ദേശീയ യൂത്ത് അത്ലറ്റിക്സ് 26 മുതൽ
Monday, May 23, 2016 12:21 PM IST
മലപ്പുറം: പതിമൂന്നാമത് ദേശീയ യൂത്ത് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് 26 മുതൽ 28 വരെ കാലിക്കട്ട് സർവകലാശാല സിന്തറ്റിക് ട്രാക്കിൽ നടക്കും. 23 സംസ്‌ഥാനങ്ങളിൽ നിന്നായി 20 ഇനങ്ങളിൽ 612 കായികതാരങ്ങൾ മത്സരിക്കും.

നൂറ് താരങ്ങളുമായി നിലവിലെ ചാമ്പ്യൻമാരായ കേരളമാണ് മത്സരാർഥികളുടെ എണ്ണത്തിൽ മുന്നിൽ. അമ്പതിലധികം താരങ്ങളുമായി തമിഴ്നാട്, ഉത്തർപ്രദേശ്, ഹരിയാന ടീമുകളും തൊട്ടുപിന്നിലുണ്ട്. കേരളത്തിൽ ആദ്യമായി നടക്കുന്ന യൂത്ത് അത്ലറ്റിക് ചാമ്പ്യൻഷിപ്പ് മലപ്പുറം ജില്ലാ അത്ലറ്റിക് അസോസിയേഷനാണ് സംഘടിപ്പിക്കുന്നത്. അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ നൂറു ഒഫീഷ്യലുകളാണ് മത്സരങ്ങൾ നിയന്ത്രിക്കുക. ഡൽഹിയിൽ നിന്നുളള ഫോട്ടോ ഫിനിഷിംഗ് വിദഗ്ധസംഘവും ആന്റി ഡോപ്പിംഗ് സംഘവും മേളയിലുണ്ടാവും.


26ന് രാവിലെ 6.30ന് 3000 മീറ്റർ പുരുഷ, വനിതാ മത്സരങ്ങളോടെ ചാമ്പ്യൻഷിപ്പിന് തുടക്കമാവും. വൈകിട്ട് നാലിന് ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകൾ നടക്കും. അൽ അബീർ എഡ്യുസിറ്റിയാണ് പ്രധാന സ്പോൺസർ. മേളയുടെ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി സംഘാടക സമിതി ഭാരവാഹികളായ സക്കീർ ഹുസൈൻ, എസ്.കെ ഉണ്ണി, പി.ആർ. വേലായുധൻ കുട്ടി, പി.കെ. മുഹമ്മദാലി എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.