ലീസ്റ്ററിനു സമനില
ലീസ്റ്ററിനു സമനില
Monday, May 2, 2016 12:22 PM IST
മാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിച്ച് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യന്മാരാകാമെന്ന ലീസ്റ്റർ സിറ്റിയുടെ മോഹം സമനിലയിൽ അവസാനിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഓൾഡ് ട്രാഫോർഡിൽ നടന്ന മത്സരം ഇരുടീമുകളും ഓരോ ഗോളടിച്ചു പിരിഞ്ഞു. യുണൈറ്റഡിനുവേണ്ടി ആന്റോണി മാർഷലും (8) ലീസ്റ്ററിനുവേണ്ടി വെസ് മോർഗനും (17) ഗോൾ നേടി. മാഞ്ചസ്റ്ററിനെ തോൽപ്പിച്ചിരുന്നെങ്കിൽ ലീസ്റ്റർ ലീഗ് കിരീടം സ്വന്തമാക്കിയേനെ. 36 കളിയിൽ ലീസ്റ്റർ 77 പോയിന്റുമായി ഒന്നാം സ്‌ഥാനത്തുതന്നെയാണ്. 35 കളിയിൽ 60 പോയിന്റുള്ള യുണൈറ്റഡ് അഞ്ചാം സ്‌ഥാനത്താണ്. യുണൈറ്റഡ് ജയിച്ചിരുന്നെങ്കിൽ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾ സജീവമാക്കാമായിരുന്നു. 69 പോയിന്റുള്ള ടോട്ടനം ഹോട്സ്പർ തന്നെയാണ് രണ്ടാം സ്‌ഥാനത്ത്. പന്തടക്കത്തിൽ 71 ശതമാനവും യുണൈറ്റഡിനായിരുന്നു. ഷോട്ടുകളുടെ എണ്ണത്തിലും വലയിലേക്കു തൊടുത്ത ഷോട്ടുകളഉടെ എണ്ണത്തിലും ചുവന്ന ചെകുത്താന്മാരായിരുന്നു മുന്നിൽ. ചെൽസി– ടോട്ടനം മത്സരത്തിന്റെ ഫലം ലീസ്റ്ററിന്റെ കിരീടത്തെ സ്വാധീനിക്കും. ടോട്ടനത്തിനു സമനിലയോ തോൽവിയോ നേരിട്ടാൽ കിരീടം ലീസ്റ്ററിന് കിട്ടും.

ആന്റോണി മാർഷലിന്റെ ഗോളിൽ മുന്നിലെത്തിയ യുണൈറ്റഡിനെ ലീസ്റ്റർ നായകൻ വെസ് മോർഗന്റെ ഗോളിലൂടെ മറുപടി നൽകി. 86ാം മിനിറ്റിൽ ലീസ്റ്റർ താരം ഡാനിയൽ ഡ്രിങ്ക്വാട്ടർ രണ്ടാം മഞ്ഞക്കാർഡും വാങ്ങി പുറത്തുപോയത് ലീസ്റ്ററിന് അവസാന മിനിറ്റുകളിൽ സമ്മർദമുണ്ടാക്കി. ഇതേത്തുടർന്ന് യുണൈറ്റഡ് തുടർച്ചയായി സന്ദർശകരുടെ ഗോൾമുഖത്ത് ഇരച്ചുകയറിയെങ്കിലും വിജയ ഗോൾ നേടാനായില്ല. മെംഫിസ് ഡിപെയെ പൊനാൽറ്റി ഏരിയയുടെ പുറത്തുവച്ച് വീഴ്ത്തിയതിനായിരുന്നു ഡ്രിങ്ക്വാട്ടർ മാർച്ചിംഗ് ഓർഡർ കിട്ടി പോയത്.

മത്സരത്തിന്റെ തുടക്കം മുതലേ യുണൈറ്റഡിനായിരുന്നു ആധിപത്യം. എട്ടാം മിനിറ്റിൽ പ്രതിരോധക്കാരെ വെട്ടിച്ചു പുറത്തു കടന്ന മാർഷൽ, ആന്റോണിയോ വാലൻസിയയുടെ ക്രോസിൽ വല കുലുക്കി. കഴിഞ്ഞ എട്ട് കളിയിൽ ലീസ്റ്ററിന്റെ വലയിലെത്തുന്ന മൂന്നാം ഗോളായിരുന്നു അത്. ഇതിനു മറുപടി ഡ്രിങ്ക്വാട്ടറിന്റെ ഫ്രീകിക്ക് ഹെഡ് ചെയ്തു വല കുലുക്കി ലീസ്റ്റർ നായകൻ മോർഗൻ മറുപടി നൽകി. രണ്ടാം പകുതിയുടെ തുടക്കത്തിൽ ലീസ്റ്റർ ഷിൻജി ഒകാസാകി, വെസ് മോർഗൻ, ലിയനാർഡോ ഉല്ലോവ എന്നിവരിലൂടെ യുണൈറ്റഡ് ഗോൾ മുഖത്തെത്തിയെങ്കിലും ഗോളൊന്നും നേടാനായില്ല. രണ്ടാം പകുതിയിലും യുണൈറ്റഡിനായിരുന്നു ആക്രമണത്തിനു മുന്നിൽ.


<ആ>മാഞ്ചസ്റ്റർ സിറ്റിക്കും ലിവർപൂളിനും തോൽവി

പ്രീമിയർ ലീഗിലെ കരുത്തരായ മാഞ്ചസ്റ്റർ സിറ്റിക്കും ലിവർപൂളിനും നാണംകെട്ട തോൽവി. ഇരുകൂട്ടരും തോറ്റത് എവേ ഗ്രൗണ്ടുകളിലും. സതാംപ്ടണിന്റെ ദി ഫ്രണ്ട്സ് പ്രോവിഡന്റ് സെന്റ് മേരീസ് സ്റ്റേഡിയത്തിൽ മാഞ്ചസ്റ്റർ സിറ്റി 4–2ന് തകർന്നു. സതാംപ്ടണിന്റെ സൈദോ മാനോ ഹാട്രിക് ഗോളാണ് മികച്ച ജയമൊരുക്കിയത്. 28, 57, 68 മിനിറ്റുകളിലായിരുന്നു ഗോളുകൾ. ഷെയ്ൻ ലോംഗ് (25) സതാംപ്ടണിന്റെ മറ്റൊരു ഗോളുടമ. സിറ്റിക്കുവേണ്ടി കെലിച്ചി ഇഹെനാച്ചോ രണ്ടു തവണ വലകുലുക്കി. 44, 78 മിനിറ്റുകളിലാണ് ഇഹെനാച്ചോയുടെ ഗോളുകൾ.

സ്വാൻസി സിറ്റിയുടെ ലിബർട്ടി സ്റ്റേഡിയത്തിൽ ലിവർപൂളിനു 3–1ന്റെ നാണംകെട്ട തോൽവി. ഇരട്ട ഗോൾ നേടിയ ആന്ദ്രെ അയേവ ആണ് (20, 67) സ്വാൻസിക്ക് മികച്ച ജയമൊരുക്കിയത്. സ്വാൻസിയുടെ ഒരു ഗോൾ ജാക് കോർക് (33) വകയായിരുന്നു. ക്രിസ്റ്റ്യൻ ബെന്റക് (65) ആണ് ലിവർപൂളിന്റെ ആശ്വാസ ഗോളിനുടമ. ലിവർപൂൾ എട്ടാം സ്‌ഥാനത്തും സ്വാൻസി പതിമ്മൂന്നാം സ്‌ഥാനത്തുമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.