ലോക ചാമ്പ്യന്മാർ യൂറോയിൽ ജർമനി
ലോക ചാമ്പ്യന്മാർ യൂറോയിൽ ജർമനി
Wednesday, May 18, 2016 11:52 AM IST
<ആ>ചാമ്പ്യന്മാർ: 1972, 1980, 1996
റണ്ണേഴ്സ് അപ്പ്: 1976, 1992, 2008

ലോകചാമ്പ്യൻമാരായ ജർമനിക്ക് ഇനി യൂറോപ്പിന്റെ ചാമ്പ്യനുമാകണം. ഫ്രാൻസിൽ നടക്കുന്ന ടൂർണമെന്റിൽ കിരീട സാധ്യത കൽപ്പിക്കുന്ന ടീമുകളിൽ പ്രധാനികളും ജർമനി തന്നെയാണ്. അമേരിക്കൻ ഭൂഖണ്ഡത്തിൽ യൂറോപ്യൻമാർ ലോക ചാമ്പ്യൻഷിപ്പ് ഉയർത്തില്ലെന്ന വാദം തെറ്റിച്ചുകൊണ്ട് ജർമനി ബ്രസീലിൽ നടന്ന 2014ലെ ലോകകപ്പ് ഉയർത്തി. 20 വർഷം മുമ്പാണ് ജർമനി യൂറോപ്യൻ ചാമ്പ്യന്മാരാകുന്നത്. ജർമൻ ഏകീകരണത്തിനുശേഷം നേടിയ ആദ്യ യൂറോ കിരീടമായിരുന്നു അത്.

ഇംഗ്ലണ്ടിൽ 1996ലെ യൂറോ കപ്പിൽ ചെക് റിപ്പബ്ലിക്കിനെ സഡൻ ഡെത്തിൽ പരാജയപ്പെടുത്തി യർഗൻ ക്ലിൻസ്മാന്റെ നേതൃത്വത്തിലുള്ള ടീം കിരീടമുയർത്തി. ചെക്കിനെ 2–1ന് തോൽപ്പിച്ച മത്സരത്തിൽ ജർമനി 95–ാം മിനിറ്റിൽ നേടിയ ഗോൾഡൻ ഗോൾ ഉൾപ്പെടെ രണ്ടു ഗോളും ഒളിവർ ബിയർഹോഫിന്റെ വകയായിരുന്നു. ഇതിനു മുമ്പ് നേടിയ രണ്ടു കിരീടവും ജർമനിയുടെ ഏകീകരണത്തിനു മുമ്പായിരുന്നു. 1972–ൽ ആദ്യമായി ഫ്രാൻസ് ബെക്കൻബോവറിന്റെ നേതൃത്വത്തിലുള്ള ടീം സോവിയറ്റ് യൂണിയനെ 3–0ന് പരാജയപ്പെടുത്തി ജേതാക്കളായി. രണ്ടു വർഷം കഴിഞ്ഞ് 1974–ലെ ലോകകപ്പിലും ബെക്കൻബോവറിന്റെ ടീം മുത്തമിട്ടു. 1980ൽ ഇറ്റലിയിൽ നടന്ന ടൂർണമെന്റിൽ പടിഞ്ഞാറൻ ജർമനി ചാമ്പ്യന്മാരായപ്പോൾ ബെർണാർഡ് ഡീറ്റസായിരുന്ന നായകൻ. ഫൈനലിൽ ബൽജിയത്തെ 2–1ന് കീഴടക്കി. 1982 ലോകകപ്പിൽ ഫൈനലിൽ ഇറ്റലിയോടു തോറ്റത് ജർമനിക്കു ലഭിക്കാമായിരുന്ന അപൂർവ റിക്കാർഡ് നഷ്‌ടമാക്കി. ആ ലോകകപ്പ് നേടിയിരുന്നെങ്കിൽ രണ്ടു പ്രാവശ്യം ലോകകപ്പും യൂറോ കപ്പും ആദ്യടീമെന്ന ഖ്യാതി ലഭിച്ചേനെ.

അതിനുശേഷം 1990 ൽ ഇറ്റലിയിൽ നടന്ന ലോകകപ്പ് ഫൈനലിൽ ജർമനി 1–0ന് അർജന്റീനയെ കീഴടക്കി. ജർമനിയുടെ ഏകീകരണത്തിനുശേഷം 1992ൽ സ്വീഡനിൽ നടന്ന യൂറോ കപ്പ് ഫൈനലിൽ ഡെൻമാർക്കിന്റെ അപ്രതീക്ഷിത മുന്നേറ്റത്തിനു മുന്നിൽ ജർമനി തകർന്നു. ഈ തോൽവി ജർമനിക്ക് ഒരിക്കൽക്കൂടി രണ്ടു കിരീടങ്ങളും നേടുന്ന ടീമെന്ന അപൂർവ ബഹുമതി നഷ്‌ടപ്പെടുത്തി. നാലു വർഷം കഴിഞ്ഞ് ഇംഗ്ലണ്ടിൽ നടന്ന യൂറോ കപ്പിൽ ജർമനി യൂറോ ചാമ്പ്യന്മാരായി യൂറോയിൽ മൂന്നാം കിരീടം സ്വന്തമാക്കി.

നിലവിലെ ചാമ്പ്യന്മാരെന്ന പേരിൽ 2000ലെ യൂറോ കപ്പിലെത്തിയ ജർമനി ഒരു ജയം പോലും നേടാതെ ഗ്രൂപ്പിൽ അവസാന സ്‌ഥാനക്കായി പുറത്തായി. 2004ലും ജർമനിയുടെ സ്‌ഥിതി മെച്ചപ്പെട്ടില്ല. ജയമില്ലാതെ പുറത്ത് ഇത്തവണ മൂന്നാം സ്‌ഥാനത്തെത്തിയെന്നുമാത്രം. 2008ൽ ജർമനി ശക്‌തമായി തിരിച്ചുവന്നു.

ഗ്രൂപ്പിൽ ജയത്തോടെ തുടങ്ങിയ ജർമനി രണ്ടാം മത്സരത്തിൽ ക്രൊയേഷ്യയോടു തോറ്റു. ഗ്രൂപ്പിലെ അവസാന മത്സരവും ജയിച്ച ജർമനി ക്വാർട്ടറിലെത്തി. ക്വാർട്ടറിലും സെമിയിലും മികച്ച പ്രകടനം നടത്തി ഫൈനലിലെത്തിയ ജർമനിയുടെ എതിരാളികൾ സ്പെയിനായിരുന്നു. സ്പെയിന്റെ പാസിംഗ് ഗെയിമിനു മുന്നിൽ പതറിയ ജർമനി കിരീടം അടിയറവു വച്ചു. 2012ൽ ജർമനി തുടർവിജയങ്ങളുമായി സെമി വരെയെത്തി. എന്നാൽ സെമിയിൽ ഇറ്റലിക്കു മുന്നിൽ വീണു. 2014ൽ ബ്രസീൽ ആതിഥേയത്വം വഹിച്ച ലോകകപ്പിൽ ഏറ്റവും മികച്ച പ്രകടനത്തോടെ ജർമനി ലോക കിരീടം ചൂടി. ഈ ലോകകിരീടം നേടിയ ആവേശം യൂറോയിലും തുടരാനാണ് ജർമൻ ടീം ഫ്രാൻസിലിറങ്ങുക. ഗ്രൂപ്പ് സിയിൽ ജർമനിക്കൊപ്പം ഉക്രെയിൻ, പോളണ്ട്, നോർത്തേൺ അയർലൻഡ് എന്നിവരാണുള്ളത്. യൂറോയിലേക്കുള്ള യോഗ്യത മത്സരങ്ങളിൽ രണ്ടു തോൽവി നേരിട്ടു. പത്തിൽ ഏഴും ജയിച്ച് ഗ്രൂപ്പിൽ ഒന്നാം സ്‌ഥാനക്കാരായാണ് ജർമനി യോഗ്യത നേടിയത്. ജൂൺ പതിമൂന്നിന് യുക്രെയിനെതിരെയുള്ള മത്സരത്തോടെയാണ് ജർമനി യൂറോ കപ്പിനു തുടക്കമിടുന്നത്.

<ആ>കിരീടം നിലനിർത്താൻ സ്പെയിൻ സ്പെയിൻ


<ആ>ചാമ്പ്യന്മാർ: 1964, 2008, 2012
റണ്ണേഴ്സ് അപ്പ്: 1984

യൂറോ കപ്പ് തുടർച്ചയായി മൂന്നാം തവണയും സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്പെയിൻ ഫ്രാൻസിലെത്തുന്നത്. ടിക്കിടാക്ക എന്ന വ്യത്യസ്തമായ പാസിംഗ് ഗെയിം കൊണ്ട് കളത്തിൽ വല നെയ്യുന്ന ശൈലിയായിരുന്ന സ്പെയിന്റെ പ്രത്യേകത. ഓസ്ട്രിയയും സ്വിറ്റ്സർലൻഡും സംയുക്‌തമായി ആതിഥേയത്വം വഹിച്ച 2008ലെ യൂറോ കപ്പിൽ ജർമനിയെ തകർത്ത സ്പെയിൻ നീണ്ട നാല്പത്തിനാലു വർഷത്തെ കാത്തിരിപ്പിനുശേഷം യൂറോപ്പിന്റെ ചാമ്പ്യന്മാരായി. 1964ൽ ആദ്യമായി യൂറോ കപ്പിൽ മുത്തമിട്ട സ്പെയിൻ 1984ൽ ഫൈനലിലെത്തിയെങ്കിലും ഫ്രാൻസിനു മുന്നിൽ തകർന്നു. അതിനുശേഷം നടന്ന പല ടൂർണമെന്റുകളിലും ക്വാർട്ടർ ഫൈനലിൽ സ്പെയിനിന്റെ മുന്നേറ്റം അവസാനിച്ചു. ഫൈനലിൽ ജർമനിയുടെ ശക്‌തമായ മത്സരത്തോടെയാണ് ഫൈനൽ പോരാട്ടം തുടങ്ങിയത്. എന്നാൽ മുപ്പത്തിമൂന്നാം മിനിറ്റിലെ ഫെർണാണ്ടോ ടോറസിന്റെ ഗോൾ വിജയം സ്പെയിനു നൽകി. 1964ൽ സ്വന്തം രാജ്യത്തു നടന്ന യൂറോ കപ്പിൽ കഴിഞ്ഞ തവണത്തെ (1960) ചാമ്പ്യന്മാരായ യുഎസ്എസ്ആറിനെ (2–1)ന് കീഴടക്കിയാണ് സ്പെയിൻ ആദ്യ യൂറോ കിരീടം ഉയർത്തുന്നത്.

2010ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ലോകകപ്പിൽ കിരീടമുയർത്തിക്കൊണ്ട് യൂറോയിലെ മികവ് ആവർത്തിച്ചു. 2012ൽ പോളണ്ടും യുക്രെയിനും സംയുക്‌തമായി യൂറോകപ്പിനു വേദിയൊരുക്കി. അപ്പോഴും സ്പെയിൻ ഫേവറിറ്റുകളായിരുന്നു. സ്പെയിന്റെ കുതിപ്പ് തടയാൻ ആരെങ്കിലും ഉണ്ടാകുമോ എന്നറിയാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു. എന്നാൽ തോൽവി അറിയാതെ സ്പെയിൻ ഫൈനലിലെത്തി. ഫൈനലിൽ കാത്തിരുന്നത് സ്പെയിനൊപ്പം ഒരേ ഗ്രൂപ്പിലുണ്ടായിരുന്ന ഇറ്റലി. ഇവർ തമ്മിലുള്ള ഗ്രൂപ്പ് പോര് സമനിലയായിരുന്നു. അതുകൊണ്ട് ആര് ചാമ്പ്യനാകുമെന്ന് തീർച്ചപ്പെടുത്താനാവില്ലായിരുന്നു. എന്നാലും സ്പെയിനു തന്നെയായിരുന്നു സാധ്യത കല്പിച്ചത്. ഫൈനലിൽ ഇറ്റലിയെ സ്പെയിൻ തീർത്തും തകർത്തുകളഞ്ഞു. ജിയാൻലുജി ബഫൺ എന്ന മികച്ച ഗോളിയെ കടന്ന് നാലു തവണ പന്ത് വലയിൽ കയറി. ഡേവിഡ് സിൽവ, ജോർഡി ആൽബ, ഫെർണാണ്ടോ ടോറസ്, യുവാൻ മാട്ട എന്നിവരാണ് ഗോൾ നേടിയത്. സ്പെയിനു തുടർച്ചയായ മൂന്നു കിരീടങ്ങൾ. 2014ലെ ലോകകപ്പിൽ സ്പെയിൻ ഈ മികവ് ആവർത്തിക്കുമോ എന്നു കാണാൻ ആരാധകർ കാത്തിരുന്നു. എന്നാൽ ഗ്രൂപ്പ് ഘട്ടത്തിൽ സ്പെയിൻ നാണംകെട്ടു പുറത്തായി. ഈ നാണക്കേടിൽനിന്നു മോചനം ലഭിക്കണമെങ്കിൽ ലാ റോഹ എന്ന അപരനാമമുള്ള സ്പെയിനു ഫ്രാൻസിൽ കിരീടമുയർത്തിയേപറ്റു.

യൂറോ കപ്പിനു ഒരു ചാമ്പ്യൻ ടീമെന്ന നിലയിലാണ് സ്‌ഥാനം നേടിയത്. യോഗ്യത മത്സരങ്ങളിൽ പത്തിൽ ഒമ്പതു കളിയും ജയിച്ച സ്പെയിൻ സ്ലോവാക്യയോടു മാത്രം തോറ്റു. ഗ്രൂപ്പിൽ ഒന്നാം സ്‌ഥാനക്കാരായി ഫ്രാൻസിലേക്കുള്ള ടിക്കറ്റ് നേടി. സ്പാനിഷ് ലീഗിലെ പ്രധാന ടീമുകളായ ബാഴ്സലോണ, റയൽ മാഡ്രിഡ് താരങ്ങളാണ് ഇപ്രാവശ്യവും സ്പാനിഷ് ടീമിന്റെ കരുത്ത്. രണ്ടു ക്ലബ്ബിൽനിന്നും അഞ്ചു പേരെ വീതം പരിശീലകൻ വിതെന്റെ ഡെൽ ബോസ്ക് സാധ്യതാ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ടു യൂറോ കപ്പിലും സ്പെയിനിന്റെ വിജയത്തിന് ഒരു ഗോൾ വീതം നൽകിയിട്ടുള്ള ടോറസ് ഇത്തവണ ടീമിൽ ഇടംനേടിയിട്ടില്ല. യുവാൻ മാട്ടയ്ക്കും ടീമിൽ സ്‌ഥാനംപിടിക്കാനായില്ല. അത്ലറ്റിക്കോ മാഡ്രിഡിനുവേണ്ടി ഈ സീസണിൽ മികച്ച പ്രകടനം നടത്തിയ മധ്യനിരതാരങ്ങളായ കൊക്കെ, സൗൾ നിഗ്വെസ് ടീമിൽ ഇടംപിടിച്ചു. ചെക്ക് റിപ്പബ്ലിക്, തുർക്കി, ക്രൊയേഷ്യ എന്നിവരാണ സ്പെയിൻ ഉൾപ്പെടുന്ന ഗ്രൂപ്പ് ഡിയിൽ. ജൂൺ പതിമൂന്നിന് ചെക് റിപ്പബ്ലിക്കിനെ നേരിട്ടുകൊണ്ട് സ്പെയിൻ യൂറോയ്ക്കു തുടക്കമിടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.