യുവേഫ പ്രസിഡന്റ് തെരഞ്ഞെടുപ്പ് സെപ്റ്റംബറിൽ
യുവേഫ പ്രസിഡന്റ് തെരഞ്ഞെടുപ്പ് സെപ്റ്റംബറിൽ
Friday, May 20, 2016 12:30 PM IST
<ആ>ജോസ് കുമ്പിളുവേലിൽ

ബെർലിൻ: യുവേഫയുടെ പുതിയ പ്രസിഡന്റിനെ സെപ്റ്റംബർ പതിന്നാലിനു തെരഞ്ഞെടുക്കും. ഫിഫ എത്തിക്സ് കമ്മറ്റിയുടെ വിലക്കിനെത്തുടർന്ന് പുറത്തായ മിഷേൽ പ്ലറ്റീനിയുടെ ഒഴിവ് നികത്താനാണ് ഇടക്കാല തെരഞ്ഞെടുപ്പ്.

2011ൽ രണ്ടു മില്യൺ യൂറോ കോഴയായി കൈപ്പറ്റിയെന്ന ആരോപണം തെളിഞ്ഞതിനെ തുടർന്നാണ് പ്ലറ്റീനിയുടെ സ്‌ഥാനം തെറിച്ചത്. അതേത്തുടർന്ന് ഫിഫയിൽ നിന്ന് എട്ടു വർഷത്തേക്ക് വിലക്കും ലഭിച്ചു. ഇതിനെതിരേ സ്പോർട്സ് ആർബിറ്റേഷൻ കോടതിയെ സമീപിച്ചെങ്കിലും ഈ മാസം ഒൻപതിന് വന്ന വിധി പ്ലറ്റീനിക്ക് എതിരായി.

ഡച്ച് ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് മിഷേൽ വാൻ പ്രാഗ് നാമനിർദേശ പത്രിക സമർപ്പിച്ചിട്ടുണ്ട്.


പോച്ചുഗൽ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ഫെർണാണ്ടോ ഗോമസും മത്സരിക്കാൻ തയാറായിക്കഴിഞ്ഞു. മറ്റു സ്‌ഥാനാർഥികൾ ആരൊക്കെയാകുമെന്ന് കാണാനിരിക്കുന്നതേയുള്ളൂ.

യുവേഫയ്ക്കു പ്രസിഡന്റില്ലാതെയാണ് ഇക്കുറി യൂറോകപ്പ് ഫുട്ബോൾ ടൂർണമെന്റ് നടക്കാൻ പോകുന്നത്. ജൂലൈ പത്തിനു ഫൈനൽ കഴിഞ്ഞ് ട്രോഫി സമ്മാനിക്കുക സീനിയർ വൈസ് പ്രസിഡന്റ് ഏഞ്ചൽ മരിയ വില്ലാർ ആയിരിക്കുമെന്നു തീരുമാനിച്ചിട്ടുണ്ട്.

ആഥൻസിൽ ചേരുന്ന യുവേഫയുടെ 55 അംഗ കോൺഗ്രസിലാവും പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുക. നാമനിർദേശം നൽകേണ്ട അവസാന തീയതി ജൂലൈ 20 ആണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.