ഉത്തേജക ഉപയോഗം: ഇന്ത്യ മൂന്നാമത്
Thursday, April 28, 2016 2:12 PM IST
ന്യൂഡൽഹി: ഇന്ത്യൻ കായികരംഗത്തിനു വലിയ നാണക്കേടു സമ്മാനിച്ച് ലോക ഉത്തേജക മരുന്നു വിരുദ്ധ ഏജൻസിയുടെ(വാഡ) റിപ്പോർട്ട്. ഉത്തേജക ഉപയോഗനിയമങ്ങൾ ലംഘിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ മൂന്നാംസ്‌ഥാനത്തെന്നാണ് വാഡയുടെ നിഗമനം. 2014ലെ കണക്ക് അടിസ്‌ഥാനപ്പെടുത്തിയാണ് റിപ്പോർട്ട്. ഇതുപ്രകാരം 96 കേസുകളാണ് ഇന്ത്യയിൽ രജിസ്റ്റർ ചെയ്തത്. ഒന്നാം സ്‌ഥാനത്ത് 196 കേസുകളുമായി റഷ്യയും രണ്ടാം സ്‌ഥാനത്ത് 123 കേസുകളുള്ള ഇറ്റലിയുമാണ്. ബൽജിയം 93, ഫ്രാൻസ് 91, തുർക്കി 73, ഓസ്ട്രേലിയ 49, ചൈന 49, ബ്രസീൽ 46, ദക്ഷിണ കൊറിയ 43 എന്നിങ്ങനെയാണ് വിവിധ രാജ്യങ്ങളിൽ 2014ലെ കണക്കെടുപ്പു പ്രകാരം റിപ്പോർട്ട് ചെയ്ത കേസുകൾ.

രണ്ടു വട്ടം ഉത്തേജക മരുന്നു പരിശോധനയ്ക്കു ഹാജരായവരിൽനിന്നുള്ള ഫലമാണ് 96 പേർക്ക് എതിരായത്. നാലു പേർ ആദ്യവട്ട പരിശോധന കഴിഞ്ഞു മുങ്ങിയത്രേ. 79 പേരും മത്സരത്തിനിടെ നടത്തിയ പരിശോധനയിലാണ് പിടിക്കപ്പെട്ടത്. ഇതിൽ 56 പേർ പുരുഷന്മാരും 23 പേർ വനിതകള–മാണ്. ബാക്കിയുള്ള 13 പേർ പിടിക്കപ്പെട്ടത് മറ്റു സമയങ്ങളിലെ പരിശോധനയെത്തുടർന്നാണ്. കഴിഞ്ഞ കുറേ വർഷമായാണ് ഇന്ത്യയിൽ ഇത്രയധികം ഉത്തേജകമരുന്നുപയോഗം നടക്കുന്നത്.


ഉത്തേജക മരുന്നുപയോഗം ഏറ്റവും കൂടുതൽ നടന്നത് അത്ലറ്റിക്സിലാണ്. 29 പേർ പിടിക്കപ്പെട്ടു. 22 പേർ ഭാരോദ്വഹനത്തിലും പോസിറ്റീവായി. ബാസ്കറ്റ്ബോൾ(3), തായ്ക്വാൻഡോ(3), ഗുസ്തി(3) വുഷു(3) ബോക്സിംഗ്(2) കാനോയിംഗ് /കയാക്കിംഗ്(1), ഷൂട്ടിംഗ്(1) സോഫ്റ്റ് ടെന്നീസ്(1) എന്നിങ്ങനെയാണ് മറ്റ് ഇനങ്ങളിൽ പിടിക്കപ്പെട്ടത്. എന്നാൽ, യൂണിവേഴ്സിറ്റി, സർക്കാർ തല മത്സരങ്ങളിൽവച്ചു പിടിക്കപ്പെട്ട സംഭവങ്ങളാണ് ഇതിലെ ഭൂരിഭാഗവും എന്നാണ് അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ന്യായീകരണം.

2014ൽ 4340 സാമ്പിളുകളാണ് പരിശോധനയ്ക്കു വിധേയമാക്കയത്. ലോകമെമ്പാടുമായി 2,17,762 സാമ്പിളുകൾ പരിശോധന നടത്തി. വാഡയുടെ അംഗീകാരമുള്ള ലാബുളിലാണ് പരിശോധന നടത്തിയത്. ഇതിൽ 2287 സാമ്പിളുകൾ പോസിറ്റീവായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.