ഒളിമ്പിക് ദീപശിഖ അടുത്തയാഴ്ച ബ്രസീലിൽ; വിവാദം കത്തുന്നു
ഒളിമ്പിക് ദീപശിഖ അടുത്തയാഴ്ച ബ്രസീലിൽ; വിവാദം കത്തുന്നു
Monday, May 2, 2016 12:22 PM IST
റിയോ ഡി ഷാനെറോ: ഒളിമ്പിക് ദീപം അടുത്തയാഴ്ച ബ്രസീലിലെത്താനിരിക്കേ വിവാദങ്ങളും കൊടുംപിരികൊള്ളുന്നു. ഒളിമ്പിക്സിനു രാജ്യം ഒരുങ്ങിയോ എന്ന ചോദ്യങ്ങൾ നിലനിൽക്കെ തന്നെ, തൊഴിൽ ചൂഷണവും മറ്റും ബ്രസീലിൽ നടക്കുന്നു എന്നാണ് പുതിയ വിവരം. അതിന്റെ ഫലമായി നിരവധി ജോലിക്കാരുടെ ജീവനും നഷ്‌ടപ്പെട്ടതായാണ് ഞെട്ടിക്കുന്ന വിവരം. ഒളിമ്പിക്സുമായി ബന്ധപ്പെട്ട വിവിധ നിർമാണ പ്രവർത്തനങ്ങൾക്കിടെ, 2013നും 2016നും ഇടയ്ക്ക് 11 പേരുടെ ജീവൻ നഷ്‌ടപ്പെട്ടതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഒളിമ്പിക് വേദിയിലേക്കുള്ള മെട്രോ നിർമാണത്തിനിടെ, മൂന്നു പേർ കൊല്ലപ്പെട്ടു. സമയമായപ്പോൾ ഓവർ ടൈം ജോലി ചെയ്തതുകൊണ്ടാണ് ഇത്തരത്തിൽ തൊഴിലാളികൾക്കു ജീവൻ നഷ്‌ടപ്പെട്ടതെന്നാണ് പരക്കേയുള്ള വിമർശനം. ഒളിമ്പിക് പാർക്കിൽ വൈദ്യുതാഘാതമേറ്റ് രണ്ടു ജീവനുകൾ പൊലിഞ്ഞു. കൂടാതെ പുതിയതായി നിർമിച്ച സൈക്കിൾ ട്രാക്ക് പാലം തകർന്ന് രണ്ടു സൈക്ലിംഗ് താരങ്ങൾ മരിച്ചു. ഒളിമ്പിക് വേദികളുടെ നിർമാണപ്രവർത്തനങ്ങളും മറ്റുമായി ഇക്കാലയളവിൽ 317 പേർ കൊല്ലപ്പെട്ടതായാണ് ആംനെസ്റ്റിയുടെ വിലയിരുത്തൽ.


സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലിരിക്കേ ഇത്തരത്തിലൊരു മാമാങ്കം ആവശ്യമില്ലായിരുന്നു എന്ന നിലപാടിലാണ് ഭൂരിഭാഗം ജനങ്ങളും. ശരിയായ ഗതാഗത സംവിധാനങ്ങൾ പോലും തയാറായിട്ടില്ലെന്നും ആരോപണമുണ്ട്. ഒളിമ്പിക് പാർക്കിന്റെ നിർമാണപ്രവർത്തനങ്ങൾ ഏറെക്കുറെ പൂർത്തിയായിട്ടുണ്ട്. അതിനിടെ, അടുത്തയാഴ്ച ബ്രസീലിലെത്തുന്ന ഒളിമ്പിക് ദീപശിഖ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിക്കും. 20000 കിലോമീറ്റർ റോഡ് മുഖാന്തിരവും 10000 മൈലുകൾ വിമാനത്തിലും ദീപശിഖ സഞ്ചരിക്കും. പന്തീരായിരത്തിലേറെ പേർ ദീപശിഖ റാലിയിൽ പങ്കാളികളാകും. ടിക്കറ്റ് വില്പന മന്ദഗതിയിലാണ്. 75 ലക്ഷം ടിക്കറ്റുകളിൽ 60 ശതമാനമേ ഇതുവരെ വിറ്റിട്ടുള്ളൂ. അതിനിടെ, സിക വൈറസിന്റെ ഭീതിയും ബ്രസീലിലുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.