാമൻ ഭുവനേശ്വർകുമാർ... സൺറൈസേഴ്സിന്റെ ആവനാഴി നിറയെ അസ്ത്രങ്ങളാണ്.

കോൽക്കത്തയുടെ ശക്‌തിയും സമാനമാണ്. ഓപ്പണർമാരായ ഗൗതം ഗംഭീറും റോബിൻ ഉത്തപ്പയും നല്കുന്ന മിന്നൽതുടക്കങ്ങൾ ടീമിന് മുതൽക്കൂട്ടാണ്. ഇവർ നല്കുന്ന തുടക്കങ്ങൾ മികച്ചതാകുമ്പോൾ കോൽക്കത്ത കളികൾ ജയിക്കുന്നു. മറിച്ചാകുമ്പോൾ നിഷ്ഫലവും. യൂസഫ് പഠാൻ ഫോമിലേക്കുയർന്നതാണ് കോൽക്കത്തയെ ആശ്വസിപ്പിക്കുന്നത്. തുടക്കത്തിൽ പതറിയെങ്കിലും അവസാന കളികളിൽ യൂസഫിന്റെ കരുതലോടെയുള്ള കൂറ്റനടികളാണ് ടീമിന് അവസാന നാലിലേക്കുള്ള വഴിതുറന്നത്. 14 കളികളിൽ 359 റൺസാണ് ഈ കൂറ്റനടിക്കാരന്റെ സമ്പാദ്യം. 150 എന്ന മാരക സ്ട്രൈക്ക്റേറ്റും.

എന്നാൽ ബൗളിംഗാണ് കോൽക്കത്തയെ പിന്നോട്ടടിക്കുന്നത്. ആന്ദ്രെ റസലിനെ പരിക്കുമൂലം നഷ്‌ടപ്പെട്ടത് ടീമിനു കനത്ത തിരിച്ചടിയായി. സുനിൽ നരെയ്ൻ ഇടയ്ക്കു മിന്നുന്നുണ്ടെങ്കിലും പഴയതുപോലെ ഫലിക്കുന്നില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.