വാൻ ഗാൽ പുറത്ത്: മൗറീഞ്ഞോ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ പരിശീലകനായേക്കും
വാൻ ഗാൽ പുറത്ത്: മൗറീഞ്ഞോ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ പരിശീലകനായേക്കും
Monday, May 23, 2016 12:21 PM IST
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് ഫുട്ബോളിലെ വമ്പൻ ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലക സ്‌ഥാനത്തുനിന്ന് ലൂയിസ് വാൻ ഗാലിനെ മാറ്റി. പകരം ഹൊസെ മൗറിഞ്ഞോയെ എത്തിക്കാനാണു നീക്കം. 64കാരനായ വാൻ ഗാലുമായി യുണൈറ്റഡിനു മൂന്നു വർഷത്തെ കരാറായിരുന്നു. എന്നാൽ, കരാർ പൂർത്തിയാകുന്നതിന് ഒരു വർഷം വാൻ ഗാലിനെ ക്ലബ് പുറത്താക്കി. നെതർലൻഡ്സിന്റെ മുൻ പരിശീലകനായിരുന്ന വാൻ ഗാൽ 2014ലാണ് മാഞ്ചസ്റ്റർ ക്ലബ്ബിന്റെ മാനേജർ സ്‌ഥാനത്തേക്കെത്തുന്നത്.

എന്നാൽ, ഈ രണ്ടു വർഷം വാൻ ഗാലിനു യുണൈറ്റഡിനൊപ്പം മികച്ച നേട്ടങ്ങൾ ഒന്നും സ്വന്തമാക്കാനായില്ല. ഈ വർഷത്തെ എഫ്എ കപ്പ് കിരീടം മാത്രമായിരുന്നു ഈ ഡച്ചുകാരന്റെ നേട്ടം. ക്ലബ്ബിലെത്തിയ ആദ്യ സീസണിൽ യുണൈറ്റഡ് ലീഗിൽ നാലാം സ്‌ഥാനത്തെത്തി. ചാമ്പ്യൻസ് ലീഗിനു പ്ലേ ഓഫിലൂടെ യോഗ്യത നേടി. എന്നാൽ, ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പിനപ്പുറം കടന്നില്ല. യൂറോപ്പ ലീഗിലെത്തിയ ക്ലബ് പ്രീക്വാർട്ടറിൽ ലിവർപൂളിനോടു തോറ്റു പുറത്തായി. 2015–16 പ്രീമിയർ ലീഗ് സീസണിലും യുണൈറ്റഡ് തീർത്തും മോശമായി. ടീമിനു ചാമ്പ്യൻസ് ലീഗ് യോഗ്യതയും നേടാനായില്ല. 2014 ലോകകപ്പിൽ നെതർലൻഡ്സിനെ സെമിയിലെത്തിച്ചതിൽ വാൻ ഗാലിന്റെ പരിശീലനമികവുണ്ടായിരുന്നു. ഇതുകൊണ്ട് വാൻ ഗാലിൽനിന്നും യുണൈറ്റഡ് ആരാധകർ വലിയ പ്രതീക്ഷ വച്ചുപുലർത്തി. എന്നാൽ, ആരാധകരുടെ പ്രതീക്ഷയ്ക്കൊത്ത പ്രകടനം യുണൈറ്റഡിൽനിന്നുമുണ്ടായില്ല.


യുണൈറ്റഡിൽ അദ്ദേഹം പുറത്തെടുത്ത ശൈലി പലപ്പോഴും വിമർശന വിധേയമായി. ഒരു കാലത്ത് സൗന്ദര്യഫുട്ബോളിന്റെ വക്‌താവായിരുന്ന വാൻ ഗാലിന് ആ സൗന്ദര്യാത്മകത യുണൈറ്റഡിനൊപ്പം ഉണ്ടാക്കാനായില്ല. വാൻ ഗാലിനൊപ്പമുണ്ടായിരുന്ന സഹ പരിശീലകൻ റയാൻ ഗിഗ്സിനെ യുണൈറ്റഡ് നിലനിർത്തുമോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ഗിഗ്സിനെ നിലനിർത്താൻ മൗറിഞ്ഞോ ആഗ്രഹം പ്രകടിപ്പിച്ചതായും റിപ്പോർട്ടുണ്ട്. മൗറിഞ്ഞോയുമായി മൂന്നു വർഷത്തെ കരാറിലേർപ്പെടാനാണ് യുണൈറ്റഡ് ഒരുങ്ങുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.