നിർവൃതിയിൽ നരിക്കൂട്ടം
നിർവൃതിയിൽ നരിക്കൂട്ടം
Tuesday, May 3, 2016 12:45 PM IST
ലണ്ടൻ: ഫുട്ബോൾ എത്രത്തോളം മനോഹരമാണ് എന്ന് വീണ്ടും തെളിയുകയാണ്. ഫുട്ബോൾകഥകളിലെ നിറംപിടിപ്പിച്ച മനോഹര ഏടുകൾ വായിക്കുമ്പോൾ ഇനി ഈ നരിക്കൂട്ടത്തിന്റെ കഥ വർണപ്പൊലിമയോടെ തിളങ്ങും. അതെ, ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ ആകാശത്ത് നീലനിറം വാരിവിതറി പുതുചരിത്രമെഴുതിയ ലീസ്റ്റർ സിറ്റി ചാമ്പ്യന്മാരായി. കിംഗ് പവർ സ്റ്റേഡിയത്തിൽ നരികളുടെ ഓരിയിടൽ പ്രകമ്പനം കൊണ്ടു.

സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ടോട്ടനം ഹോട്സ്പറിനെതിരേ 83–ാം മിനിറ്റിൽ സൂപ്പർ താരം എഡൻ ഹസാർഡിന്റെ മാന്ത്രിക ബൂട്ടുകൾ ഗോളടിച്ചപ്പോൾ ചെൽസിയേക്കാൾ സന്തോഷിച്ചത് നരിക്കൂട്ടമായിരുന്നു. കാരണം 132 വർഷത്തിന്റെ കാത്തിരിപ്പ് അവസാനിപ്പിക്കാൻ നിമിത്തമായത് ഹസാർഡിന്റെ ബൂട്ടുകളായിരുന്നു. പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ മുന്നിലുള്ള ലീസ്റ്ററിനു വിജയമുറപ്പിക്കാൻ രണ്ടാം സ്‌ഥാനത്തുള്ള ടോട്ടനത്തെ ചെൽസി തോൽപ്പിക്കുകയോ സമനിലയിൽ കുടുക്കുകയോ ചെയ്യണമായിരുന്നു. രണ്ടു ഗോളുകൾക്കു പിന്നിൽനിന്ന ചെൽസി ഒടുവിൽ രണ്ടു ഗോൾ തിരിച്ചടിച്ച് മത്സരം സമനിലയിലാക്കി. രണ്ടു മത്സരങ്ങൾ ശേഷിക്കെയാണ് ലീസ്റ്റർ കിരീടം നേടിയത്. ഇനിയുള്ള രണ്ടു മത്സരങ്ങൾ ജയിച്ചാലും ടോട്ടനത്തിന് ലീസ്റ്ററിനെ മറികടക്കാനാവില്ല. ഇതാദ്യമായാണ് ലീസ്റ്റർ സിറ്റി പ്രീമിയർ ലീഗ് കിരീടം നേടുന്നത്. സീസണിന്റെ തുടക്കത്തിൽ ലീസ്റ്ററിനു കൽപ്പിച്ചിരുന്നത് അയ്യായിരത്തിൽ ഒന്നു സാധ്യത മാത്രമാണ്.

132 വർഷം പ്രായമുള്ള ക്ലബിന്റെ ആദ്യ പ്രീമിയർ ലീഗ് കിരീടമാണിത്. എന്നുമാത്രമല്ല. പ്രധാനപ്പെട്ട ഒരു കിരീടവും ചൂടാത്ത ടീമാണ് ലീസ്റ്റർ. ലീഗിൽ കിരീടം നേടുന്ന ആറാമത്തെ ടീമെന്ന ബഹുമതിയാണ് ലീസ്റ്ററിനു ലഭിച്ചിരിക്കുന്നത്. 36 കളികളിൽ നിന്ന് ലീസ്റ്റർ 77 പോയിന്റുമായി ഒന്നാം സ്‌ഥാനത്താണ്. 36 മത്സരങ്ങളിൽ നിന്ന് 70 പോയിന്റു മാത്രമാണ് രണ്ടാം സ്‌ഥാനത്തുള്ള ടോട്ടനത്തിനുള്ളത്. ഇനിയുള്ള രണ്ടു മത്സരങ്ങൾ ജയിച്ചാലും 76 പോയിന്റേ അവർക്കു നേടാനാകൂ.

ഞായറാഴ്ച മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള മത്സരം 1–1ന് സമനിലയിൽ പിരിഞ്ഞതോടെയാണ് ടോട്ടനം–ചെൽസി മത്സരഫലത്തിനായി ലീസ്റ്റർ കാത്തിരുന്നത്. ചെൽസിക്കു വേണ്ടി ഹസാർഡിനൊപ്പം ഗാരി കാഹിലും (58) ഗോൾ നേടിയപ്പോൾ ടോട്ടനത്തിന്റെ സ്കോറർമാർ ഹാരി കെയ്നും(35) സോൻ ഹുയേംഗ് മിന്നുമായിരുന്നു(44).
വെറും 300 കോടി രൂപയ്ക്കു തട്ടിക്കൂട്ടിയ ടീമുമായി പ്രീമിയർ ലീഗിലിറങ്ങിയ റെനേരിയയുടെ ടീമിന്റെ കുതിപ്പ് അപ്രതീക്ഷിതമായിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുൻനിര താരം യുവാൻ മാട്ടയുടെ പ്രതിഫലം പോലും റെനേരിയയുടെ ടീമിന്റെ വിലയേക്കാൾ കൂടുതലാണ്. ലീസ്റ്റർ സിറ്റി ഇതുവരെയും ഫസ്റ്റ് ഡിവിഷൻ കിരീടങ്ങളൊന്നും നേടിയിട്ടില്ല.


പ്രീമിയർ ലീഗ് കിരീടത്തിൽ കണ്ണുവച്ച ടോട്ടനത്തിന് ഇതു വലിയ നഷ്‌ടമാണ്. 1961നു ശേഷം ആദ്യമായി പ്രീമിയർ ലീഗ് കിരീടം കൊതിച്ച ടോട്ടനത്തിനു കപ്പിനും ചുണ്ടിനുമിടയിൽ അതു നഷ്‌ടമായി.

<ആ>ലീസ്റ്റർ ചെറിയ മീനല്ല

മാഞ്ചസ്റ്റർ യുണൈറ്റഡ്, സിറ്റി, ആഴ്സണൽ, ചെൽസി... ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തലയെടുപ്പുള്ള കൊമ്പന്മാർ നിരവധി. ഇവരുടെ കൂട്ടത്തിൽ ലീസ്റ്റർ സിറ്റി എന്നൊരു ടീം 132 വർഷത്തിന്റെ നിറമില്ലാത്ത പാരമ്പര്യവുമായി ചുറ്റിത്തിരിയുന്നുണ്ടായിരുന്നു. അവർക്ക് കിരീടം നേടാനാകുമെന്നു വിശ്വസിച്ചവർ 5000ൽ ഒരാൾ മാത്രമായിരുന്നു. എന്നാൽ, ചരിത്രം കാതോർക്കുകയായിരുന്നു ലീസ്റ്ററിന്റെ കുളമ്പടിക്കായി. 2004ൽ പ്രീമിയർ ലീഗ് കളിക്കാൻ യോഗ്യത നേടിയ ലീസ്റ്റർ പിന്നീട് അതു സ്വന്തമാക്കുന്നത് 2014ലായിരുന്നു. എന്നാൽ, അവരുടെ പ്രീമിയർ ലീഗ് പ്രവേശനം ഞെട്ടിപ്പിക്കുന്ന ചില വിജയങ്ങളോടെയായിരുന്നു. അതിലൊന്നാണ് ആ സീസണിൽ മാഞ്ചസ്റ്റർ യൂണൈറ്റഡിനെ പിന്നിട്ടു നിന്ന ശേഷം 5–3നു പരാജയപ്പെടുത്തിയത്. 14–ാം സ്‌ഥാനത്തായായിരുന്നു അന്ന് ലീസ്റ്റർ ഫിനിഷ് ചെയ്തത്. എന്നാൽ, 2015ൽ ലീസ്റ്റർ എത്തുന്നത് ചിലതൊക്കെ മനസിൽകണ്ടുകൊണ്ടാണ്. വലിയ മീനുകളെ വലയിലാക്കാതെ ഉള്ളതുകൊണ്ട് ഓണം പോലെ, അതായിരുന്നു ടീം മാനേജ്മെന്റിന്റെ സമീപനവും. അവരെ പറഞ്ഞിട്ടും കാര്യമില്ല, വൻകിട ടീമുകളുടെ ഉടമകളേപ്പോലെ പണം വാരിയെറിയാനുള്ള കഴിവ് ക്ലബ്ബിനില്ലായിരുന്നു. റാനിയേരിയെന്ന പരിശീലകന്റെ മിടുക്കും ഒത്തിണക്കത്തോടെ കളിക്കുന്ന 23 കളിക്കാരും, പിന്തുണ നൽകുന്ന നിഷ്കളങ്കരായ ആരാധകരും, ഇതായിരുന്നു ലീസ്റ്ററിന്റെ കരുത്ത്. 2014ലെ അതേ ടീമിനെയാണ് ലീസ്റ്റർ നിലനിർത്തിയത്. പുതിയ സീസണിലും ഇവരെ ആരെയും വിട്ടുകൊടുക്കുന്നില്ലെന്നും റനിയേരി വ്യക്‌തമാക്കിയിട്ടുണ്ട്.

വൈസ് മോർഗനും ജെയ്മി വാർഡിയും മെഹ്റസും ലിയനാർഡോ ഉല്ലയും ഡ്രിങ്ക് വാട്ടറുമൊക്കെ അക്ഷീണം പരിശ്രമിച്ചു സ്വന്തമാക്കിയ വിജയത്തിന്റെ ആരവം ഇനിയും അവസാനിച്ചിട്ടില്ല.

67 ഗോളുകൾ എതിർവലയിൽ നിക്ഷേപിച്ച ലീസ്റ്റർ വഴങ്ങിയത് 34 മാത്രമാണ്. 36 മത്സരങ്ങളിൽ മൂന്നിൽ മാത്രം പരാജയപ്പെട്ടപ്പോൾ 22 വിജയവും 11 സമനിലയും കിരീടനേട്ടത്തിലേക്ക് ലീസ്റ്ററെ കൈപിടിച്ചു നടത്തി. ഇംഗ്ലണ്ടിലെ ഏറ്റവും പോപ്പുലറായ മനുഷ്യനായി ഇതിനോടകം റാനിയേരി മാറി എന്നതാണു സത്യം. അതുപോലെ ലീസ്റ്ററിന്റെ ഹോം ഗ്രൗണ്ടായ കിംഗ് പവർ സ്റ്റേഡിയവും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.